റോഡ് നിര്‍മ്മാണം വൈകി; നിയമസഭയില്‍ ബനിയനും ട്രൗസറും മാത്രം ധരിച്ചെത്തി എംഎല്‍എയുടെ പ്രതിഷേധ പ്രകടനം

നിയമസഭയിലെത്തിയ എംഎല്‍എ ബിനായ് ബിഹാരി

നിയമസഭയിലെത്തിയ എംഎല്‍എ ബിനായ് ബിഹാരി

പാട്‌ന: റോഡ് നിര്‍മ്മാണം വൈകിയതില്‍ പ്രതിഷേധിച്ച് ബിഹാറില്‍ ബിജെപി എംഎല്‍എ നിയമസഭയിലെത്തിയത് ബനിയനും ട്രൗസറും മാത്രം ധരിച്ച്. അടിവസ്ത്രം ധരിച്ചെത്തിയതിനെ തുടര്‍ന്ന് എംഎല്‍എയെ നിയമസഭയില്‍ പ്രവേശിക്കുന്നതില്‍ നിന്നും വിലക്കി. പശ്ചിമ ചമ്പാരന്‍ ജില്ലയിലെ ലോറിയ മണ്ഡലത്തില്‍ നിന്നുമുള്ള എംഎല്‍എയായ ബിനായ് ബിഹാരിയാണ് വ്യത്യസ്തമായ പ്രതിഷേധവുമായി രംഗത്തെത്തിയത്. നിയമസഭയിലേക്ക് പ്രവേശനം നിഷേധിച്ചതോടെ സഭാമന്ദിരത്തിന് പുറത്ത് ധര്‍ണ്ണ നടത്തിയാണ് ബിനായ് പ്രതിഷേധിച്ചത്.

ബെട്ടായ മുതല്‍ മനുവപ്പ വരെയുള്ള യോഗപത്തി വഴിയുള്ള 44.325 കിലോമീറ്റര്‍ നീളമുള്ള റോഡിന്റെ നിര്‍മ്മാണം വൈകുന്നതിലുള്ള പ്രതിഷേധമായാണ് എംഎല്‍എ ബനിയനും ട്രൗസറും ധരിച്ച് സഭയിലെത്തി പ്രതിഷേധിച്ചത്. പൊതു ചടങ്ങില്‍ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ റോഡ് നിര്‍മ്മാണം ഉടന്‍ ആരംഭിക്കുമെന്ന്  പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ മുഖ്യമന്ത്രിയുടെ പ്രഖ്യാപനം ഉണ്ടായിട്ടുപോലും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നത് വൈകിയതാണ് പ്രതിഷേധവുമായി മുന്നോട്ട് പോകാന്‍ ബിനായ് ബിഹാരിയെ പ്രേരിപ്പിച്ചത്.

എംഎല്‍എയെ നിയമസഭയിലേക്ക് പ്രവേശിക്കുന്നത് വിലക്കിയതിനെ തുടര്‍ന്ന് വിഷയം പ്രതിപക്ഷ നേതാവായ പ്രേംകുമാര്‍ സഭയില്‍ ഉന്നയിക്കുകയും ബിഹാരിയെ സഭയില്‍ പ്രവേശിക്കാന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ടു. എന്നാല്‍ ബനിയനും ട്രൗസറും ധരിച്ചെത്തിയ എംഎല്‍എയെ സഭയുടെ മര്യാദ ലംഘിച്ചതിനാല്‍ പ്രവേശിക്കാന്‍ അനുവദിക്കാന്‍ കഴിയില്ലെന്ന് സ്പീക്കര്‍ വിജയ് കുമാര്‍ അറിയിച്ചു.

ബിനായ് ബിഹാരിയ്ക്ക് പിന്തുണയുമായി ബിജെപിയുടെ മുതിര്‍ന്ന നേതാവ് സുശീല്‍ കുമാര്‍ മോദി, പ്രേംകുമാര്‍ എന്നിവരും പ്രതിപക്ഷത്തെ എംഎല്‍എമാരും രംഗത്തെത്തി. എംഎല്‍എയുടെ പ്രതിഷേധത്തിന്റെ ഉത്തരവാദിത്വം ബിഹാര്‍ മുഖ്യമന്ത്രിയായ നിതീഷ് കുമാറിനാണെന്നും അദ്ദേഹം മറുപടി പറയണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. സഭയുടെ ശൈത്യകാല സമ്മേളനം അവസാനിക്കുന്നത് വരെ ബനിയനും ട്രൗസറും ധരിച്ച് സഭയിലെത്താനാണ് തീരുമാനമെന്ന് ബിനായ് ബിഹാരി അറിയിച്ചു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top