പ്രധാനമന്ത്രി സംസാരിക്കും, നോട്ട് നിരോധിച്ച വിഷയത്തില്‍ ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് കേന്ദ്രം

pm

ദില്ലി: 500, 1000 രൂപാ നോട്ടുകള്‍ നിരോധിച്ച കേന്ദ്ര നടപടിയിന്മേലുള്ള സംവാദത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ആവശ്യമെങ്കില്‍ പങ്കെടുക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്ങ് പാര്‍ലമെന്റിനെ അറിയിച്ചു. അതേസമയം ഇന്ന് ദേശീയവ്യാപകമായി പ്രതിഷേധ സമരങ്ങള്‍ നടത്താന്‍ കാരണം പ്രധാനമന്ത്രിയാണെന്ന് പ്രതിപക്ഷം അറിയിച്ചു. നോട്ട് നിരോധന നടപടിയില്‍ പ്രധാനമന്ത്രി പാര്‍ലമെന്റില്‍ വിശദീകരണം നല്‍കാത്തതാണ് പ്രതിഷേധ സമരങ്ങള്‍ക്ക് കാരണമെന്ന് പ്രതിപക്ഷം വ്യക്തമാക്കി.

നോട്ട് നിരോധനത്തെ തുടര്‍ന്ന രാജ്യത്ത് ഇരമ്പുന്ന പ്രതിഷേധത്തെ ഉയര്‍ത്തി പിടിക്കുന്നതിനാണ് ഇന്ന് ആക്രോശ് ദിവസമായി ആചരിക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഇന്ന് ലോക്‌സഭയില്‍ പറഞ്ഞു. അതേസമയം, രാജ്യത്ത് ഇന്ന് ഭാരത് ബന്ദിനാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ ആഹ്വാനം ചെയ്തതെന്ന വാദത്തെ മല്ലികാര്‍ജുന്‍ ഖാര്‍ഗെ തള്ളി.

തങ്ങള്‍ ആക്രോശ് ദിവസമായാണ് ഇന്ന് ആചരിക്കുന്നത്. ഇത് സാധാരണക്കാരന്റെ രോഷത്തെയാണ് സൂചിപ്പിക്കുന്നതെന്നും മല്ലികാര്‍ജുന്‍ ഖാര്‍ഗെ ലോക്‌സഭയില്‍ പറഞ്ഞു. അടിസ്ഥാനമില്ലാത്ത പ്രസ്താവനകള്‍ നല്‍കി ജനങ്ങളെ കബളിപ്പിക്കുന്നത് ശരിയല്ലെന്നും സ്വന്തം തെറ്റ് തിരുത്താന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി തയ്യാറാകുന്നില്ലെന്നും മല്ലികാര്‍ജുന്‍ ഖാര്‍ഗെ വ്യക്തമാക്കി. നിലവില്‍ പ്രധാനമന്ത്രി പ്രതിപക്ഷത്തിന്റെ വിരല്‍ ചൂണ്ടാന്‍ മാത്രമാണ് ശ്രമിക്കുന്നതെന്ന് ഖാര്‍ഗെ അഭിപ്രായപ്പെട്ടു.

അതേസമയം, പ്രതിഷേധ സമരങ്ങള്‍ വിവിധ സംസ്ഥാനങ്ങളില്‍ വ്യത്യസ്ത രീതിയിലാണ് ഇന്ന് ആരംഭിച്ചിട്ടുള്ളത്. കേരളത്തിന് പുറമെ ബംഗാളിലും ത്രിപുരയിലും ഇടത് പാര്‍ട്ടികള്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. എന്നാല്‍ ഇടത് പാര്‍ട്ടികളുടെ ഹര്‍ത്താലിനെ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ്സോ, ത്രിപുരയില്‍ കോണ്‍ഗ്രസ്സോ പിന്താങ്ങുന്നില്ല.

രാജ്യ വ്യാപകമായി കേന്ദ്രസര്‍ക്കാരിന്റെ ഓഫീസികളിലേക്കു മാര്‍ച്ച് നടത്താനാണ് കോണ്‍ഗ്രസ് ഉള്‍പ്പടെയുള്ള മിക്ക പ്രതിപക്ഷ പാര്‍ട്ടികളുടെയും തീരുമാനം. അടിയന്തിര പ്രമേയത്തിന് അനുമതി നല്‍കുക, സംയുക്ത പാര്‍ലമെന്റ് സമിതിയുടെ അന്വേഷണം പ്രഖ്യാപിക്കുക എന്നി ആവശ്യങ്ങള്‍ അംഗീകരിക്കാതെ സഭാനടപടികളുമായി സഹകരിക്കില്ലെന്ന് കോണ്‍ഗ്രസ് ഉള്‍പ്പടെയുള്ള പ്രതിപക്ഷം വ്യക്തമാക്കിയിട്ടുണ്ട്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top