നോട്ട് നിരോധന നടപടി; ദേശീയ വ്യാപകമായി പ്രതിഷേധ സമരങ്ങള്‍ ആരംഭിച്ചു, ബീഹാറില്‍ ട്രെയിനുകള്‍ തടഞ്ഞു

ഫയല്‍ ചിത്രം

ഫയല്‍ ചിത്രം

പാട്‌ന: നോട്ട് നിരോധിച്ച കേന്ദ്രസര്‍ക്കാര്‍ നടപടിയുടെ പശ്ചാത്തലത്തില്‍ രാജ്യത്ത് പ്രതിഷേധ സമരങ്ങള്‍ ആരംഭിച്ചു. ഇടത് പക്ഷം ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ സമരത്തെ തുടര്‍ന്ന് ബീഹാറില്‍ ട്രെയിന്‍ ഗതാഗതം തടസപ്പെട്ടതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

സിപിഐഎം, സിപിഐ, സിപിഐഎംഎല്‍ ഉള്‍പ്പെടുന്ന ഇടത് പക്ഷ പ്രവര്‍ത്തകര്‍ പന്ത്രണ്ടോളം ദീര്‍ഘദൂര ട്രെയിനുകളെ ബീഹാറില്‍ തടഞ്ഞു. പാട്‌ന, ഗയ, ജെഹ്‌നബാദ്, ഭംഗല്‍പൂര്‍, മുസാഫറാപുര്‍ എന്നീ സ്റ്റേഷനുകളിലാണ് ട്രെയിനുകള്‍ തടയപ്പെട്ടത്.

ബീഹാറില്‍, പ്രവര്‍ത്തകര്‍ ട്രെയിന്‍ ഗതാഗതത്തിന് ഒപ്പം, റോഡ് ഗതാഗതവും തടസ്സപ്പെടുത്തിയതായി ബീഹാര്‍ പൊലീസ് വൃത്തങ്ങള്‍ സൂചിപ്പിച്ചു. അതേസമയം, ബീഹാറില്‍ ഭരണകക്ഷിയായ രാഷ്ട്രീയ ജനതാദള്‍, കോണ്‍ഗ്രസ് എന്നീ പാര്‍ട്ടികളും നോട്ട് നിരോധന നടപടിയുടെ പശ്ചാത്തലത്തിലുള്ള സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

എന്നാല്‍, നോട്ട് നിരോധിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടിയെ പ്രകീകര്‍ത്തിച്ച് നിതീഷ് കുമാര്‍ രംഗത്തെത്തിയത് ഏറെ ശ്രദ്ധേയമായി. പിന്നാലെ നിതീഷ് കുമാറിന്റെ തുറന്ന പിന്തുണയ്ക്ക് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായും, കേന്ദ്ര മന്ത്രി രാം വിലാസ് പസ്വാനും നിതീഷ് കുമാറിന് നന്ദി അറിയിച്ചിരുന്നു.

അതേസമയം, പ്രതിഷേധ സമരങ്ങള്‍ വിവിധ സംസ്ഥാനങ്ങളില്‍ വ്യത്യസ്ത രീതിയിലാണ്. കേരളത്തിന് പുറമെ ബംഗാളിലും ത്രിപുരയിലും ഇടത് പാര്‍ട്ടികള്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. എന്നാല്‍ ഇടത് പാര്‍ട്ടികളുടെ ഹര്‍ത്താലിനെ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ്സോ, ത്രിപുരയില്‍ കോണ്‍ഗ്രസ്സോ പിന്താങ്ങുന്നില്ല.

രാജ്യ വ്യാപകമായി കേന്ദ്രസര്‍ക്കാരിന്റെ ഓഫീസികളിലേക്കു മാര്‍ച്ച് നടത്താനാണ് കോണ്‍ഗ്രസ് ഉള്‍പ്പടെയുള്ള മിക്ക പ്രതിപക്ഷ പാര്‍ട്ടികളുടെയും തീരുമാനം. ഇതിനിടെ നോട്ട് അസാധുവാക്കല്‍ വിഷയത്തില്‍ പാര്‍ലമന്റ് നടപടികള്‍ ഇന്നും തടസ്സപ്പെടാനാണ് സാധ്യത. അടിയന്തിര പ്രമേയത്തിന് അനുമതി നല്‍കുക, സംയുക്ത പാര്‍ലമെന്റ് സമിതിയുടെ അന്വേഷണം പ്രഖ്യാപിക്കുക എന്നി ആവശ്യങ്ങള്‍ അംഗീകരിക്കാതെ സഭാനടപടികളുമായി സഹകരിക്കില്ലെന്ന് കോണ്‍ഗ്രസ് ഉള്‍പ്പടെയുള്ള പ്രതിപക്ഷം വ്യക്തമാക്കിയിട്ടുണ്ട്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top