വിനയന്റെ ‘ലിറ്റില്‍ സൂപ്പര്‍മാന്‍ 3ഡി’ അടുത്തമാസം തിയേറ്ററുകളിലെത്തും (ട്രെയിലര്‍ കാണാം)

superman3d-vinayan

ചിത്രത്തിന്‍റെ പോസ്റ്റര്‍, സംവിധായകന്‍ വിനയന്‍

കൊച്ചി: വിനയന്‍ സംവിധാനം ചെയ്ത 3ഡി ചിത്രം ‘ലിറ്റില്‍ സൂപ്പര്‍മാന്‍ 3ഡി’ ഡിസംബര്‍ 2ന് പ്രദര്‍ശനത്തിനെത്തും. സംവിധായകന്‍ തന്നെയാണ് തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ ഇക്കാര്യം അറിയിച്ചത്. നേരത്തേ 2014 നവംബറില്‍ റിലീസ് ചെയ്ത ലിറ്റില്‍ സൂപ്പര്‍മാന്‍, ക്ലൈമാക്‌സ് രംഗങ്ങള്‍ക്കു നേരെ ഉയര്‍ന്ന വിമര്‍ശനങ്ങളെ തുടര്‍ന്ന് തിയേറ്ററുകളില്‍ നിന്ന് പിന്‍വലിക്കുകയായിരുന്നു. ക്ലൈമാക്‌സ് രണ്ടാമത് ചിത്രീകരിച്ച ശേഷം വീണ്ടും റിലീസ് ചെയ്യുമെന്ന് അന്ന് തന്നെ വിനയന്‍ അറിയിച്ചിരുന്നു. ‘കുട്ടികളുടെ ബാഹുബലി’ എന്ന വിശേഷണത്തോടെയാണ് ചിത്രം പുറത്തിറങ്ങുന്നത്.

തികച്ചും കുട്ടികള്‍ക്കിഷ്ടപ്പെടുന്ന രീതിയിലാണ് ചിത്രം ഒരുക്കിയത് എന്നാണ് സംവിധായകന്‍ വിനയന്‍ പറയുന്നത്. ആദ്യമിറങ്ങിയ ചിത്രത്തില്‍ നിന്ന് വ്യത്യസ്തമായി പുതിയ ഗ്രാഫിക്‌സ് വര്‍ക്കുകളും ആക്ഷന്‍ സീക്വന്‍സുകളുമായി സെന്‍സര്‍ ബോര്‍ഡ് നിര്‍ദ്ദേശിച്ച തിരുത്തലുകളോടെയാണ് സിനിമ റിലീസ് ചെയ്യുന്നതെന്നും സംവിധായകന്‍ പറയുന്നു. ചിത്രം ഒരുപാട് പ്രതിസന്ധികളെ നേരിട്ടിട്ടുണ്ടെന്നും എന്നാല്‍ തന്റെ ചിത്രം നേരിടേണ്ടി വന്ന പ്രതിസന്ധികളെപ്പറ്റിയൊന്നും താന്‍ പറയുന്നില്ല എന്നും വിനയന്‍ പറയുന്നു.

‘ജംഗിള്‍ബുക്ക്’ പോലെ കുട്ടികള്‍ കാണേണ്ട ഒരു സിനിമ ആയതിനാലാണ് കൂടുതല്‍ നിയമയുദ്ധങ്ങള്‍ക്കോ വിവാദങ്ങള്‍ക്കോ താന്‍ പോകാതിരുന്നത്. തന്റെ വ്യത്യസ്തങ്ങളായ ചിത്രങ്ങള്‍ സ്വീകരിച്ച പ്രേക്ഷകര്‍, മലയാളത്തിന് തികച്ചും പുതുമയാര്‍ന്ന ഈ കണ്‍സപ്റ്റും സ്വീകരിക്കുമെന്ന പ്രതീക്ഷയും വിനയന്‍ പങ്കുവെച്ചു. പ്രതിസന്ധികളിലും പ്രയാസങ്ങളിലുമെല്ലാം തന്നെ നിലനില്‍ക്കാന്‍ സഹായിച്ച സ്‌നേഹ സമ്പന്നരായ സുഹൃത്തുക്കള്‍ക്ക് ഹൃദയത്തിന്റെ ഭാഷയില്‍ നന്ദി പറഞ്ഞുകൊണ്ടാണ് വിനയന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് അവസാനിക്കുന്നത്.

‘ലിറ്റില്‍ സൂപ്പര്‍മാന്‍ 3D’ ട്രെയിലര്‍ കാണാം:

‘ലിറ്റില്‍ സൂപ്പര്‍മാന്‍ 3ഡി’യുടെ അവസാന ഭാഗത്ത് തന്റെ അച്ഛനെ കൊന്നയാളെ 12 വയസുകാരന്‍ തോക്കെടുത്ത് വെടിവെച്ച് കൊല്ലുന്ന രംഗം കുട്ടികളില്‍ തെറ്റായ സന്ദേശം എത്തിക്കും എന്ന വിമര്‍ശനത്തെ തുടര്‍ന്നാണ് ചിത്രം തിയേറ്ററുകളില്‍ നിന്ന് പിന്‍വലിച്ചത്. ഈ രംഗം ഒഴിവാക്കണമെന്ന സിഎംഐ സഭയുടെ അഭ്യര്‍ത്ഥനയെ തുടര്‍ന്നാണ് ചിത്രം രണ്ടാമത് ചിത്രീകരിച്ച് വീണ്ടും റിലീസ് ചെയ്യാന്‍ തീരുമാനിച്ചത് എന്നും വിനയന്‍ അന്ന് പറഞ്ഞിരുന്നു.

സെന്‍സര്‍ ബോര്‍ഡിന്റെ അനുമതി ഉള്ള തങ്ങള്‍ക്ക് ‘ലിറ്റില്‍ സൂപ്പര്‍മാന്‍’ ഇതേപടി അവതരിപ്പിക്കുന്നതില്‍ യാതൊരു തടസ്സവുമില്ല എങ്കിലും തന്റെ ചിത്രത്തിലെ പ്രമേയം മൂലം ഒരു കുട്ടിക്കെങ്കിലും മോശമായ ചിന്താഗതി ഉണ്ടാകേണ്ട എന്ന തോന്നല്‍ ഉണ്ടായതുകൊണ്ട് മാത്രമാണ് ഈ തിരുത്തലിന് സ്വയം തയ്യാറായത് എന്നും വിനയന്‍ അന്ന് പറഞ്ഞിരുന്നു.

ചിത്രത്തിന്റെ നിര്‍മ്മാതാവും സംവിധായകനായ വിനയന്‍ തന്നെയാണ്. സംഗീതം മോഹന്‍ സിത്താരയും ഛായാഗ്രഹണം കെജി രതീഷുമാണ് നിര്‍വ്വഹിച്ചത്. മാസ്റ്റര്‍ ഡെനി, ബേബി നയന്‍താര, മധു, പ്രവീണ, അന്‍സിബ ഹസന്‍, രഞ്ജിത്ത് (‘രാജമാണിക്യം’ എന്ന ചിത്രത്തിലെ വില്ലന്‍), കൃഷ്ണ എന്നിവരാണ് ചിത്രത്തില്‍ പ്രധാനവേഷങ്ങളിലെത്തുന്നത്.

വിനയന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

അങ്ങനെ മാസങ്ങളുടെ കാത്തിരിപ്പിനു ശേഷം LITTLE SUPER MAN 3D പുതിയ ഭാവത്തിൽ ഡിസംബർ രണ്ടിനു തീയറ്ററുകളിൽ എത്തുന്നു.
തികച്ചും കുട്ടികൾക്കിഷ്ടപ്പെടുന്ന രീതിയിൽ പുതിയ ഗ്രാഫിക്സ് വർക്കുകളും ആക്ഷൻ സ്വീക്വൻസുകളുമായി സെൻസർ ബോർഡ് നിർദ്ദേശിച്ച തിരുത്തലുകളോടെ ആണ് സിനിമ റിലീസ് ചെയ്യുന്നത്.എൻെറ ഈ ചിത്രം നേരിടേണ്ടിവന്ന പ്രതിസന്ധികളേപ്പറ്റിയൊന്നും ഞാനിവിടെ പ്രതി പാദിക്കുന്നില്ല.ജംഗിൾ ബുക്കുപോലെ കുട്ടികൾ കാണേണ്ട ഒരു സിനിമ ആയതിനാൽ കൂടുതൽ വിവാദങ്ങൾക്കോ, നിയമയുദ്ധത്തിനോ ഞാൻ പോയില്ല എന്നതാണു സത്യം ! വ്യത്യസ്ഥങ്ങളായ എൻെറ സിനിമകൾ സ്വീകരിച്ചിട്ടുള്ള പ്രേക്ഷകർ മലയാളത്തിനു തികച്ചും പുതുമയാർന്ന ഈ കൺസപ്റ്റും സ്വീകരിക്കും എന്നു ഞാൻ പ്രതീക്ഷിക്കുന്നു. പ്രതിസന്ധികളിലും പ്രയാസങ്ങളിലും എല്ലാം എന്നേ നിലനിർത്തിയ സ്നേഹസമ്പന്നരായ സുഹൃത്തുക്കൾക്കു ഹൃദയത്തിൻെറ ഭാഷയിൽ നന്ദി രേഖപ്പെടുത്തുന്നു.,,

vinayan-fb
DONT MISS