ഭാഗ്യജോഡികള്‍ ഒന്നിച്ചു; ദിലീപും കാവ്യ മാധവനും വിവാഹിതരായി
കൊച്ചി: സിനിമയിലെ താരജോഡികളായ ദിലീപും കാവ്യ മാധവനും കൊച്ചിയില്‍ വിവാഹിതരായി. 9.55 ഓടെ ദിലീപ് കാവ്യയുടെ കഴുത്തില്‍ മിന്നുചാര്‍ത്തി. കൊച്ചി വേദാന്ത ഹോട്ടലില്‍ നടന്ന വിവാഹ ചടങ്ങുകളില്‍ മമ്മൂട്ടി, സിദ്ദിഖ്, ജയറാം, ജനാര്ദ്ദനന്, ജോമോള്‍, ചിപ്പി തുടങ്ങിയ സിനിമ താരങ്ങടക്കമുള്ളവര്‍ ചടങ്ങില്‍ പങ്കെടുത്തു.
വിവാഹം അതീവ രഹസ്യമായി നടക്കുന്നുവെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ വിവരം ചോര്‍ന്നതിനെ തുടര്‍ന്ന് മാധ്യമപ്രവര്‍ത്തകരടക്കം ചടങ്ങിലെത്തുകയായിരുന്നു. അതേസമയം ചടങ്ങ് രഹസ്യമായല്ല നടത്തുന്നതെന്ന് നടനും ദിലീപിന്റെ അടുത്ത സുഹൃത്തുമായ നാദിര്‍ഷ പ്രതികരിച്ചു. പെട്ടന്നുള്ള ചടങ്ങായിരുന്നു വൈകിയാണ് തങ്ങള്‍ അറിഞ്ഞതെന്നും നാദിര്‍ഷ പറഞ്ഞു.

നടി മഞ്ജുവാര്യരുമായി വേര്‍പിരിഞ്ഞ ശേഷം ദിലീപ് കാവ്യയെ വിവാഹം കഴിക്കുമെന്ന അഭ്യൂഹം പ്രചരിച്ചിരുന്നെങ്കിലും ദിലീപോ, കാവ്യയോ വാര്‍ത്ത സ്ഥിരീകീരിച്ചിരുന്നില്ല.ദിലീപിന്റെ മകള്‍ മീനാക്ഷി സമ്മതം മൂളിയതോടെയാണ് കാര്യങ്ങള്‍ വിവാഹത്തിലെത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.
ദുബായ് മലയാളിയായ നിശാല്‍ ചന്ദ്രയുമായി വളരെക്കുറച്ച് കാലത്തെ ദാമ്പത്യ ബന്ധത്തിനു ശേഷം വേര്‍പിരിഞ്ഞ കാവ്യാ മാധവനും, മജ്ഞു വാര്യരുമായി വേര്‍പിരിഞ്ഞതിനു ശേഷം ദിലീപും വിവാഹം കഴിക്കുന്നുവെന്ന വാര്‍ത്തകള്‍ നേരത്തെ തന്നെ പുറത്തുവന്നിരുന്നു. എന്നാല്‍ റിപ്പോര്‍ട്ടുകള്‍ വെറും പ്രചാരണങ്ങള്‍ മാത്രമെന്നായിരുന്നു ഇരുവരുടേയും പ്രതികരണം.
നേരത്തെ മഞ്ജുവുമായുള്ള വിവാഹമോചന കേസ് പരിഗണിക്കുന്ന സമയത്ത് തന്നെ മകള്‍ മീനാക്ഷി ദിലീപിനൊപ്പം ജീവിക്കണമെന്ന് പറഞ്ഞിരുന്നു. പക്ഷേ ദിലീപ്-കാവ്യ വിവാഹത്തെ മീനാക്ഷി എതിര്‍ക്കുകയാണെന്നും കാവ്യയെ വിവാഹം കഴിച്ചാല്‍ മഞ്ജുവിനൊപ്പം പോകുമെന്ന് മകള്‍ പറഞ്ഞതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഇത് വെറും സിനിമാ ഗോസിപ്പാണെന്നായിരുന്നു താരങ്ങളുടെ പ്രതികരണം. കാവ്യയെ വിവാഹം കഴിക്കുകയാണെങ്കില്‍ മീനാക്ഷി മഞ്ജുവിനൊപ്പം പോകുമെന്ന വാര്‍ത്തയും ദിലീപ് നിഷേധിച്ചിരുന്നു.
1998 ഒക്ടോബര്‍ 20നായിരുന്നു ദിലീപും മജ്ഞു വാര്യരും വിവാഹതിരായത്. വിവാഹത്തിന് പിന്നാലെ സിനിമാ രംഗത്തു നിന്നും മാറിനിന്ന മഞ്ജു വാര്യര്‍ ഹൗ ഓള്‍ഡ് ആര് യു എന്ന ചിത്രത്തിലൂടെയാണ് ശക്തമായ മലയാള സിനിമാ രംഗത്തേക്ക് ശക്തമായ തിരിച്ചുവരവ് നടത്തിയത് തുടര്‍ന്ന് നിരവധി ചിത്രങ്ങളിലൂടെ മഞ്ജു സിനിമയില്‍ സജീവ സാന്നിധ്യമായി. മജ്ഞുവിന്റെ തിരിച്ചു വരവോടെ തന്നെ ദിലീപ്-കാവ്യ വിവാഹ പ്രചാരണങ്ങളും ശക്തി പ്രാപിച്ചിരുന്നു. എന്നാല്‍ വെറും ഗോസിപ്പുകളോട് പ്രതികരിക്കാനില്ലെന്നായിരുന്നു ഇരുവരുടേയും മറുപടി.
ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക