നോട്ട് പ്രതിസന്ധിയില്‍ രാജ്യസഭയില്‍ ചര്‍ച്ച തുടങ്ങി; സര്‍ക്കാരിന്റേത് ചരിത്രപരമായ പിഴവെന്ന് മന്‍മോഹന്‍സിംഗ്

manmohan

മന്‍മോഹന്‍സിംഗ് സംസാരിക്കുന്നു

ദില്ലി : നോട്ട് അസാധുവാക്കല്‍ വിഷയത്തില്‍ രാജ്യസഭയില്‍ ചര്‍ച്ച ആരംഭിച്ചു. നോട്ട് അസാധുവാക്കിയത് ചരിത്രപരമായ മണ്ടത്തരമെന്ന് ചര്‍ച്ചയ്ക്ക് തുടക്കം കുറിച്ച മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് പറഞ്ഞു. വേണ്ടത്ര മുന്നൊരുക്കമില്ലാതെ നോട്ട് അസാധുവാക്കിയത് രാജ്യത്തെ ജനങ്ങളെ വലച്ചു. നോട്ട് അസാധുവാക്കിയത് സംഘടിതമായ കൊള്ളയാണ്. 50 ദിവസത്തെ പീഡനം ജനങ്ങളെ ദുരിതത്തിലേക്ക് നയിച്ചെന്നും മന്‍മോഹന്‍ സിംഗ് പറഞ്ഞു.


നോട്ട് പ്രതിസന്ധിയില്‍ സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയാണ് തെളിഞ്ഞത്. റിസര്‍വ് ബാങ്ക് ഇത്രയധികം വിമര്‍ശനം നേരിട്ട കാലം മുമ്പ് ഉണ്ടായിട്ടില്ല. നോട്ട് പ്രതിസന്ധി മറികടക്കുന്നതില്‍ റിസര്‍വ് ബാങ്കിനും സര്‍ക്കാരിനും വീഴ്ച ഉണ്ടായി എന്നത് വ്യക്തമാണ്. ഇതിന് തെളിവാണ് ഓരോദിവസവും പുതിയ നിര്‍ദേശങ്ങള്‍ ഇറക്കേണ്ടി വരുന്നത്.

നോട്ട് നിരോധനം കാര്‍ഷികമേഖലയെയും പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ഇതുമൂലം രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചാ നിരക്കില്‍ ഇടിവ് വരുത്തുമെന്നും മന്‍മോഹന്‍സിംഗ് പറഞ്ഞു. ആഭ്യന്തര വളര്‍ച്ചാ നിരക്കില്‍ രണ്ടു ശതമാനത്തിന്റെ ഇടിവുണ്ടാകും. കറന്‍സി സംവിധാനത്തെ നടപടി ബാധിച്തായും, സഹകരണമേഖലയ്ക്ക് പ്രവര്‍ത്തിക്കാന്‍ കഴിയാതായെന്നും മന്‍മോഹന്‍ സിംഗ് അഭിപ്രായപ്പെട്ടു.


വിഷയത്തില്‍ പ്രധാനമന്ത്രി ഇനിയെങ്കിലും ചര്‍ച്ചയ്ക്ക് തയ്യാറാകണം. ചര്‍ച്ചകളിലൂടെ പ്രശ്‌നപരിഹാരത്തിന് തയ്യാറാകണം. നോട്ട് അസാധുവാക്കലില്‍ കേന്ദ്രസര്‍ക്കാരിന്റെ ലക്ഷ്യത്തെ എതിര്‍ക്കുന്നില്ല. എന്നാല്‍ അത് നടപ്പാക്കിയ രീതിയെയാണ് വിമര്‍ശിക്കുന്നതെന്നും, വേണ്ടത്ര മുന്നൊരുക്കമില്ലാത്തത് ജനങ്ങളെ ദുരിതത്തിലാക്കിയെന്നും മന്‍മോഹന്‍ സിംഗ് പറഞ്ഞു.


നോട്ട് അസാധുവാക്കിയശേഷം  പ്രധാനമന്ത്രി നരേന്ദ്രമോദി ഇതാദ്യമായി രാജ്യസഭയില്‍ എത്തി. നോട്ട് പ്രതിസന്ധി സംബന്ധിച്ച് രാജ്യസഭയില്‍ നടക്കുന്ന ചര്‍ച്ചകളില്‍ ഇടപെട്ട് പ്രധാനമന്ത്രി സംസാരിക്കുമെന്ന് സഭാ നേതാവായ ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി അറിയിച്ചു. ചര്‍ച്ചയ്ക്ക് പ്രധാനമന്ത്രി മറുപടി നല്‍കുമെന്നാണ് സൂചന.

അതേസമയം നോട്ട് പ്രതിസന്ധിയില്‍ പ്രതിപക്ഷബഹളത്തെ തുടര്‍ന്ന് ലോക്‌സഭ ഇന്നത്തേക്ക് പിരിഞ്ഞു. സമാജ് വാദി പാര്‍ട്ടി അംഗം അക്ഷയ് യാദവ് സ്പീക്കര്‍ക്ക് നേരെ പേപ്പറുകള്‍ വലിച്ചെറിഞ്ഞത് ബഹളത്തിന് ആക്കം കൂട്ടി. തുടര്‍ന്ന് സഭ 12 മണി വരെ നിര്‍ത്തിവച്ചെങ്കിലും പിന്നീട് ചേര്‍ന്നപ്പോഴും ബഹളം രൂക്ഷമായതിനെത്തുടര്‍ന്ന് ഇന്നത്തേക്ക് പിരിയാന്‍ തീരുമാനിക്കുകയായിരുന്നു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top