നോട്ട് നിരോധിക്കല്‍: തിങ്കളാഴ്ച്ച രാജ്യവ്യാപകമായി പ്രതിഷേധ പ്രകടനത്തിന് പ്രതിപക്ഷ ആഹ്വാനം

oppo

ദില്ലി: നോട്ട് നിരോധിക്കല്‍ തീരുമാനത്തിനെതിരെ തിങ്കളാഴ്ച്ച രാജ്യവ്യാപകമായി പ്രതിഷേധ പ്രകടനം നടത്തുമെന്ന് പ്രതിപക്ഷം. പാര്‍ലമെന്റിന് പുറത്ത് ഗാന്ധി പ്രതിമയ്ക്ക് സമീപം 200 പ്രതിപക്ഷ എംപിമാര്‍ കേന്ദ്ര തീരുമാനത്തില്‍ പ്രതിഷേധിച്ച് നടത്തിയ ധര്‍ണ്ണയുടെ തുടര്‍ച്ചയായാണ് രാജ്യവ്യാപക പ്രതിഷേധ പ്രകടനം അരങ്ങേറുകയെന്ന് സിപിഎം നേതാവ് സീതാറാം യെച്ചൂരി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

തിങ്കളാഴ്ച്ച രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി വിവിധ പ്രതിപക്ഷ പാര്‍ട്ടികളുടെ നേതൃത്വത്തില്‍ സമരം നടത്തുമെന്നും ഒരുമിച്ചല്ല പ്രതിഷേധ പ്രകടനമെങ്കിലും കേന്ദ്രസര്‍ക്കാരിനുള്ള പ്രതിപക്ഷത്തിന്റെ മറുപടി ഒറ്റക്കെട്ടായുള്ളതായിരിക്കുമെന്നും യെച്ചൂരി പറഞ്ഞു. കളളപ്പണക്കാരെ കുടുക്കാനാണ് നോട്ട് നിരോധിക്കല്‍ നടപ്പിലാക്കിയതെന്ന പ്രധാനമന്ത്രിയുടെ വാദത്തെ അംഗീകരിക്കാന്‍ സാധിക്കില്ല. ഇതിനോടം 74 പേരാണ് മരിച്ചത്, നോട്ട് നിരോധിക്കല്‍ ബുദ്ധിമുട്ടിക്കുന്നത് സാധാരണക്കാരെ മാത്രമാണെന്നും യെച്ചൂരി ചൂണ്ടിക്കാണിച്ചു. ഡിസംബര്‍ 30 വരെ പഴയ നോട്ടുകള്‍ ഉപയോഗിക്കാന്‍ അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ജില്ലാ ആസ്ഥാനങ്ങളിലും സംസ്ഥാനങ്ങളുടെ തലസ്ഥാന നഗരികളിലും പ്രതിഷേധ പ്രകടനം നടത്താനാണ് തീരുമാനം ബാങ്കുകള്‍ക്ക് മുന്നിലും പ്രകടനം നടത്താന്‍ ഉദ്ദേശിക്കുന്നതായി കോണ്‍ഗ്രസ് അറിയിച്ചു. ലോകം കണ്ട ഏറ്റവും വലിയ സാമ്പത്തിക പരീക്ഷണവീഴ്ച്ചയാണ് നോട്ട് നിരോധന തീരുമാനമെന്ന് രാഹുല്‍ രൂക്ഷമായ ഭാഷയില്‍ നരേന്ദ്രമോദിയ്‌ക്കെതിരെ ആഞ്ഞടിച്ചിരുന്നു.

തീരുമാനത്തിന് പിന്നില്‍ അഴിമതിയുണ്ടെന്ന് സംശയിക്കുന്നുവെന്ന് അഭിപ്രായപ്പെട്ട രാഹുല്‍, തീരുമാന വിവരം തനിക്ക് വേണ്ടപ്പെട്ടവര്‍ക്ക് മോദി ചോര്‍ത്തികൊടുത്തിട്ടുണ്ടാകാമെന്നും പറഞ്ഞു. ജോയന്റ് പാര്‍ലമെന്ററി കമ്മറ്റി നോട്ട് നിരോധനം അന്വേഷിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top