നോട്ട് അസാധുവാക്കിയത് തുടക്കം മാത്രമെന്ന് പ്രധാനമന്ത്രി; പ്രതിഷേധം ശക്തമാക്കാനൊരുങ്ങി പ്രതിപക്ഷം

modi

ദില്ലി: 500,1000 നോട്ടുകള്‍ അസാധുവാക്കിയ നടപടി കള്ളപ്പണത്തിനെതിരായ യുദ്ധത്തിന്റെ തുടക്കം മാത്രമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ നോട്ട് അസാധുവാക്കിയതുമായി ബന്ധപ്പെട്ട് വിശദീകരിക്കുകയായിരുന്നു പ്രധാനമന്ത്രി.  നോട്ട് നിരോധിക്കലിനെതിരെ പാര്‍ലമെന്റില്‍ പ്രതിപക്ഷ പ്രക്ഷോഭങ്ങള്‍ക്കെതിരെ ഒറ്റക്കെട്ടായി നീങ്ങാന്‍ ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി യോഗം തീരുമാനിച്ചു. കള്ളപ്പണത്തിനെതിരായ ‘കുരിശുയുദ്ധം’നയിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് പാര്‍ട്ടി നേതൃത്വം അഭിനന്ദനം രേഖപ്പെടുത്തി.

നോട്ട് നിരോധിക്കലിനെ പിന്തുണച്ചുകൊണ്ടുള്ള തീരുമാനം മുന്നോട്ട് വച്ചത് ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗായിരുന്നു. തീരുമാനത്തെ പാര്‍ട്ടി നേതാക്കള്‍ ഐക്യകണ്ഠേന അംഗീകരിക്കുകയായിരുന്നുവെന്ന് മന്ത്രി എം  വെങ്കയ്യ നായിഡു പറഞ്ഞു. വിഷയത്തില്‍ ചര്‍ച്ചയ്ക്ക് സര്‍ക്കാര്‍ തയ്യാറാണെന്ന് ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി യോഗശേഷം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

നോട്ട് നിരോധനം പോലുള്ള വലിയ തീരുമാനമെടുക്കാന്‍ അധികാരത്തിലുള്ളവര്‍ക്ക് ധൈര്യം വേണം. 70 വര്‍ഷത്തെ കീഴ് വഴക്കത്തെ മാറ്റിമറിച്ചുകൊണ്ട് പ്രധാനമന്ത്രി പുതിയൊരു തുടക്കം കുറിച്ചിരിക്കുയാണെന്നും, ചരിത്ര നീക്കത്തിന് രാജ്യത്തിന്റെ മുഴുവന്‍ പിന്തുണയുണ്ടെന്നും പ്രധാനമന്ത്രിയെ പ്രശംസിച്ചുകൊണ്ട് ജെയ്റ്റ്‌ലി പറഞ്ഞു.

അതേസമയം തുടര്‍ പ്രതിഷേധ നടപടികളെക്കുറിച്ച് തീരുമാനിക്കാന്‍ പ്രതിപക്ഷവും പ്രത്യേക യോഗം വിളിച്ച് ചേര്‍ത്തിരുന്നു. നോട്ട് നിരോധിക്കലില്‍ സര്‍ക്കാരിനെതിരെ പാര്‍ലമെന്റിന് അകത്തും പുറത്തും പ്രതിഷേധവുമായി മുന്നോട്ട് പോകാനാണ് യോഗത്തില്‍ തീരുമാനം. കോണ്‍ഗ്രസ്,തൃണമൂല്‍ കോണ്‍ഗ്രസ്, ജെഡിയു,ബിഎസ്പി,സിപിഐഎം,സിപിഐ,എന്‍സിപി തുടങ്ങിയ പ്രതിപക്ഷ പാര്‍ട്ടികള്‍ ഒറ്റക്കെട്ടായി സര്‍ക്കാര്‍ തീരുമാനത്തിനെതിരെ നീങ്ങാനാണ് തീരുമാനിച്ചത്.

എന്നാല്‍ ബിജെപിയ്ക്ക് ഭൂരിപക്ഷം കുറവുള്ള രാജ്യസഭയില്‍ പ്രധാനമന്ത്രി സംസാരിക്കില്ലെന്ന് കേന്ദ്രം വ്യക്തമാക്കിയിരുന്നു. നരേന്ദ്രമോദിയ്ക്ക് പകരം ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയായിരിക്കും സംസാരിക്കുക. പ്രതിപക്ഷം ചര്‍ച്ചയില്‍ നിന്നും അകന്ന് മാറുകയാണെന്നും സഭയെ കലുഷിതമാക്കുകയാണ് പ്രതിപക്ഷത്തിന്റെ ലക്ഷ്യമെന്നും അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞു.

പ്രതിഷേധവുമായി സഭയ്ക്ക് പുറത്തേക്കിറങ്ങാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. അതിന്റെ ഭാഗമായി പത്ത് പ്രതിപക്ഷ പാര്‍ട്ടികളുടെ എംപിമാര്‍ പാര്‍ലമെന്റിന് പുറത്തെ ഗാന്ധി പ്രതിമയുടെ കുത്തിയിരുന്ന പ്രതിഷേധിക്കും. തുടര്‍ന്ന് രാഷ്ട്രപതി ഭവനിലേക്ക് മാര്‍ച്ച് നടത്താനും തീരുമാനിച്ചിട്ടുണ്ട്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top