‘സിന്ധു രാജ്യത്തിന്റെ അഭിമാനം’; ചൈനീസ് ഓപ്പണ്‍ നേടിയ താരത്തിന് പ്രധാന മന്ത്രിയുടെ അഭിനന്ദനം

പ്രധാനമന്ത്രിയും പിവി സിന്ധുവും (ഫയല്‍ ചിത്രം)

പ്രധാനമന്ത്രിയും പിവി സിന്ധുവും (ഫയല്‍ ചിത്രം)

ദില്ലി: ചൈനീസ് ഓപ്പണില്‍ തന്റെ കന്നി കിരീടം നേടിയ പിവി സിന്ധുവിന് അഭിനന്ദനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ട്വീറ്റ്. ചൈന ഓപ്പണ്‍ സൂപ്പര്‍ സീരീസ് കിരീടം നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമാണ് പിവി സിന്ധു. ഇന്ന് നടന്ന ഫൈനലില്‍ ചൈനയുടെ സണ്‍ യുവിനെ തോല്‍പ്പിച്ചാണ് പിവി സിന്ധു കിരീടം നേടിയത്. 21-11, 17-21, 21-11 എന്നീ സെറ്റുകള്‍ക്കാണ് സിന്ധു വിജയം പിടിച്ചെടുത്തത്.

തന്റെ വേഗതയും ചുറുചുറുക്കും കൊണ്ട് ആദ്യപകുതിയില്‍ തന്നെ സിന്ധു എതിരാളിക്കുമേല്‍ ആധിപത്യം നേടിയെങ്കിലും രണ്ടാം പകുതിയില്‍ സിന്ധുവിന് കാര്യങ്ങള്‍ എളുപ്പമായിരുന്നില്ല. ലീഡ് നേടിയെങ്കിലും, രണ്ടാം പകുതിയിലെ ഇടവേളയ്ക്ക് ശേഷം സിന്ധുവിന് സണ്‍ യുവിന് മേല്‍ ആധിപത്യം നേടാന്‍ കഴിഞ്ഞില്ല. എന്നാല്‍ നിര്‍ണായകമായ മൂന്നാം സെറ്റില്‍ ഉജ്ജ്വലമായ തിരിച്ചുവരവാണ് സിന്ധു നടത്തിയത്. സെറ്റിന്റെ ആദ്യം മുതല്‍ തന്നെ സിന്ധു ലീഡ് നേടിയിരുന്നു. ഗെയിം പോയിന്റിലേക്കുള്ള വഴിയില്‍ ചുടര്‍ച്ചയായ 8 പോയിന്റുകളാണ് സിന്ധു നേടിയത്. വിജയപോയിന്റ് നേടിയ ശേഷം ഉച്ചത്തില്‍ അലറിക്കൊണ്ടാണ് തനിക്കൊപ്പമുള്ളവര്‍ക്കടുത്തേക്ക് വിജയം ആഘോഷിക്കാനായി പോയത്.

sindhu

ചൈന ഓപ്പണിലെ സിന്ധുവിന്റെ കന്നിക്കിരീടമാണ് ഇത്. മികച്ച എതിരാളികളെ നേരിട്ടു കൊണ്ടാണ് സിന്ധു ഫൈനലില്‍ എത്തിയത്. ഇതിനു മുന്‍പ് ചൈന ഓപ്പണ്‍ സൂപ്പര്‍ സീരീസ് കിരീടം നേടിയ ഇന്ത്യന്‍ വനിത സൈന നെഹ്വാളായിരുന്നു. 2014-ലായിരുന്നു സൈനയുടെ കിരീട നേട്ടം. ഈ വര്‍ഷം നടന്ന റിയോ ഒളിംപിക്സില്‍ വെള്ളി മെഡല്‍ എന്ന മികച്ച നേട്ടത്തിനു ശേഷം പിവി സിന്ധു നേടുന്ന മറ്റൊരു നേട്ടമാണ് ഈ കിരീടം.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top