കേരളത്തിലെ സഹകരണ മേഖല കള്ളപ്പണത്തിന്റെ കേന്ദ്രമല്ലെന്ന് പിണറായി വിജയന്‍

pinaryi-vijayan

തിരുവനന്തപുരം: കേരളത്തിലെ സഹകരണ മേഖല കള്ളപ്പണത്തിന്റെ കേന്ദ്രമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജനസേവനപരമായ പ്രവര്‍ത്തനങ്ങളുടെ പശ്ചാത്തലത്തിലാണ് സഹകരണ സ്ഥാപനങ്ങള്‍ നിക്ഷേപകരെ ആകര്‍ഷിക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.

കള്ളപ്പണക്കാര്‍ക്ക് കേറിയിറങ്ങാനുള്ളതല്ല കേരളത്തിലെ സഹകരണ മേഖലയെന്ന് പിണറായി വിജയന്‍ വ്യക്തമാക്കി. ഏതെങ്കിലും ഒരു ദിവസം പെട്ടെന്ന് കുറെ കള്ളപ്പണം രാജ്യത്ത് വന്ന് നിറഞ്ഞതല്ലെന്നും കേരളത്തിലെ സഹകരണ മേഖലയുടെ ചരിത്രം പരിശോധിച്ചാല്‍ പടി പടിയായിട്ടാണ് ഈ സഹകരണ സ്ഥാപനങ്ങള്‍ വളര്‍ന്നു വന്നിട്ടുള്ളതെന്നും പിണറായി വിജയന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. കേരളത്തിലെ സഹകരണമേഖലയെ തകര്‍ക്കുന്ന ഈ നീക്കത്തില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ പിന്മാറുക തന്നെ വേണം. സഹകരണമേഖലയെ സംരക്ഷിക്കുന്ന നിലപാട് സ്വീകരിച്ചുപോകണമെന്നും പിണറായി വിജയന്‍ ആവശ്യപ്പെട്ടു.

അതേസമയം, സഹകരണ ബാങ്കുകള്‍ക്കെതിരായ കേന്ദ്ര സര്‍ക്കാര്‍ നീക്കത്തില്‍ പ്രതിഷേധിച്ച് മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും സത്യാഗ്രഹസമരം ആരംഭിച്ചു. തിരുവനന്തപുരത്തെ റിസര്‍വ് ബാങ്ക് ഓഫീസിന് മുന്നില്‍ രാവിലെ 10 മണി മുതല്‍ വൈകിട്ട് അഞ്ച് മണി വരെയാണ് സത്യഗ്രഹം. രാവിലെ 9.45 ന് സെക്രട്ടേറിയറ്റിലെത്തിയ മുഖ്യമന്ത്രിയും മന്ത്രിമാരും പാളയം രക്തസാക്ഷി മണ്ഡപത്തില്‍ എത്തി അഭിവാദ്യം അര്‍പ്പിച്ചശേഷമാണ് ആര്‍ബിഐയ്ക്ക് മുന്നിലെത്തിയത്. സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ എന്നിവര്‍ സമരത്തില്‍ സംബന്ധിക്കുന്നുണ്ട്.

സഹകരണ മേഖലയെ സംരക്ഷിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിന് അനുകൂല നിലപാടുമായി യുഡിഎഫും രംഗത്തുണ്ട്. സമരത്തെ പിന്തുണയ്ക്കുന്നതായി മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top