നോട്ടില്‍ സമരമുഖം; സഹകരണ ബാങ്കുകൾക്കെതിരായ കേന്ദ്ര സർക്കാർ നീക്കത്തിൽ പ്രതിഷേധിച്ച് മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും ഇന്ന് സത്യാഗ്രഹം അനുഷ്ഠിക്കും

cm

തിരുവനന്തപുരം: സഹകരണ ബാങ്കുകൾക്കെതിരായ കേന്ദ്ര സർക്കാർ നീക്കത്തിൽ പ്രതിഷേധിച്ച് മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും ഇന്ന് സത്യാഗ്രഹം അനുഷ്ഠിക്കും. തിരുവനന്തപുരത്തെ റിസർവ് ബാങ്ക് ഓഫീസിന് മുന്നിൽ രാവിലെ 10 മണി മുതൽ വൈകിട്ട് അഞ്ച് മണി വരെയാണ് സത്യഗ്രഹം. സഹകരണ മേഖലയെ സംരക്ഷിക്കാനുള്ള സർക്കാർ നീക്കത്തിന് അനുകൂല നിലപാടുമായി യുഡിഎഫും രംഗത്തുണ്ട്. അതേ സമയം സർക്കാർ സമരം കള്ളപ്പണക്കാർ സ്പോൺസർ ചെയ്യുന്നതാണെന്നാണ് ബിജെപി ആരോപണം.

അതേസമയം, സഹകരണ പ്രസ്ഥാനം നേരിടുന്ന പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ നവംബര്‍ 21 ന് സര്‍വകക്ഷി യോഗം വിളിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ അറിയിച്ചിരുന്നു. ജനപങ്കാളിത്തത്തോടെ വളര്‍ന്നു വന്ന മേഖലയെയാണ് തെറ്റായി ചിത്രീകരിക്കാന്‍ ബിജെപി ശ്രമിക്കുന്നത്. സംസ്ഥാന നിയമസഭ പാസാക്കിയ നിയമത്തിനുള്ളില്‍ പ്രവര്‍ത്തിക്കുന്നവയാണ് സഹകരണ ബാങ്കുകള്‍. ഇവയ്ക്ക് കൃത്യമായ മാനദണ്ഡങ്ങള്‍ ഉണ്ട്. ഏതെങ്കിലും സഹകരണ ബാങ്കുകളില്‍ കള്ളപ്പണം ഉണ്ടെങ്കില്‍ കണ്ടു പിടിക്കുക തന്നെ വേണം. അതിന് ഒരു തടസവും ഇല്ല. ആരും എതിരുമല്ല. സഹകരണ സംഘങ്ങളെ തകര്‍ക്കാനുള്ള നീക്കത്തില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ പിന്‍മാറിയേ തീരൂവെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

സംസ്ഥാനത്തിന് സമ്പൂര്‍ണ്ണ ബാങ്കിങ്ങിലേക്ക് ഉയരാന്‍ കഴിഞ്ഞത് സഹകരണ ബാങ്കുകളുടെ പ്രവര്‍ത്തനം കൊണ്ടാണ്. എന്നാല്‍ സഹകരണ ബാങ്കുകളെ തകര്‍ക്കാനുള്ള ബോധപൂര്‍വ്വ ശ്രമമാണ് ബിജെപി നടത്തുന്നത്. ഇതിനുപിന്നില്‍ രാഷ്ട്രീയ ഗൂഢാലോചനയുള്ളതായി സംശയിക്കണമെന്നും പിണറായി വിജയന്‍ ഇന്നലെ അഭിപ്രായപ്പെട്ടിരുന്നു.

കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയെ സംസ്ഥാന ധനമന്ത്രിക്കൊപ്പം സന്ദര്‍ശിച്ച് സഹകരണമേഖലയുടെ പ്രത്യേകത വിശദീകരിച്ചിരുന്നു. ഇത് ഗൗരവകരമായി പരിഗണിക്കുമെന്നാണ് അന്ന് മന്ത്രി പറഞ്ഞത്. എന്നാല്‍ കടകവിരുദ്ധമായ നടപടിയാണ് പിന്നീട് ഉണ്ടായത്. കേരളത്തിലെ ബിജെപി നേതാക്കള്‍ ഒരേപേലെ സഹകരണ ബാങ്കുകള്‍ കള്ളപ്പണത്തിന്റെ കേന്ദ്രങ്ങളാണെന്ന് പ്രചരിപ്പിക്കുകയാണ്. സഹകരണ മേഖലയ്‌ക്കെതിരായ ഈ പ്രചരണം അസംബന്ധമാണ്. കേരളത്തിന്റെ സഹകരണ മേഖല തകരണം എന്നതാണ് ബിജെപിയുടെ പരസ്യമായ നിലപാടെന്നും മുഖ്യമന്ത്രി ആരോപിച്ചു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top