ബുധനില്‍ ‘മഹത്തായ താഴ്‌വര’ കണ്ടെത്തി നാസ; ഗ്രഹം ചുരുങ്ങുന്നതിന്റെ സൂചനയെന്ന് ശാസ്ത്രജ്ഞര്‍

mercury1

ബുധന്‍ (കടപ്പാട്: നാസ)

വാഷിംഗ്ടണ്‍: സൗരയൂഥത്തിലെ ഒന്നാമത്തെ ഗ്രഹമായ ബുധന്റെ (Mercury) ദക്ഷിണാര്‍ധഗോളത്തില്‍ ഒരു ‘മഹത്തായ താഴ്‌വര’ (Great Valley) കണ്ടെത്തിയതായി ശാസ്ത്രജ്ഞര്‍. സൂര്യനോട് ഏറ്റവുമടുത്തുള്ള ഗ്രഹം ചുരുങ്ങുന്നതിന്റെ സൂചനയാണ് ഇതെന്നാണ് നിഗമനം. നാസയുടെ ബഹിരാകാശവാഹനമായ മെസഞ്ചര്‍ (MESSENGER þ MErcury Surface, Space ENvironment, GEochemistry, and Ran-ging) അയച്ച ചിത്രങ്ങള്‍ വിശകലനം ചെയ്താണ് ശാസ്ത്രജ്ഞര്‍ ഇക്കാര്യം തിരിച്ചറിഞ്ഞത്.

നാസയുടെ മെസഞ്ചര്‍ അയച്ച ചിത്രങ്ങള്‍ ഉപയോഗിച്ച് ബുധന്റെ ഉപരിതലത്തിന്റെ ഉന്നത റെസല്യൂഷനിലുള്ള ടോപ്പോഗ്രാഫിക് ഭൂപടം നിര്‍മ്മിക്കുകയാണ് ശാസ്ത്രജ്ഞര്‍ ചെയ്തത്. ഈ ഭൂപടം ഉപയോഗിച്ചാണ് 1,000 കിലോമീറ്റര്‍ നീളമുള്ള വിശാലമായ താഴ്‌വര കണ്ടെത്തിയത്. ബുധനിലെ വലുതും പ്രായം കുറഞ്ഞതുമായ റെംബ്രന്റ് ഗര്‍ത്തത്തിലേക്ക് നീളുന്നതാണ് ഇപ്പോള്‍ കണ്ടെത്തിയ താഴ്‌വര.

mercury3

ബുധന്റെ ‘മഹത്തായ താഴ്വര’ – കടും നീല നിറത്തില്‍ ഉള്ള ഭാഗം (ചിത്രം: നാസ)

ഭൂമിയിലെ ‘ഗ്രേറ്റ് റിഫ്റ്റ് വാലി’യില്‍ നിന്ന് വ്യത്യസ്തമായി പ്ലേറ്റ് ടെക്‌റ്റോണിക്‌സ് കാരണം ലിതോസ്ഫിയറിക് പ്ലേറ്റുകള്‍ അകന്ന് മാറിയത് കൊണ്ടല്ല ബുധനിലെ താഴ്‌വര ഉണ്ടായത് എന്ന് വാഷിംഗ്ടണ്‍ ഡിസിയിലുള്ള സ്മിത്‌സോണിയന്‍ നാഷനല്‍ എയര്‍ ആന്‍ഡ് സ്‌പേസ് മ്യൂസിയത്തിലെ മുതിര്‍ന്ന ശാസ്ത്രജ്ഞനായ ടോം വാട്ടെഴ്‌സ് പറഞ്ഞു. ഗോളം ചുരുങ്ങുന്നതു കൊണ്ടാണ് ഇത് സംഭവിച്ചത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഏകദേശം 400 കിലോമീറ്റര്‍ വീതിയും മൂന്ന് കിലോമീറ്റര്‍ ആഴവുമുള്ള ബുധന്റെ ‘മഹത്തായ താഴ്‌വര’ ചൊവ്വയിലെ വാലെസ് മറിനെറിസ് താഴ്‌വരയേക്കാള്‍ ചെറുതാണ്. എന്നാല്‍ വടക്കേ അമേരിക്കയിലെ ഗ്രാന്‍ഡ് കാനിയോണ്‍ താഴ്‌വരയേക്കാള്‍ വലുതും, കിഴക്കന്‍ ആഫ്രിക്കയിലെ ഗ്രേറ്റ് റിഫ്റ്റ് വാലിയേക്കാള്‍ ആഴമേറിയതുമാണ് ബുധനിലെ ‘മഹത്തായ താഴ്‌വര’യെന്നും ജിയോഫിസിക്കല്‍ റിസര്‍ച്ച് ലെറ്റേഴ്‌സ് എന്ന ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു.

2004 ആഗസ്റ്റ് 03-നാണ് നാസയുടെ മെസഞ്ചര്‍ വാഹനം വിക്ഷേപിച്ചത്. ഏറ്റവും ചെറുതും, സാന്ദ്രത കൂടിയതും, കുറച്ച് മാത്രം പഠനങ്ങള്‍ നടത്തപ്പെട്ടതുമായ ഗ്രഹമായ ബുധനെ കുറിച്ച് മനസിലാക്കാനാണ് മെസഞ്ചറിനെ നാസ അയച്ചത്.

നാസ പുറത്തുവിട്ട വീഡിയോ:

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top