മുത്തച്ഛന്‍ സ്‌നേഹചുംബനം നല്‍കുന്ന ഫോട്ടോ അശ്ലീല വീഡിയോയിലെ ഭാഗമെന്ന് പ്രചരിപ്പിച്ചവര്‍ക്കെതിരെ യുവതി; സമൂഹോദ്ധാരണത്തിന് ഇറങ്ങുന്നവര്‍ക്ക് നല്ല നടുവിരല്‍ നമസ്‌കാരമെന്ന് താര നന്ദിക്കര

താര നന്ദിക്കര

താര നന്ദിക്കര

മൂന്നര വര്‍ഷം മുന്‍പ് ഫെയ്‌സ് ബുക്കില്‍ പോസ്റ്റ് ചെയ്ത ചിത്രം ദുരുപയോഗം ചെയ്ത് വാര്‍ത്ത ചമച്ചവര്‍ക്കെതിരെ പരാതിയുമായി യുവതി രംഗത്ത്. മുത്തച്ഛന്‍ ചുംബനം നല്‍കുന്ന ചിത്രം വെച്ച് അശ്ലീല വാര്‍ത്തയുണ്ടാക്കിയ ഫെയ്‌സ് ബുക്ക് പേജിനെതിരെ ശക്തമായ ഭാഷയില്‍ പ്രതികരണവുമായി വന്നിരിക്കുകയാണ് താര നന്ദിക്കര എന്ന യുവതി. ഇത്തരം ലൈംഗിക വൈകൃതക്കാര്‍ക്കെതിരെ പൊലീസിനെയും സൈബര്‍ സെല്ലിനേയും സമീപിച്ചിരിക്കുകയാണ് താര.

മൂന്നര വര്‍ഷം മുന്‍പാണ് മുത്തച്ഛന്‍ സ്‌നേഹ ചുംബനം നല്‍കുന്ന ഫോട്ടോ താര ഫെയ്‌സ് ബുക്കില്‍ പോസ്റ്റ് ചെയ്തത്. ഈ ഫോട്ടോ വെച്ച് 86 വയസുള്ള കോട്ടയംകാരന്റെയും 24 കാരിയായ മരുമകളുടേയും വീഡിയോ എന്ന ഇക്കിളിപ്പെടുത്തുന്ന തലക്കെട്ടോടെയാണ് ഓണ്‍ലൈന്‍ സിനിമാ വാര്‍ത്ത എന്ന ഫെയ്‌സ് ബുക്ക് പേജ് വാര്‍ത്ത ചമച്ചത്. കഴിഞ്ഞ തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പ് സമയത്തും ഫോട്ടോ ദുരുപയോഗം ചെയ്തിരുന്നതായും ഡിഎംകെ സ്ഥാനാര്‍ത്ഥിയായിരുന്ന അന്‍പഴകന് മുത്തച്ഛനുമായുള്ള മുഖച്ഛായ മുതലെടുത്തായിരുന്നു അന്നത്തെ പ്രചരണമെന്നും താര പറയുന്നു. അന്ന് പൊലീസിലും സൈബര്‍ സെല്ലിലും പരാതി നല്‍കിയെങ്കിലും ഫലം ഉണ്ടായില്ലെന്നും താര വ്യക്തമാക്കുന്നു.

രണ്ട് ദിവസം മുന്‍പാണ് സുഹൃത്തുക്കള്‍ പുതിയ വാര്‍ത്ത തന്റെ ശ്രദ്ധയില്‍ പെടുത്തിയതെന്ന് പറയുന്ന താര ആ വാര്‍ത്തയില്‍ ചില തിരുത്തുകള്‍ ഉണ്ടെന്ന് ചൂണ്ടിക്കാട്ടി. ഫോട്ടോയിലുള്ളത് തന്റെ സ്വന്തം മുത്തച്ഛനാണെന്നും തന്റെ ഭര്‍ത്താവ് ഗള്‍ഫിലാണെന്നത് സത്യമല്ലെന്നും താര പറഞ്ഞു. വ്യാജവാര്‍ത്ത സൃഷ്ടിക്കുന്ന ഈ പേജ് പൂട്ടാന്‍ മറ്റുള്ളവരുടെ സഹായം തേടിയാണ് താര ഫെയ്‌സ് ബുക്ക് പോസ്റ്റ് ഇട്ടിരിക്കുന്നത്.

വ്യാജ വാര്‍ത്തയുടെ ഫയല്‍ ചിത്രം

വ്യാജ വാര്‍ത്തയുടെ ഫയല്‍ ചിത്രം

താരയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്

ഏകദേശം മൂന്നര വര്‍ഷം മുന്‍പ് ഞാന്‍ ഇവിടെ പോസ്റ്റ് ചെയ്ത എന്റെയും മുത്തശ്ശന്റെയും കൂടിയുള്ള ഫോട്ടോ നിയമസഭാ തിരഞ്ഞെടുപ്പിന്റെ സമയത്ത് ദുരുപയോഗം ചെയ്തതായി അറിഞ്ഞിരുന്നു. രാഷ്ട്രീയക്കാരെ കുറിച്ച്! കള്ളവാര്‍ത്തകള്‍ ഉണ്ടാക്കി വിടുന്ന ഏതോ തമിഴ്! പേജിലാണ് അത് കണ്ടത്. ഡിഎംകെ നേതാവും സ്ഥാനാര്‍ത്ഥിയുമായിരുന്ന അന്‍പഴകന്‍ എന്നയാള്‍ക്ക് എന്റെ മുത്തശ്ശനുമായുള്ള മുഖച്ഛായ മുതലെടുത്തായിരുന്നു ആ വാര്‍ത്ത. പാര്‍ട്ടിക്കാരുടെ പരസ്പരം താറടിച്ചു കാണിക്കാനുള്ള കെട്ടി ചമയ്ക്കല്‍ വാര്‍ത്തകളുടെ സ്ഥിരം ശൈലിയില്‍ വന്ന ഒരെണ്ണം. എന്റെ ഭര്‍ത്താവിന്റെ തമിഴ്‌നാട്ടിലുള്ള ഒരു സുഹൃത്താണ് അത് കണ്ടു ഞാനാണെന്ന് മനസിലാക്കി ശ്രദ്ധയില്‍ പെടുത്തിയത്. അന്നതിനെതിരെ പോലിസ് സ്റ്റേഷനിലും സൈബര്‍ സെല്ലിലും പരാതി നല്‍കിയെങ്കിലും നടപടിയൊന്നും ഉണ്ടായില്ല. അതിന്റെ പിന്നാലെ തൂങ്ങാന്‍ വയ്യാത്തോണ്ട് ഞാനും അത് വിട്ടു.

എന്നാല്‍ രണ്ട് ദിവസം മുന്‍പ് ഇതേ ഫോട്ടോ വ്യാജ അശ്ലീല വാര്‍ത്തകള്‍ മാത്രം പ്രചരിപ്പിക്കുന്ന മറ്റൊരു മലയാളം പേജില്‍ ഉപയോഗിച്ചിരിക്കുന്നതായി ചില സുഹൃത്തുക്കള്‍ ശ്രദ്ധയില്‍ പെടുത്തി. 86 വയസ്സുള്ള കോട്ടയംകാരന്റെയും 24 കാരിയായ മരുമകളുടെയും വീഡിയോ വാട്‌സാപ്പില്‍ കണ്ട് ഗള്‍ഫിലുള്ള ചെറിയ മകന്‍ ഞെട്ടി (ആഹാ എത്ര മനോഹരം!) എന്നാണ് ‘വാര്‍ത്ത’!!! ലിങ്കില്‍ ക്ലിക് ചെയ്താല്‍ ഒരു പിണ്ണാക്കും ലോഡാവില്ല! തമ്പ്‌നെയിലായി മുത്തശ്ശന്‍ എന്നെ ഉമ്മ വെക്കണ ഫോട്ടോയും! പേജില്‍ പോയി നോക്കിയപ്പോള്‍ അതിലുള്ള എല്ലാ വാര്‍ത്തയും ഈ തരം! എല്ലാത്തിനും തമ്പ് നെയില്‍ മാത്രം. ലിങ്ക് ഒന്നും പ്രവര്‍ത്തിക്കില്ല. 94000 ലൈക് ഉണ്ട് പേജിന്‍! ഇക്കണ്ട ആള്‍ക്കാര് മുഴുവന്‍ ഈ വക വാര്‍ത്ത ഫോളോ ചെയ്യുന്നുണ്ടെന്ന് സാരം!

ഇത് പടച്ചു വിട്ടവരോട്:
കുറച്ച് തിരുത്തുണ്ട്. ആ ഫോട്ടോയില്‍ കാണുന്നത് എന്റെ മുത്തശ്ശനാണ്, ഭര്‍ത്താവിന്റെ അച്ഛനല്ല! മുത്തശ്ശന് 84 വയസ്സായിട്ടേള്ളൂ. രണ്ട് വയസു കൂട്ടി ഇട്ടണ്ടല്ലോ! എനിക്ക് 27 വയസ്സുണ്ട്. 3 വയസ്സ് കുറച്ചിട്ടതില്‍ സന്തോഷം! ഞങ്ങള്‍ കരുവാരകുണ്ടുകാരാണ്, കോട്ടയവുമായി കോട്ടയം കുഞ്ഞച്ചന്‍ കണ്ട പരിചയം മാത്രേള്ളൂ! പിന്നെ ഈ ‘വാര്‍ത്ത’ കണ്ട് ഗള്‍ഫില്‍ ഇരുന്നു ഞെട്ടാന്‍ എന്റെ ഭര്‍ത്താവ് ഗള്‍ഫിലുമല്ല, മൂപ്പരെ ഞാന്‍ അല്ലാണ്ടെ തന്നെ ആവശ്യത്തിന് ഞെട്ടിക്കുന്നുമുണ്ട്.

മാസ്സ് റിപ്പോര്‍ട്ട് ചെയ്ത് പോസ്റ്റ് നീക്കം ചെയ്യിച്ചിട്ടുണ്ട്. എങ്കിലും പല പോസ്റ്റുകളും മിനുട്ട് വെച്ച് ഇതില്‍ റീഷെയര്‍ ചെയ്തു കണ്ടത് കൊണ്ട് ഇതും അങ്ങനെ ഷെയര്‍ ചെയ്തു പോയിട്ടുണ്ടാവാന്‍ സാധ്യതയുണ്ട്. ഇത് തന്നെ ഒരു പണിയായി കൊണ്ട് നടക്കുന്നവരല്ലേ! പേജ് പൂട്ടിക്കാന്‍ നോക്കീട്ട് സാധിക്കുന്നില്ല. അതിന് സാധിക്കുമെങ്കില്‍ താഴെയുള്ള ലിങ്കില്‍ പോയി റിപ്പോര്‍ട്ട് ചെയ്തു സഹായിക്കുക.
https://www.facebook.com/cinemavarthakerala/

ഇനി, ‘നീ ഫേസ്ബുക്കില്‍ ഫോട്ടോ ഇട്ടു കളിച്ചിട്ടല്ലേ ഈ ഗതി വന്നത്? വല്ല പട്ടീടെയോ പൂച്ചടെയോ പൂവിന്റെയോ ത്രിഷടെയോ ഫോട്ടോ ഇട്ടാ മതിയാര്‍ന്നില്യേ?’ എന്ന് എന്നോട് ചോദിക്കാന്‍ ആഗ്രഹിക്കുന്നവരോടും മനസ്സില്‍ വിചാരിക്കുന്നവരോടും, എനിക്കിതു കൊണ്ട് ഒരു പുല്ലും ഇല്ല! ഈ ഫോട്ടോയില്‍ അശ്ലീലം കാണുന്നവര്‍ക്കും ഈ വക പേജുകള്‍ ഫോളോ ചെയ്ത് അതിലെ വാര്‍ത്തയും വിശ്വസിച്ചു സ്വയം ‘ഉദ്ധരിച്ച്’, അത് കഴിഞ്ഞിട്ട് സാമൂഹ്യോദ്ധാരണത്തിന് ഇറങ്ങുന്നവര്‍ക്കും നല്ല നടുവിരല്‍ നമസ്‌കാരം!

PS: സൈബര്‍ സെല്ലില്‍ കേസ് ഫോളോ അപ്പ് ചെയ്യുന്നതായിരിക്കും, വല്യേ പ്രതീക്ഷയൊന്നും ഇല്യാച്ചാലും!!
ഈ ഫോട്ടോ വാട്‌സാപ്പില്‍ വൈറല്‍ ആണെന്നും കേട്ടു! 84 ആം വയസ്സില്‍ ഒരു മേജര്‍ സര്‍ജറീം കഴിഞ്ഞു കെടക്കണ എന്റെ മുത്തശ്ശനെ ഈ പ്രായത്തില്‍ വാട്‌സ്ആപ്പില്‍ വൈറല്‍ ആക്കിയവര്‍ക്ക് നമോവാകം!
Edit
ചിലര്‍ക്ക് റിപ്പോര്‍ട്ട് ചെയ്യാന്‍ നോക്കിയിട്ട് സാധിക്കുന്നില്ല എന്ന് അറിഞ്ഞതിനാല്‍ റിപ്പോര്‍ട്ട് ചെയ്യേണ്ട വിധം താഴെ കൊടുക്കുന്നു.
1. ലിങ്കില്‍ പോവുക
2. ലൈക്, മെസ്സേജ്, ഷെയര്‍ എന്നീ ഓപ്ഷനുകളുടെ അടുത്തുള്ള മോര്‍ ഓപ്ഷനില്‍ ക്ലിക് ചെയ്യുക
3. താഴെ വരുന്ന മെനുവിലെ റിപ്പോര്‍ട്ട് ഓപ്ഷനില്‍ ക്ലിക് ചെയ്യുക
4. What is wrong with the page എന്ന ചോദ്യത്തിന് മൂന്നാമത്തെ ഓപ്ഷനായ This is harassing me or someone I know എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക
5. Continue ബട്ടണ്‍ അമര്‍ത്തി Submit to facebook for review എന്ന ഓപ്ഷന്‍ കൊടുക്കുക
6. Done എന്ന ബട്ടണ്‍ ക്ലിക്ക് ചെയ്യുക

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top