സര്‍ക്കാരിലേയ്ക്ക് അടയ്‌ക്കേണ്ട ഫീസുകള്‍ക്കും നികുതികള്‍ക്കും നവംബര്‍ 30 വരെ സാവകാശം നല്‍കുമെന്ന് മുഖ്യമന്ത്രി

pinarayi-vijayan

പിണറായി വിജയന്‍

തിരുവനന്തപുരം : നോട്ടുകള്‍ അസാധുവാക്കിയ സാഹചര്യത്തില്‍ സര്‍ക്കാരിലേയ്ക്ക് അടയ്‌ക്കേണ്ട ഫീസുകള്‍ക്കും നികുതികള്‍ക്കും സാവകാശം നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നവംബര്‍ 30 വരെ എല്ലാത്തരം ഫീസുകളും പിഴയില്ലാതെ അടയ്ക്കാന്‍ സമയം അനുവദിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

കെട്ടിടനികുതി, വൈദ്യുതി ബില്‍, വെള്ളക്കരം, ടെലഫോണ്‍ ബില്‍ തുടങ്ങി വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ അടയ്‌ക്കേണ്ട തുകകള്‍ക്കാണ് സാവകാശം നല്‍കുക. മോട്ടോര്‍വാഹന നികുതിയും പിഴ കൂടാതെ നവംബര്‍ 30 വരെ നല്‍കാം. തുക അടയ്‌ക്കേണ്ട തീയതി കഴിഞ്ഞവര്‍ക്കും ഇളവ് ബാധകമായിരിക്കും. എന്നാല്‍ വാറ്റ്, എക്‌സൈസ് നികുതികള്‍ക്ക് ഇളവ് ബാധകമല്ലെന്നും മുഖ്യമന്ത്രി അറിയിച്ചു.

നോട്ടുകള്‍ പിന്‍വലിച്ച നടപടിയെത്തുടര്‍ന്ന് ജനങ്ങള്‍ ദുരിതത്തിലാണ്. സാധാരണക്കാരാണ് ഏറെ ബുദ്ധിമുട്ട് അനുഭവിക്കുന്നത്. ചികില്‍സ ലഭിക്കാതെയും മരുന്ന് വാങ്ങാന്‍ കഴിയാതെയും ജനങ്ങള്‍ വലയുകയാണ്. ഇത്രദിവസമായിട്ടും വേണ്ട നടപടികള്‍ സ്വീകരിക്കാത്തത് ഗുരുതരമായ വീഴ്ചയാണ്. മറ്റേതൊരു സര്‍ക്കാരായിരുന്നുവെങ്കിലും ഇത്തരത്തില്‍ നിസംഗത പാലിക്കുമായിരുന്നില്ലെന്നും പിണറായി വിജയന്‍ പറഞ്ഞു.

ഇപ്പോഴത്തെ നടപടി കള്ളപ്പണം തടയാന്‍ ഉദ്ദേശിച്ച് സ്വീകരിച്ചതല്ലെന്നും മുഖ്യമന്ത്രി ആരോപിച്ചു. രാജ്യത്തിനകത്തെ കള്ളപ്പണ ലോബിക്ക് കള്ളപ്പണം സുരക്ഷിതമായി മാറ്റുന്നതിനുള്ള എല്ലാ സൗകര്യങ്ങളും നേരത്തെ തന്നെ ലഭ്യമായിട്ടുണ്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി. നോട്ടുകള്‍ പിന്‍വലിക്കാന്‍ പോകുന്ന കാര്യം നേരത്തെതന്നെ പലര്‍ക്കും അറിയാമായിരുന്നുവെന്നും പിണറായി ആരോപിച്ചു. നോട്ട് അസാധുവാക്കിയതുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരിന്റെ എതിര്‍പ്പ് നേരത്തെ തന്നെ കേന്ദ്രത്തെ അറിയിച്ചിരുന്നു. ഇന്ന് ദില്ലിയിലെത്തുമ്പോള്‍ കേന്ദ്രധനമന്ത്രിയെ കണ്ട് ഇക്കാര്യം നേരിട്ട് അറിയിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top