ടിപ്പു ജയന്തി; ആഘോഷങ്ങളെ തെരുവില്‍ തടയുമെന്ന് ആര്‍എസ്എസ്, കുടക് വീണ്ടും കലാപ ഭൂമിയായേക്കും

tippu

ഫയല്‍ ചിത്രം

ബംഗലൂരു: നാളെ കര്‍ണാടക സര്‍ക്കാര്‍ ആഘോഷിക്കുന്ന ടിപ്പു ജയന്തി തടയാന്‍ സംഘപരിവാര്‍ നേതൃത്വം കച്ചമുറുക്കിയതോടെ കുടക് വീണ്ടും കലാപഭൂമിയാകാന്‍ സാധ്യത. നിരോധനാജ്ഞ നിലനില്‍ക്കുമ്പോഴും ടിപ്പുജയന്തി ആഘോഷങ്ങളെ തെരുവില്‍ തടയാനുള്ള നീക്കങ്ങള്‍ സജീവമാക്കുകയാണ് സംഘപരിവാര്‍. ടിപ്പുവിന്റെ പടയോട്ട കാലത്ത് ഏറെ ആക്രമണങ്ങള്‍ നേരിടേണ്ടി വന്ന കുടക് ഭൂമിയെ വൈകാരികമായിത്തന്നെ ഒപ്പം നിര്‍ത്താനാണ് ആര്‍എസ്എസിന്റെ നീക്കം.

കഴിഞ്ഞവര്‍ഷം ടിപ്പുജയന്തി ആഘോഷത്തിനിടെ വലിയ കലാപമാണ് കുടകിലുണ്ടായത്. സംഘര്‍ഷത്തില്‍ വിഎച്ച്പി കുടക് ഓര്‍ഗനൈസിംഗ് സെക്രട്ടറി ഡിഎസ് കട്ടപ്പയുള്‍പ്പെടെ കൊല്ലപ്പെട്ടിരുന്നു. ഇക്കുറി കേന്ദ്രസേനയടക്കമുള്ള സന്നാഹങ്ങളുമായാണ് കര്‍ണാടക സര്‍ക്കാര്‍ ടിപ്പുജയന്തി ആഘോഷിക്കാനൊരുങ്ങുന്നത്. ഇതിനെ പ്രതിരോധിക്കാനുള്ള അവസാനവട്ട തയ്യാറെടുപ്പിലാണ് സംഘപരിവാര്‍ സംഘടനകള്‍. നിരോധനാജ്ഞ നിലനില്‍ക്കുമ്പോഴും രഹസ്യയോഗങ്ങളുള്‍പ്പെടെ നടത്തി അണികളെ സജീവമാക്കുകയാണ് സംഘപരിവാര്‍. പോലീസ് എന്തുചെയ്താലും തങ്ങള്‍ ഉറച്ചനിലപാടില്‍ത്തന്നെയാണെന്ന് നേതാക്കള്‍ വ്യക്തമാക്കി.

ടിപ്പുസുല്‍ത്താന്‍ മതഭ്രാന്തനാണെന്നും സ്വാതന്ത്ര്യ സമര സേനാനിയല്ലെന്നുമാണ് ആര്‍എസ്എസിന്റെ നിലപാട്. ടിപ്പു ജയന്തിയെ തെരുവില്‍ തടയുമെന്ന് ആര്‍എസ്എസ് പ്രഖ്യാപിച്ചുകഴിഞ്ഞു. കുടക് മേഖലയെ വൈകാരികമായി കൂടെ നിര്‍ത്താനുള്ള പ്രചാരണങ്ങളാണ് സംഘപരിവാര്‍ നടത്തുന്നത്. കൊടവ നാഷണല്‍ കൗണ്‍സില്‍ ഉള്‍പ്പെടെയുള്ള പ്രാദേശിക ജാതി കക്ഷികളെ കൂടെനിര്‍ത്തി ടിപ്പുവിരോധി ഹോരാട്ട സമിതി എന്ന സംഘടനക്കും ഇവര്‍ രൂപം നല്‍കിയിട്ടുണ്ട്. മുസ്ലീം വോട്ട് ബാങ്ക് ലക്ഷ്യമാക്കിക്കൊണ്ടാണ് കോണ്‍ഗ്രസ് സര്‍ക്കാര്‍ ടിപ്പു ജയന്തി ആഘോഷിക്കുന്നതെന്നാണ് ഇവരുടെ പ്രധാന വാദം. ടിപ്പു ജയന്തിയുടെ മറവില്‍ ദേശവിരുദ്ധ ശക്തികള്‍ കുടകില്‍ സ്വാധീനമുറപ്പിക്കുന്നതായും ഇവര്‍ പറയുന്നു.

കഴിഞ്ഞവര്‍ഷം നിരോധനജ്ഞ ലംഘിച്ചുകൊണ്ട് ഇരുപക്ഷത്തമായി ആയിരക്കണക്കിനാളുകള്‍ തെരുവിലിറങ്ങിയിരുന്നു. കേരളത്തില്‍ നിന്നുള്‍പ്പെടെ ആളുകളെ കുടകിലേക്ക് എത്തിച്ചെന്ന് ഇരുപക്ഷവും ആരോപണമുന്നയിച്ച സാഹചര്യത്തില്‍ ഇക്കുറി അതിര്‍ത്തിയില്‍ കനത്ത ജാഗ്രതയിലാണ് കര്‍ണാടക പോലീസ്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top