ആര്‍എസ്എസിനെതിരെ ശബ്ദിക്കുന്നത് മതസ്പര്‍ധ വളര്‍ത്തലെന്ന് മാഹി പോലീസ്: ഫസല്‍ വധക്കേസ് വാര്‍ത്ത ഫേയ്സ്ബുക്കില്‍ ഷെയര്‍ ചെയ്ത സിപിഐഎം പ്രവര്‍ത്തകര്‍ക്കെതിരെ ജാമ്യമില്ലാവകുപ്പുപ്രകാരം കേസ്

cpim

ആര്‍എസ്എസിനെതിരെ ഓണ്‍ലൈന്‍ സൈറ്റില്‍ വന്ന വാര്‍ത്ത നവമാധ്യമങ്ങളില്‍ ഷെയര്‍ ചെയ്തതിന് യുവാക്കള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്. മാഹി പള്ളൂര്‍ പോലീസാണ് സിപിഐഎം പ്രവര്‍ത്തകരായ സാദിഖിനും നിഷാദ് ചിക്കുവിനുമെതിരേ കേസെടുത്തത്. തലശേരിയിലെ എന്‍ഡിഎഫ് പ്രവര്‍ത്തകന്‍ ഫസലിനെ കൊലപ്പെടുത്തിയ കേസില്‍ മാഹിയിലെ രണ്ട് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്ക് പങ്കുണ്ടെന്ന് ഒരു ഓണ്‍ലൈന്‍ മാധ്യമം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ വാര്‍ത്ത ഫേസ്ബുക്ക് വഴി ഷെയര്‍ ചെയ്തതിനാണ് ഇരുവര്‍ക്കുമെതിരേ ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 504, 505(2) വകുപ്പുകള്‍ ചുമത്തിയിരിക്കുന്നത്.

സമൂഹത്തിലെ സമാധാനാന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിക്കല്‍, മതസ്പര്‍ധ വളര്‍ത്തല്‍ തുടങ്ങിയ ഗുരുതരമായ കുറ്റകൃത്യങ്ങള്‍ക്ക് ചുമത്തുന്ന വകുപ്പാണിത്. 505 (2) വകുപ്പനുസരിച്ച് ജാമ്യം പോലും ലഭിക്കില്ല. ഫസല്‍ വധക്കേസില്‍ നേരിട്ട് പങ്കുണ്ടെന്ന് ആരോപിക്കപ്പെടുന്ന ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ‘കുപ്പി’യെന്ന് വിളിപ്പേരുള്ള സുബീഷിന്റെ പരാതിപ്രകാരമാണ് പോലീസ് കേസെടുത്തത്. അതേസമയം വിഷയത്തില്‍ പോലീസിനെതിരെ ശക്തമായ പ്രതിഷേധവുമായി സിപിഐഎം രംഗത്തെത്തി. ആര്‍എസ്എസ് പ്രവര്‍ത്തകന് കൊലപാതകത്തില്‍ പങ്കുണ്ടെന്ന വാര്‍ത്ത ഷെയര്‍ ചെയ്യുന്നത് എങ്ങനെ സമാധാനാന്തരീക്ഷം തകര്‍ക്കലാകുമെന്നാണ് സിപിഐഎം തലശേരി ഏരിയാ കമ്മിറ്റിയുടെ ചോദ്യം. പോലീസ് നടപടി പിന്‍വലിക്കണമെന്ന് ഏരിയാ സെക്രട്ടറി എംസി പവിത്രന്‍ ആവശ്യപ്പെട്ടു. പ്രദേശത്തെ അറിയപ്പെടുന്ന സാമൂഹ്യപ്രവര്‍ത്തകര്‍ കൂടിയായ സാദിഖിനും നിഷാദ് ചിക്കുവിനുമെതിരേ കേസെടുത്തത് ആര്‍എസ്എസ് നിര്‍ദേശപ്രകാരമാണെന്ന ആരോപണവും ഉയരുന്നുണ്ട്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top