ജെഎന്‍യു വിദ്യാര്‍ത്ഥി നജീബിന്റെ തിരോധാനം; പ്രതിഷേധം നടത്തിയ നജീബിന്റെ മാതാവിനെയും സുഹൃത്തുക്കളെയും പൊലീസ് കസ്റ്റഡിയിലെടുത്തു

najeeb

ദില്ലി: ജെന്‍യു വിദ്യാര്‍ത്ഥിയായ നജീബ് അഹമ്മദിന്റെ തിരോധാനവുമായി ബന്ധപ്പെട്ട് പ്രതിഷേധം നടത്തിയ നജീബ് അഹമ്മദിന്റെ മാതാവിനെ ദില്ലി പൊലീസ് കസ്റ്റഡിയിലെടുത്തു. തിരോധാനവുമായി ബന്ധപ്പെട്ട് അധികൃതര്‍ നടപടികള്‍ സ്വീകരിക്കാത്തതിന്റെ പശ്ചാത്തലത്തില്‍, ഇന്ത്യാ ഗേറ്റിന് മുന്നില്‍ പ്രതിഷേധം നടത്തിയ നജീബിന്റെ മാതാവിനെയും ജെഎന്‍യു വിദ്യാര്‍ത്ഥികളെയും ദില്ലി പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

റിപ്പോര്‍ട്ടുകള്‍ പ്രകാരം, 144 ആം വകുപ്പിന്റെ അടിസ്ഥാനത്തിലാണ് പ്രതിഷേധം നടത്തിയ നജീബ് അഹമ്മദിന്റെ മാതാവിനെയും സുഹൃത്തുക്കളെയും പൊലീസ് കസ്റ്റഡിയിലെടുത്തത്. അടുത്ത 72 മണിക്കൂറിനുള്ളില്‍ നജീബ് അഹമ്മദിന്റെ വിവരങ്ങള്‍ ലഭിച്ചില്ലെങ്കില്‍ സര്‍വകലാശാലയിലെ വിവിധ വിദ്യാര്‍ത്ഥി സംഘടനകള്‍ ജന്ദര്‍ മന്തിറില്‍ പ്രതിഷേധം നടത്തുമെന്ന മുന്നറിയിപ്പുമായി രംഗത്തെത്തിയിട്ടുണ്ട്.

‘ഐസ’ പ്രവര്‍ത്തകനും എംഎസ്സി ബയോടെക്നോളജി വിദ്യാര്‍ത്ഥിയുമായ നജീബ് അഹമ്മദ്, എബിവിപി പ്രവര്‍ത്തകരുമായുണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് കാണാതായിട്ട് 22 ദിവസം കഴിഞ്ഞിരിക്കുകയാണ്. ക്യാമ്പസില്‍ വെച്ച് എബിവിപി പ്രവര്‍ത്തകര്‍ നജീബിനെ മര്‍ദിച്ചിരുന്നു. ഇതിന് ശേഷമാണ് നജീബിനെ കാണാതായത്. സംഭവത്തിന് പിന്നില്‍ എബിവിപിയാണെന്ന വാദം ശക്തമാണ്.

നേരത്തെ, വിഷയവുമായി ബന്ധപ്പെട്ട് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍, രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. മുമ്പ്, കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ് ദില്ലി പൊലീസ് കമ്മീഷണര്‍ അലോക് കുമാര്‍ വര്‍മ്മയുമായി സംഭവത്തെ കുറിച്ച് ചര്‍ച്ച ചെയ്തിരുന്നു.

നവമാധ്യമങ്ങളില്‍ വലിയ പ്രതിഷേധമാണ് വിഷയത്തില്‍ ഉയര്‍ന്നുവന്നിരിക്കുന്നത്. നജീബിനെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് വിവിധ ഹാഷ്ടാഗുകളും ട്വിറ്ററിലും ഫെയ്‌സ്ബുക്കിലും പ്രചരിച്ചിരുന്നു. പ്രതിഷേധത്തിന്റെ ഭാഗമായി നജീബിന്റെ കുടുംബാംഗങ്ങളുള്‍പ്പെടെ ജെഎന്‍യുവിലെത്തിയിരുന്നു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top