‘അക്രമം നടത്തിയ ക്രിമിനലുകളെ തള്ളിപ്പറയാന്‍ ആര്‍എസ്എസ് ബിജെപി നേതൃത്വം തയ്യാറാവണം’ : പി ജയരാജന്‍

jayarajan

ഫയല്‍

കണ്ണൂര്‍: കണ്ണൂര്‍ താഴെ കുന്നോത്ത്പറമ്പില്‍ ഡിവൈഎഫ്ഐ പ്രകടനത്തിന് നേരെ ആര്‍എസ്എസുകാര്‍ ബോംബെറിഞ്ഞ സംഭവം അതീവഗൗരവത്തോടെ കാണണമെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി പി ജയരാജന്‍. മന്ത്രിമാര്‍ ഉള്‍പ്പടെ നിരവധി പേര്‍ പങ്കെടുത്ത സമാധാനയോഗത്തിന് ശേഷമാണ് കൊളവല്ലൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ബോംബേറുണ്ടായത്.

സമാധാനയോഗത്തില്‍ സംഘപരിവാര്‍ നേതൃത്വം ആവര്‍ത്തിച്ച് പറഞ്ഞത് തങ്ങളുടെ പ്രവര്‍ത്തകര്‍ക്ക് സമാധാനം സ്ഥാപിക്കുന്നതിന് വേണ്ട കര്‍ശന നിര്‍ദേശം നല്‍കിയെന്നാണ്. അതിനാല്‍ നേതൃത്വത്തിന്റെ നിര്‍ദ്ദേശം അംഗീകരിക്കാതെ അക്രമം നടത്തിയ ക്രിമിനലുകളെ തള്ളിപ്പറയാന്‍ ആര്‍എസ്എസ് ബിജെപി നേതൃത്വം തയ്യാറാവണം. പൊലീസിന്റെ ഭാഗത്ത് നിന്നും അക്രമികള്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാവണമെന്നും ജയരാജന്‍ പറഞ്ഞു.

ഒക്‌റ്റോബര്‍ 24ന് ജില്ലാ കളക്ടര്‍ വിളിച്ച് ചേര്‍ത്ത സമാധാനയോഗത്തിന് ശേഷം കാക്കയങ്ങാട് ശബരിമലക്ക് പോകാന്‍ വ്രതമെടുത്ത വിദ്യാര്‍ത്ഥികളെ ഉള്‍പ്പടെ ആര്‍എസ്എസ് സംഘം ആക്രമിച്ചു. 28ന് കൂത്തുപറമ്പ് ആമ്പിലാട്ടെ രാഘവന്റെ വീടിന് നേരെയും ആര്‍എസ്എസുകാര്‍ ആക്രമണം നടത്തി. 30ന് തലശ്ശേരി ടെമ്പിള്‍ ഗേറ്റിലെ സിപിഐഎം തിരുവങ്ങാട് വെസ്റ്റ് ലോക്കല്‍ കമ്മറ്റി ഓഫീസില്‍ കയറിയാണ് ആര്‍എസ്എസുകാര്‍ ആക്രമണം നടത്തിയത്. ഇതിന്റെ തുടര്‍ച്ചയായാണ് ഇപ്പോഴത്തെ ആര്‍എസ്എസിന്റെ പ്രകോപനപരമായ നീക്കമെന്നും പി ജയരാജന്‍ പറഞ്ഞു. നമ്മുടെ നാടിന്റെ സമാധാനം തകര്‍ക്കാനുള്ള ആര്‍എസ്എസ് നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ത്തിക്കൊണ്ടുവരണമെന്നും അദ്ദേഹം പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

കണ്ണൂരില്‍ സിപിഐഎം പ്രവര്‍ത്തകരുടെ പ്രതിഷേധ പ്രകടനത്തിന് നേരെയാണ് ബോംബേറുണ്ടായത്.  സിപിഐഎം പ്രവര്‍ത്തകരായ ഷൈജു, അമല്‍ എന്നിവര്‍ക്ക് ബോംബേറില്‍ പരുക്കേറ്റു. ഇവരെ തലശേരി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

കണ്ണൂരില്‍ സര്‍വകക്ഷി സമാധാനയോഗം അവസാനിച്ചതിന് മണിക്കൂറുകള്‍ക്കുള്ളിലാണ് അക്രമമുണ്ടായത്. ഡിവൈഎഫ്‌ഐ സ്ഥാപക ദിനത്തിന്റെ ഭാഗമായി സ്ഥാപിച്ച കൊടിമരം തകര്‍ത്തതില്‍ പ്രതിഷേധിച്ച് നടന്ന പ്രകടനത്തിന് നേരെയാണ് ബോംബേറുണ്ടായത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top