വിമുക്ത ഭടന്റെ ആത്മഹത്യ: ഇന്ത്യാ ഗെയ്റ്റിലേക്ക് മാര്‍ച്ച് നടത്തിയ രാഹുല്‍ ഗാന്ധിയെ പൊലീസ് വീണ്ടും കസ്റ്റഡിയിലെടുത്തു

rahul

ദില്ലി: വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍ പദ്ധതി നടപ്പാക്കാത്തതിനെ തുടര്‍ന്ന് വിമുക്തഭടന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിഷേധിച്ച് ഇന്ത്യാ ഗെയ്റ്റിലേക്ക് മാര്‍ച്ച് നടത്തിയ രാഹുല്‍ ഗാന്ധിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.  ജന്ദര്‍ മന്ദറില്‍ നിന്നും മെഴുകുതിരിയുമായി ഇന്ത്യാ ഗെയ്റ്റിലേക്ക് മാര്‍ച്ച നടത്തവെയാണ് രാഹുല്‍ ഗാന്ധിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. കസ്റ്റഡിയിലെടുത്ത രാഹുലിനെ സ്ഥലത്തു നിന്നും പൊലീസ് വാഹനത്തില്‍ കയറ്റികൊണ്ട് പോവുകയായിരുന്നു. ഇദ്ദേഹത്തെ പിന്നീട് ഫിറോസ് ഷാ റോഡിന് സമീപം വിട്ടയച്ചതായി പൊലീസ് വ്യക്തമാക്കി.

ആത്മഹത്യ ചെയ്ത വിമുക്ത ഭടന്റെ കുടുംബത്തോടുള്ള പൊലീസിന്റെ സമീപനം മോശമായിരുന്നെന്നും കുറഞ്ഞ പക്ഷം പൊലീസ് അവരോട് മാപ്പ് ചോദിക്കുകയെങ്കിലും ചെയ്യണമെന്നും രാഹുല്‍ സംഭവത്തിന് ശേഷം പ്രതികരിച്ചു. ജന്ദര്‍ മന്ദറിലെ ജനക്കൂട്ടത്തെ കണക്കിലെടുത്ത് രാഹുലിന്റെ സുരക്ഷയ്ക്കായാണ് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തതെന്നായിരുന്നു പൊലീസ് നല്‍കിയ വിശദീകരണം.  ഇത് ജനാധിപത്യമല്ലെന്ന്  കോണ്‍ഗ്രസ് നേതാവ് മനീഷ് തെവാരി സംഭവത്തോട്  പ്രതികരിച്ചു.

രാഹുല്‍ ഗാന്ധിയും പാര്‍ട്ടി പ്രവര്‍ത്തകരും സമാധാനപൂര്‍ണമായ മാര്‍ച്ചായിരുന്നു നടത്തിയിരുന്നതെന്നും ഓരോ ദിവസം കഴിയുന്തോറും മോദി സര്‍ക്കാര്‍ തങ്ങളുടെ തനിനിറം പുറത്തെടുക്കുകയാണെന്നും കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സുര്‍ജെവാല പറഞ്ഞു. മാര്‍ച്ചിനെക്കുറിച്ച് ദില്ലി പൊലീസിനെ രേഖാമൂലം അറിയിച്ചിരുന്നതായും അദ്ദേഹം വ്യക്തമാക്കി. തുടര്‍ച്ചയായ മൂന്നാം തവണയാണ് രാഹുല്‍ ഗാന്ധിയെ പൊലീസ് കസ്റ്റഡിയിലെടുക്കുന്നത്. വിമുക്ത ഭടന്റെ കുടുംബത്തെ കാണാന്‍ ശ്രമിച്ച രാഹുലിനെ കഴിഞ്ഞ ദിവസം രണ്ട് തവണ കസ്റ്റഡിയിലെടുത്തിരുന്നു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top