‘അഞ്ച് നേരത്തെ ബാങ്കും വിളിച്ചിട്ട് നവജാത ശിശുവിന് മുലപ്പാല്‍ കൊടുത്താല്‍ മതി’; പിതാവിന്റെ വാശിയില്‍ നാവുവറ്റി പിഞ്ചുകുഞ്ഞ്

kali

മുക്കം: അന്ധവിശ്വാസത്തിന്റെ പേരില്‍ നവജാത ശിശുവിന് മുലപ്പാല്‍ നല്‍കാന്‍ പിതാവ് സമ്മതിച്ചില്ല. നവജാത ശിശുവിന് 24 മണിക്കൂര്‍ കഴിഞ്ഞേ മുലപ്പാല്‍ കൊടുക്കാന്‍ അനുവദിക്കൂ എന്ന അന്ധവിശ്വാസിയായ പിതാവിന്റെ വാശി ഉമ്മയേയും ആശുപത്രി അധികൃതരെയും വലച്ചു. മുക്കം ഇഎംഎസ് സഹകരണ ആശുപത്രിയില്‍ ബുധനാഴ്ച പകല്‍ രണ്ട് മണിയോടെയാണ് ഓമശ്ശേരി സ്വദേശിയായ അബൂബക്കര്‍ സിദ്ധിഖിന്റെ ഭാര്യ ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്.

പ്രസവിച്ച് കുറച്ച് സമയം കഴിഞ്ഞപ്പോള്‍ കുഞ്ഞിന് മുലപ്പാല്‍ കൊടുക്കാന്‍ ഡോക്ടര്‍ നിര്‍ദ്ദേശിച്ചു. എന്നാല്‍ കുട്ടിയുടെ പിതാവ് ഇത് തടഞ്ഞു. അഞ്ച് ബാങ്ക് വിളി കഴിയാതെ കുട്ടിക്ക് മുലപ്പാല്‍ കൊടുക്കരുതെന്ന് യുവാവ് ഭാര്യയോടും, ആശുപത്രി അധികൃതരോടും പറഞ്ഞു. ഇതനുസരിച്ച് വ്യാഴാഴ്ച ഉച്ചബാങ്ക് കഴിഞ്ഞേ കുട്ടിക്ക് മുലപ്പാല്‍ കൊടുക്കാന്‍ കഴിയൂ. ഇത് നവജാത ശിശുവിന്റെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞിട്ടും യുവാവ് വഴങ്ങിയില്ല. കുഞ്ഞിന് അഞ്ച് നേരത്തേ ബാങ്ക് കഴിയാതെ മുലപ്പാല്‍ കൊടുക്കരുതെന്നും ജപിച്ച് ഊതിയ വെള്ളം മാത്രമേ നല്‍കാവൂ എന്നും യുവാവ് വാശി പിടിക്കുകയായിരുന്നു. കുഞ്ഞ് ജനിച്ചാല്‍ ചെവിയില്‍ ബാങ്ക് വിളിക്കണമെന്ന ചടങ്ങ് ഉണ്ടെങ്കിലും അഞ്ച് നേരത്തേയും ബാങ്ക് വിളി കഴിഞ്ഞേ കുട്ടിക്ക് പാല്‍ കൊടുക്കു എന്ന് പറയുന്നത് ശുദ്ധ മണ്ടത്തരമാണെന്ന് കുട്ടിയുടെ ബന്ധുക്കളും പറഞ്ഞു.

കുഞ്ഞിന്റെ ആരോഗ്യ കാര്യത്തില്‍ ഉത്കണ്ഠാകുലരായ ആശുപത്രി അധികൃതര്‍ ചൈല്‍ഡ് വെല്‍ഫയറിലും പൊലീസിലും വിവരമറിയിച്ചു. തുടര്‍ന്ന് എസ്‌ഐ സലീമിന്റെ നേതൃത്വത്തില്‍ സ്ഥലത്തെത്തിയ പൊലീസ് സംസാരിച്ചിട്ടും യുവാവ് വിശ്വാസത്തില്‍ ഉറച്ചുനിന്നു. തന്റെ ആദ്യ മകനും ഇത്തരത്തിലാണ് മുലപ്പാല്‍ നല്‍കിയതെന്നും അന്ന് 23 മണിക്കൂര്‍ കഴിഞ്ഞിട്ടും കുട്ടിക്ക് ഒന്നും സംഭവിച്ചില്ലെന്നും ഇയാള്‍ വാദിച്ചു.

ഇപ്പോള്‍ മുലപ്പാല്‍ കൊടുത്തില്ലെന്ന് വെച്ച് കുട്ടിക്ക് ഒന്നും സംഭവിക്കില്ലെന്നും ഇയാള്‍ പറയുന്നു. എന്നാല്‍ ജനന സമയത്ത് കുട്ടിക്ക് മുലപ്പാല്‍ നല്‍കിയില്ലെങ്കില്‍ ഗുരുതര ആരോഗ്യപ്രശ്‌നമോ നിര്‍ജലീകരണമോ സംഭവിച്ച് കുട്ടി മരിക്കാന്‍ ഇടയുണ്ടെന്നും ഡോക്ടര്‍ പറഞ്ഞു. പിന്നീട് കുഞ്ഞിന്റെ ആരോഗ്യത്തിന് എന്തെങ്കിലും പ്രശ്‌നമുണ്ടായാല്‍ ആശുപത്രി അധികൃതര്‍ ഉത്തരവാദിയല്ലെന്ന് ഇയാള്‍ എഴുതി ഒപ്പിട്ടു നല്‍കി. എന്നാല്‍ കുട്ടിക്ക് വല്ലതും സംഭവിച്ചാല്‍ പൊലീസ് നടപടി എടുക്കേണ്ടി വരുമെന്ന് എസ്‌ഐ ഇയാളെ അറിയിച്ചു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top