അടിതെറ്റി ‘സാന്റീന’; ഡബ്ള്യുടിഎ ഓപ്പണില്‍ സാനിയ-ഹിംഗിസ് സഖ്യത്തിന് തോല്‍വി

sania

സാനിയ-ഹിംഗിസ് മത്സരത്തിനിടെ

സിംഗപ്പൂര്‍: ഡബ്‌ള്യുടിഎ ഓപ്പണ്‍ സെമിഫൈനലില്‍ സാനിയ- ഹിംഗിസ് സഖ്യത്തിന് തോല്‍വി. സെമിയില്‍ റഷ്യന്‍ സഖ്യമായ എലേന വെസ്‌നിയ- ഏകതേറീന മകാരോവ സഖ്യമാണ് ഇന്തോ-സ്വിസ് ജോഡിയെ പരാജയപ്പെടുത്തിയത്. സ്‌കോര്‍ 6-3, 2-6, 6-10.

ഒന്നിനെതിരെ രണ്ടു സെറ്റുകള്‍ക്കായിരുന്നു സാന്റീന സഖ്യത്തിന്റെ തോല്‍വി. ആദ്യ സെറ്റ് നേടിയ സഖ്യം പിന്നീടുള്ള രണ്ട് സെറ്റുകളില്‍ പരാജയം സമ്മതിക്കുകയായിരുന്നു. രണ്ടാം സെറ്റില്‍ റഷ്യന്‍ ജോഡികള്‍ ശക്തമായ തിരിച്ചുവരവാണ് നടത്തിയത്. 2-6 എന്ന സ്‌കോറിന് രണ്ടാം സെറ്റ് സ്വന്തമാക്കിയ റഷ്യന്‍ താരങ്ങള്‍ നിര്‍ണ്ണായകമായ മൂന്നാം സെറ്റും കൈപ്പിടിയിലാക്കുകയായിരുന്നു. ശക്തമായ പോരാട്ടം കണ്ട മൂന്നാം സെറ്റില്‍ 6-10 നായിരുന്നു റഷ്യന്‍ ജോഡിയുടെ വിജയം.

നിലവിലെ ചാമ്പ്യന്മാരും ടൂര്‍ണമെന്റിലെ രണ്ടാം സീഡുമായ സാന്റീന ജോഡി ചെറിയ ഇടവേളയ്ക്കു ശേഷമാണ് വീണ്ടും കോര്‍ട്ടിലിറങ്ങിയത്.
വിജയ പരമ്പരകള്‍ക്ക് ശേഷം കഴിഞ്ഞ ഓഗസ്റ്റിലാണ് സാന്റീന സഖ്യം വേര്‍പിരിഞ്ഞത്. തുടര്‍ച്ചയായ 41 വിജയങ്ങള്‍ക്ക് ശേഷമായിരുന്നു ഇരുവരുടെയും വേര്‍പിരിയല്‍. ശേഷം സാനിയ ബാര്‍ബോറ സ്‌റ്റ്രൈക്കോവയുമായി കൂട്ട് കൂടിയപ്പോള്‍ കോകോ വാന്‍ഡ്‌വെഗേയെ കൂട്ട് പിടിച്ചാണ് ഹിംഗിസ് കോര്‍ട്ടിലിറങ്ങിയത്.

വനിതകളുടെ ഡബിള്‍സില്‍ നിരവധി റെക്കോര്‍ഡുകളാണ് ചുരുങ്ങിയ കാലയളവിനുള്ളില്‍ തന്നെ ഇരുവരും തിരുത്തിയെഴുതിയത്. മൂന്ന് ഗ്രാന്‍ഡ്സ്ലാം കിരീടങ്ങളും 11 ഡബ്ല്യുടിഎ കിരീടങ്ങളുമാണ് സാന്റീന സഖ്യം സ്വന്തമാക്കിയത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top