വിജയക്കൊയ്ത്ത് തുടരാന്‍ സാനിയ-ഹിംഗിസ് സഖ്യം വീണ്ടും ഒന്നിക്കുന്നു

sania

ഫയല്‍

ദില്ലി: ടെന്നീസ് കോര്‍ട്ടിലെ പെണ്‍പുലികള്‍ വീണ്ടും ഒന്നിക്കുന്നു. ഇന്ത്യന്‍ താരം സാനിയ മിര്‍സയും സ്വിറ്റ്‌സര്‍ലാന്റ് താരം മാര്‍ട്ടീന ഹിംഗിസുമാണ് മാസങ്ങള്‍ക്ക് ശേഷം വീണ്ടും ഒന്നിച്ചു മത്സരിക്കാനൊരുങ്ങുന്നത്. ട്വിറ്ററിലൂടെ സാനിയ മിര്‍സ തന്നെയാണ് ഇരുവരും ഒന്നിക്കുന്നുവെന്ന വിവരം അറിയിച്ചത്.

സിംഗപ്പൂരില്‍ നടക്കാനിരിക്കുന്ന ഡബ്ല്യുടിഎ ഓപ്പണിലൂടെയാണ് ഇരുവരും ഒന്നിക്കാനൊരുങ്ങുന്നത്. ടൂര്‍ണമെന്റില്‍ രണ്ടാം സീഡായ സാന്റീന സഖ്യം ആറാം സീഡ് യുങ്ജാന്‍ ചാന്‍- ഹോ ചിങ് ചാന്‍ സഖ്യത്തെയാണ് ആദ്യ റൗണ്ടില്‍ നേരിടുക.

വിജയ പരമ്പരകള്‍ക്ക് ശേഷം കഴിഞ്ഞ ഓഗസ്റ്റിലാണ് സാന്റീന സഖ്യം വേര്‍പിരിഞ്ഞത്. തുടര്‍ച്ചയായ 41 വിജയങ്ങള്‍ക്ക് ശേഷമായിരുന്നു ഇരുവരും പിരിയുന്നത്. ശേഷം സാനിയ ബാര്‍ബോറ സ്‌റ്റ്രൈക്കോവയുമായി കൂട്ട് കൂടിയപ്പോള്‍ കോകോ വാന്‍ഡ്‌വെഗേയെ കൂട്ട് പിടിച്ചാണ് ഹിംഗിസ് കോര്‍ട്ടിലിറങ്ങിയത്.

വനിതകളുടെ ഡബിള്‍സില്‍ നിരവധി റെക്കോര്‍ഡുകളാണ് ചുരുങ്ങിയ കാലയളവിനുള്ളില്‍ തന്നെ ഇരുവരും തിരുത്തിയെഴുതിയത്. മൂന്ന് ഗ്രാന്‍ഡ്സ്ലാം കിരീടങ്ങളും 11 ഡബ്ല്യുടിഎ കിരീടങ്ങളുമാണ് സാന്റീന സഖ്യം സ്വന്തമാക്കിയത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top