ജിയോ ഉപഭോക്താക്കള്‍ക്ക് സന്തോഷവാര്‍ത്ത; സൗജന്യ സേവനങ്ങള്‍ മാര്‍ച്ച് വരെ നീട്ടുന്നു

jio

മുംബൈ: റിലയന്‍സ് ജിയോയുടെ സൗജന്യ സേവനങ്ങള്‍ 2017 മാര്‍ച്ച് വരെ നീട്ടുന്നതായി റിപ്പോര്‍ട്ട്. വെല്‍ക്കം ഓഫറായി അവതരിപ്പിച്ച സൗജന്യ ആനുകൂല്യങ്ങള്‍ ആദ്യം ഡിസംബര്‍ 31 വരെ നല്‍കുമെന്നായിരുന്നു കമ്പനി അറിയിച്ചിരുന്നത്. 10 കോടി ജിയോ ഉപയോക്താക്കള്‍ എന്ന ലക്ഷ്യത്തിലേക്കെത്താനായാണ് ജിയോ സൗജന്യം തുടരുന്നത്.

ഇപ്പോള്‍ വോയ്‌സ് കോളുകളും 4 ജി ഡാറ്റയും സിം എടുത്ത എല്ലാവര്‍ക്കും സൗജന്യമാണ്. തുടര്‍ന്ന് ഒരു ജിബി ഡാറ്റയ്ക്ക് 130-140 രൂപ വരെയായിരിക്കും ഈടാക്കുക. ജിയോ കോള്‍ ഡ്രോപ്പുകളും ട്രാഫികും പരിഹരിക്കാത്തതുകൊണ്ട് മികച്ച നിലവാരത്തിലുള്ള സേവനം ഉറപ്പാക്കുംവരെ ജിയോ സേവനങ്ങള്‍ സൗജന്യമായി തുടരുമെന്ന് ജിയോ പ്ലാനിംഗ് ഹെഡ് ആയ അന്‍ഷുമാര്‍ താക്കുര്‍ അറിയിച്ചു. എന്നാല്‍, ട്രായ് നിയമപ്രകാരം ഒരു ടെലികോം കമ്പനിയ്ക്ക് മൂന്ന് മാസത്തില്‍ കൂടുതല്‍ സൗജന്യ സേവനം അനുവദിക്കാനാകില്ല. എന്നാല്‍, ലോഞ്ചിങ് നടത്തി കമ്പനിയുടെ ചെലവില്‍ സൗജന്യ ഓഫറുകള്‍ നല്‍കാവുന്നതാണ്.

കഴിഞ്ഞ ദിവസം ജിയോയില്‍ നിന്നുള്ള കോളുകള്‍ സ്വന്തം നെറ്റ് വര്‍ക്കിലേക്ക് കണക്ട് ചെയ്ത് നല്‍കാതിരുന്നതിന് എയര്‍ടെല്‍, ഐഡിയ, വോഡഫോണ്‍ എന്നീ മൂന്ന് കമ്പനികളില്‍ നിന്ന് 3050 കോടി രൂപ പിഴ ചുമത്താന്‍ ട്രായ് നിര്‍ദേശിച്ചിരുന്നു.

ജിയോ തരംഗമായി മാറിയതോടെ കൂടുതല്‍ ആളുകള്‍ ജിയോ കണക്ഷന്‍ എടുത്തിരുന്നു. അണ്‍ലിമിറ്റഡ് നെറ്റ് പാക്കായിരുന്നു ജിയോയെ വിപണിയിലെ താരമാക്കിയത്. ഈ രംഗത്തെ മത്സരത്തില്‍ നിന്നും ജിയോയെ പുറത്താക്കാനായാണ് കമ്പനികള്‍ കണക്ടിവിറ്റി അനുവദിക്കാതിരുന്നതെന്നാണ് ആരോപണം. ഇന്റര്‍കണക്ഷന്‍ നിഷേധിച്ചതോടെ ഭൂരിഭാഗം ഉപഭോക്താക്കള്‍ക്കും ഫോണ്‍ വിളിക്കാന്‍ സാധിച്ചിരുന്നില്ല.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top