ആര്‍എസ്എസ് വര്‍ഗീയ കാര്‍ഡിറക്കി കളിക്കുന്നു,ക്ഷേത്രങ്ങളില്‍ ആയുധപരിശീലനം അനുവദിക്കില്ലെന്ന തീരുമാനം വിറളിപിടിപ്പിച്ചു: കോടിയേരി ബാലകൃഷ്ണന്‍

kodiyeri

തിരുവനന്തപുരം: കേരളത്തില്‍ ദേവസ്വം ബോര്‍ഡിനു കീഴിലുള്ള ക്ഷേത്രങ്ങളില്‍ ആയുധപരിശീലനം അനുവദിക്കില്ലെന്ന തീരുമാനം ആര്‍എസ്എസിനെ വിറളിപിടിപ്പിച്ചെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കേരളത്തിന്റെ മതനിരപേക്ഷ അടിത്തറ തകര്‍ക്കാന്‍ തെരഞ്ഞെടുപ്പുകാലത്ത് ആര്‍എസ്എസ് ശ്രമിച്ചുവെന്നും അതിപ്പോഴും തുടരുകയാണെന്നും കോടിയേരി ബാലകൃഷ്ണന്‍ ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചു.

ആര്‍എസ്എസ് വര്‍ഗീയ കാര്‍ഡിറക്കി കളിക്കുന്നത്, ജനങ്ങളെ ബാധിക്കുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാത്ത ബിജെപിക്ക് വരുന്ന തെരഞ്ഞെടുപ്പുകളില്‍ തിരിച്ചടിയുണ്ടാകുമെന്ന തിരിച്ചറിവിന്റെ പശ്ചാത്തലത്തിലാണെന്ന് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. തെരഞ്ഞെടുപ്പില്‍ ജനകീയ പ്രശ്‌നങ്ങള്‍ ചര്‍ച്ചയാകാതിരിക്കാനുള്ള അവരുടെ ആയുധമാണ് വര്‍ഗീയകാര്‍ഡെന്നും കോടിയേരി ബാലകൃഷ്ണന്‍ കൂട്ടിചേര്‍ത്തു. ആര്‍എസ്എസ് സംഘപരിവാരം മനുഷ്യനെ തല്ലിക്കൊല്ലാന്‍ ആവിഷ്‌കരിച്ച മുദ്രാവാക്യമാണ് ഗോരക്ഷയെന്നും അക്രമത്തിന് വിധേയമാകുന്നത് പട്ടികജാതി-വര്‍ഗ വിഭാഗവും പിന്നോക്ക സമുദായക്കാരുമാണെന്ന് കുറിച്ച കോടിയേരി ബാലകൃഷ്ണന്‍, ചാതുര്‍വര്‍ണ്യം പറഞ്ഞാല്‍ അധികാരം കിട്ടില്ലെന്ന് സൂചിപ്പിച്ചു. യുപി, ഗുജറാത്ത്, പഞ്ചാബ് തെരഞ്ഞെടുപ്പുകള്‍ ലക്ഷ്യം വെച്ചാണ് ഏകീകൃത സിവില്‍കോഡിനെ ബിജെപി ഉയര്‍ത്തിയിരിക്കുന്നതെന്നും കോടിയേരി ബാലകൃഷ്ണന്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

ഐഎസ് ഭീകരവാദികളുടെ പ്രവര്‍ത്തനം വ്യാപിച്ചാല്‍ കേരളത്തിന്റെ അവസ്ഥ എന്താകുമെന്ന് ചോദിച്ച കോടിയേരി, ആരാധനാലയങ്ങള്‍ വര്‍ഗീയ-ഭീകരവാദികളുടെ കൈയില്‍ അകപ്പെടാതിരിക്കാന്‍ മതവിശ്വാസികള്‍ ജാഗ്രത പാലിക്കണമെന്ന് ആവശ്യപ്പെട്ടു. നാലരമാസം കൊണ്ട് എല്‍ഡിഎഫ് സര്‍ക്കാര്‍ ദേശീയശ്രദ്ധ നേടിയെന്നും ഇവിടെ സമാധാനമുണ്ടോ എന്നു ചോദിക്കാന്‍ വേണ്ടിയാണ് ആര്‍എസ്എസ് കൊലക്കത്തിയുമായി കലാപം അഴിച്ചുവിടുന്നതെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top