special page

ഇനി അത്ര ഇംഗ്ലീഷ് വേണ്ട; ഇംഗ്ലീഷിനെ ‘തരംതാഴ്ത്തി’ മാതൃഭാഷയെ പഠന മാധ്യമമാക്കണമെന്ന് ആര്‍എസ്എസ്

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

ദില്ലി: രാജ്യത്തെ വിദ്യാലയങ്ങളില്‍ ഇംഗ്ലീഷ് ഭാഷാ പഠനം നിര്‍ന്ധമാക്കരുതെന്നും പഠന വിഷയങ്ങളുടെ പ്രഥമ മാധ്യമം അതത് സംസ്ഥാനത്തെ മാതൃഭാഷയാക്കണമെന്നും ആര്‍എസ്എസ്. ഇംഗ്ലീഷ് ഭാഷാ പഠനം നിര്‍ബന്ധമാക്കരുതെന്ന ആവശ്യം ഉന്നയിച്ച് രാഷ്ട്രീയ സ്വയം സേവക് സംഘിന്റെ വിദ്യാഭ്യാസ വിഭാഗമായ ശിക്ഷാ സംസ്‌കൃത് ഉത്താന്‍ ന്യാസാണ് കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയവുമായി ബന്ധപ്പെട്ടത്.

കേന്ദ്ര സര്‍ക്കാരിന്റെ പുതിയ വിദ്യാഭ്യാസ നയത്തിന്മേല്‍ എസ്എസ്‌യുഎന്‍ ശുപാര്‍ശകള്‍ നല്‍കിയിട്ടുണ്ടെന്നും ഭാരതത്തിന്റെ സംസ്‌കാരത്തെ അവഹേളിക്കുന്ന പുസ്തകങ്ങള്‍ക്ക് മേല്‍ നിരോധനം ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് എസ്എസ്‌യുഎന്‍ ആവശ്യപ്പെട്ടതായും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ആര്‍എസ്എസ് വിഭാഗത്തിന്റെ നേതാക്കള്‍ കേന്ദ്ര മാനവ വിഭവശേഷി മന്ത്രി പ്രകാശ് ജാവേദ്ക്കറുമായി കൂടിക്കാഴ്ച നടത്തവെയാണ് ആവശ്യങ്ങള്‍ ഉന്നയിച്ചത്. പുതിയ വിദ്യാഭ്യാസ നയം രൂപീകരിക്കവെ തങ്ങളുടെ നിര്‍ദ്ദേശം പരിഗണിക്കുമെന്ന് മന്ത്രി അറിയിച്ചതായി എസ്എസ്‌യുഎനിന്റെ ഔദ്യോഗിക വക്താവ് അറയിച്ചു.

ഭാരതീയ ഭാഷകള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുന്നതിനൊപ്പം, രാജ്യത്തെ സ്വകാര്യ-ഗവണ്‍മെന്റ് വിദ്യാലയങ്ങളിലെല്ലാം ഭാഷാ മാധ്യമം മാതൃഭാഷയാക്കണമെന്ന് എസ്എസ്‌യുഎന്‍ വ്യക്തമാക്കി. ഐഐടി, ഐഐഎം, എന്‍ഐടി മുതലായ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ പുതിയ വിദ്യാഭ്യാസ നയപ്രകാരം, മാതൃഭാഷയ്ക്ക് മുന്‍ഗണന നല്‍കണമെന്നും എസ്എസ്‌യുഎന്‍ അറിയിച്ചു. കൂടാതെ, മാതൃഭാഷ സംസാരിക്കാന്‍ അനുവദിക്കാത്ത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്നും എസ്എസ്‌യുഎന്‍ ആവശ്യപ്പെട്ടു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top