‘ഒപ്പം’ 50 കോടി ക്ലബ്ബില്‍; മോളിവുഡിലെ അപൂര്‍വ്വ റെക്കോര്‍ഡിനുടമയായി മോഹന്‍ലാല്‍

oppam

‘ഒപ്പം’ പോസ്റ്റര്‍

കൊച്ചി: മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ ടീമിന്റെ ‘ഒപ്പം’ 50 കോടി ക്ലബ്ബില്‍ ഇടം പിടിച്ചു. ലോകമെമ്പാടുമുള്ള റിലീസില്‍ നിന്ന് ലഭിച്ച കളക്ഷന്‍ പരിഗണിച്ചാണ് ചിത്രത്തിന്റെ 50 കോടി നേട്ടം. ഇതോടെ മലയാള സിനിമാ ചരിത്രത്തിലെ അപൂര്‍വ്വ റെക്കോര്‍ഡിനുടമയായിരിക്കുകയാണ് മോഹന്‍ലാല്‍. മോഹന്‍ലാല്‍ നായകനായ ദൃശ്യവും ഒപ്പവും 50 കോടി കളക്ഷന്‍ നേടിയാണ് ഈ അപൂര്‍വ്വ നേട്ടം കൈവരിച്ചിരിക്കുന്നത്.

37.83 കോടി രൂപയാണ് 38 ദിവസം കൊണ്ട് കേരളത്തില്‍ നിന്ന് മാത്രമായി ‘ഒപ്പം’ നേടിയത്. മോഹന്‍ലാലിന്റെ തന്നെ ‘പുലിമുരുകന്‍’ വിജയമായത് ‘ഒപ്പ’ത്തിന്റെ കളക്ഷനെ ബാധിച്ചിട്ടുണ്ടെങ്കിലും അവധി ദിവസങ്ങളില്‍ തിയേറ്ററുകളില്‍ ഹൗസ്ഫുള്‍ ബോര്‍ഡ് തൂങ്ങുന്നുണ്ട്. അമേരിക്ക, യൂറോപ്പ്, ബ്രിട്ടന്‍ തുടങ്ങിയ വിദേശ രാജ്യങ്ങളിലും മികച്ച കളക്ഷനോടെയാണ് ചിത്രം മുന്നേറുന്നത്.

അമ്പത് കോടി ക്ലബ്ബിലെത്തിയ മലയാളത്തിലെ രണ്ട് ചിത്രങ്ങള്‍, ഏറ്റവും വേഗത്തില്‍ 50 കോടി ഗ്രോസ് കളക്ഷന്‍ നേടിയ ചിത്രം എന്നീ നേട്ടങ്ങള്‍ ഇതോടെ സൂപ്പര്‍ താരം മോഹന്‍ലാലിന് സ്വന്തമായി. മാക്‌സ് ലാബ്, ജിസിസി റിലീസ്, യൂറോപ്പ് റിലീസ്, യുകെ റിലീസ് എന്നീ കമ്പനികളാണ് ഒപ്പം വിതരണം ചെയ്തത്. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

എന്ന് നിന്റെ മൊയ്തീന്‍, ബാംഗ്ലൂര്‍ ഡേയ്‌സ്, ടു കണ്‍ട്രീസ് എന്നിവയാണ് അമ്പത് കോടി ക്ലബ്ബിലുള്ള മറ്റ് മലയാള ചിത്രങ്ങള്‍. സാറ്റലൈറ്റ് റൈറ്റിന്റെ തുക കൂടി ഉള്‍പ്പെടുത്തിയാല്‍ പ്രേമവും അമ്പത് കോടി പിന്നിട്ട ചിത്രങ്ങളുടെ പട്ടികയിലുണ്ട്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top