ഐഎസ്ആര്‍ഒ ചന്ദ്രനില്‍ ദൂരദര്‍ശിനി സ്ഥാപിക്കാന്‍ ഒരുങ്ങുന്നു; ലക്ഷ്യം വിദൂര പ്രപഞ്ച നിരീക്ഷണം

isro-moon

ഐഎസ്ആര്‍ഒ മേധാവി എഎസ് കിരണ്‍ കുമാര്‍

ചെന്നൈ: ഭൂമിയുടെ ഉപഗ്രഹമായ ചന്ദ്രനില്‍ ദൂരദര്‍ശിനി സ്ഥാപിക്കാന്‍ ഇന്ത്യയുടെ ബഹിരാകാശ ഗവേഷണസ്ഥാപനമായ ഐഎസ്ആര്‍ഒ തയ്യാറെടുക്കുന്നു. ഒരു അന്താരാഷ്ട്ര സംഘടനയുമായി ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ ആരംഭിച്ചതായി ഐഎസ്ആര്‍ഒ മേധാവി എഎസ് കിരണ്‍ കുമാര്‍ അറിയിച്ചു.

മുന്‍ രാഷ്ട്രപതിയും ഐഎസ്ആര്‍ഒയിലെ ശാസ്ത്രജ്ഞനുമായിരുന്ന ഡോ. എപിജെ അബ്ദുള്‍ കലാമിന്റെ അനുസ്മരണ ചടങ്ങില്‍ പങ്കെടുക്കാന്‍ ഐഐടി മദ്രാസില്‍ എത്തിയ അദ്ദേഹം മാധ്യമപ്രവര്‍ത്തകരോടാണ് ഇക്കാര്യം പറഞ്ഞത്. ബഹിരാകാശത്ത് സ്ഥാപിച്ച ഇന്ത്യയുടെ ആദ്യ ദൂരദര്‍ശിനിയായ ‘അസ്‌ട്രോസാറ്റ്’ (Astrosat) വിക്ഷേപിച്ചത് 2015 സെപ്റ്റംബര്‍ 28-നാണ്. ഇതിന്റെ തുടര്‍ച്ചയായാണ് ചന്ദ്രനില്‍ ദൂരദര്‍ശിനി സ്ഥാപിക്കാനുള്ള ഐഎസ്ആര്‍ഒയുടെ പുതിയ തീരുമാനം. വിദൂര പ്രപഞ്ചത്തെ നിരീക്ഷിക്കാനാണ് പുതിയ ദൂരദര്‍ശിനി. വിദൂര നിരീക്ഷണത്തിന് ഭൂമിയിലെ അന്തരീക്ഷം തടസമാണ്. അന്തരീക്ഷമില്ലാത്ത ചന്ദ്രനില്‍ സ്ഥാപിക്കുന്ന ദൂരദര്‍ശിനി പ്രപഞ്ച നിരീക്ഷണം സുഗമമാക്കും-കിരണ്‍ കുമാര്‍ പറഞ്ഞു.

ജിഎസ്എല്‍വി മാര്‍ക്ക് 3 റോക്കറ്റിന്റെ വിക്ഷേപണം ഈ വര്‍ഷം അവസാനം ഉണ്ടാകും. നാലു ടണ്‍ ഭാരമുള്ള കൃത്രിമോപഗ്രഹങ്ങളെ വഹിക്കാന്‍ ജിഎസ്എല്‍വി മാര്‍ക്ക് 3-ന് കഴിയും. 2.25 ടണ്‍ ഭാരം വഹിക്കാനുള്ള ശേഷിയായിരുന്നു ജിഎസ്എല്‍വി മാര്‍ക്ക് 2-ന് ഉണ്ടായിരുന്നത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top