അവശ്യവസ്തുക്കളുടെ ചില്ലറവില നിയന്ത്രണവിധേയമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടുന്നു

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

ദില്ലി: രാജ്യത്ത് അവശ്യവസ്തുക്കളുടെ ചില്ലറവില നിയന്ത്രണവിധേയമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നടപടി സ്വീകരിച്ചു. അടിയന്തരസാഹചര്യങ്ങളില്‍ അവശ്യവസ്തുക്കളുടെ വില നിശ്ചയിക്കാന്‍ അനുവദിക്കുന്ന നിലയില്‍ ബന്ധപ്പെട്ട നിയമം ഭേദഗതി ചെയ്ത് കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം ഇറക്കി. അവശ്യവസ്തുക്കളുടെ അനിയന്ത്രിത വിലക്കയറ്റം തടയുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് കേന്ദ്രസര്‍ക്കാരിന്റെ ഇടപെടല്‍.

നിലവില്‍ അവശ്യവസ്തുക്കളുടെ വില നിര്‍ണയിക്കുന്നത് വിപണിശക്തികളാണ്. വില നിര്‍ണയത്തില്‍ പലപ്പോഴും സര്‍ക്കാരിന് നാമമാത്രമായ പങ്കാളിത്തം മാത്രമാണ് ലഭിക്കുന്നത്. ഇത് വിലക്കയറ്റം നിയന്ത്രിക്കുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ പരാജയപ്പെടുന്നു എന്ന പ്രതീതി ജനിപ്പിച്ചു. ഈ പശ്ചാത്തലത്തിലാണ് ഗൗരവമായ ഇടപെടലിന് കേന്ദ്രസര്‍ക്കാര്‍ തയ്യാറെടുത്തത്. ഇതിന്റെ ഭാഗമായി 2011 ലെ അളവുതൂക്ക നിയമത്തില്‍ ഭേദഗതി വരുത്തി കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം ഇറക്കി. ഇതോടെ അടിയന്തര സാഹചര്യങ്ങളില്‍ അവശ്യവസ്തുക്കളുടെ വില നിര്‍ണയിക്കാന്‍ സര്‍ക്കാരിന് സാധിക്കുമെന്ന് സര്‍ക്കാര്‍ വ്യത്തങ്ങള്‍ വ്യക്തമാക്കി. 1955 ലെ അവശ്യവസ്തു നിയമം അനുസരിച്ച് ഇത് പാലിക്കാന്‍ ചില്ലറവില്‍പ്പനക്കാര്‍ ബാധ്യസ്ഥരാകുമെന്നും സര്‍ക്കാര്‍ വ്യത്തങ്ങള്‍ അറിയിച്ചു. ചില്ലറയായും, പാക്കേജ്ഡ് രൂപത്തിലും വില്‍ക്കുന്ന എല്ലാ വസ്തുക്കളും ഈ നിയമത്തിന്റെ പരിധിയില്‍ വരും. നിലവില്‍ മൊത്തവിതരണക്കാരെ നിയന്ത്രിക്കാന്‍ ആവശ്യമായ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുന്നുണ്ട്. ചില്ലറവില്‍പ്പനക്കാരും ഈ പരിധിയില്‍ വരുന്നതോടെ അനിയന്ത്രിതമായ വിലക്കയറ്റം ഒഴിവാക്കാന്‍ ആകുമെന്ന് സര്‍ക്കാര്‍ കണക്കുകൂട്ടുന്നു.

അടുത്തിടെ പയറുവര്‍ഗ്ഗങ്ങളുടെ ക്രമാതീതമായ വിലവര്‍ധന സാധാരണക്കാരുടെ കുടുംബജീവിതത്തെ താളം തെറ്റിച്ചിരുന്നു. ചില്ലറമേഖലയില്‍ കിലോഗ്രാമിന് 200 രൂപ എന്ന നിലയിലേയ്ക്ക് വരെ പയറുവര്‍ഗ്ഗങ്ങളുടെ വില ഉയരുന്ന സാഹചര്യമുണ്ടായി. ഇത് സര്‍ക്കാരിനെതിരെ ജനങ്ങള്‍ തിരിയുന്നതിന് ഇടയാക്കി. ഇതിന്റെ ഫലമായി പയറുവര്‍ഗ്ഗങ്ങളുടെ കരുതല്‍ ശേഖരം ഉയര്‍ത്തുക, ആവശ്യകതയ്ക്ക് അനുസരിച്ചുളള ലഭ്യത ഉറപ്പുവരുത്താനായി ഇറക്കുമതി ചെയ്യുക എന്നി നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചു. എങ്കിലും ശാശ്വതമായ പരിഹാരം മുന്നില്‍ കണ്ടാണ് സര്‍ക്കാര്‍ കൂടുതല്‍ നടപടികള്‍ സ്വീകരിച്ചതെന്നാണ് പൊതുവിലയിരുത്തല്‍.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top