പറമ്പികുളം-ആളിയാർ കരാർ കാറ്റിൽപ്പറത്തി തമിഴ്നാട് ; കേരളത്തിലേക്ക് വെള്ളം തുറന്ന് വിടുന്ന ഷട്ടർ അടച്ചു ; വരൾച്ചാ ഭീഷണിയിൽ ജില്ലകൾ

parambikkulamഇടുക്കി: പറമ്പികുളം- ആളിയാര്‍ കരാര്‍ കാറ്റില്‍പ്പറത്തി കേരളത്തിലേക്ക് വെള്ളം തുറന്നു വിടുന്ന ഷട്ടര്‍ തമിഴ്‌നാട് അടച്ചു. ആളിയാര്‍ ഡാമില്‍ നിന്നാണ് കേരളത്തിലേക്ക് വരേണ്ട വെള്ളം തടയുന്നത്.

കേരളത്തിലെ കര്‍ഷകര്‍ വിളവിറക്കി കാത്തിരിക്കുമ്പോഴാണ് സംസ്ഥാനത്തിന് അവകാശപ്പെട്ട ജലം തമിഴ്‌നാട് തടഞ്ഞുവച്ചിരിക്കുന്നത്. വെള്ളിയാഴ്ച ഉച്ചയോടെയാണ് തമിഴ്‌നാട്ടില്‍ നിന്നും ജലവിഭവവകുപ്പ് അധികൃതര്‍ ആളിയാറിലെത്തി കേരളത്തിലേക്ക് വെള്ളം തുറന്നുവിടുന്ന ഷട്ടര്‍ പൂര്‍ണമായും അടച്ചത്. തങ്ങള്‍ക്കു വേണ്ട വെള്ളം ഡാമില്‍ നിന്നും ലഭിക്കുന്നില്ലെന്നാണ് ഇതിനു കാരണമായി ഇവര്‍ ചൂണ്ടിക്കാട്ടുന്നത്.

ആളിയാര്‍ ഡാമില്‍ നിന്നും തുറന്നുവിടുന്ന വെള്ളം വിവിധ കൈവഴികളിലൂടെയാണ് ചിറ്റൂര്‍ ,ഭാരതപ്പുഴ എന്നീ നദികളിലേക്കെത്തുന്നത്. ഈ മാസം ഒന്ന് മുതല്‍ പതിനാറ് വരെ മിനുറ്റില്‍ 700 ദശലക്ഷം ഘനഅടി വെള്ളം കരാര്‍ പ്രകാരം കേരളത്തിന് ലഭിക്കേണ്ടതാണ്. അന്തര്‍സംസ്ഥാന ജലകരാര്‍ പ്രകാരമാണ് ഇത് ലഭ്യമാക്കാന്‍ തമിഴ്‌നാട് ബാധ്യസ്ഥരാണ്. എന്നാല്‍ മഴ കുറവായതിനാല്‍ 500 ഘനയടി വെള്ളം മാത്രമേ തങ്ങള്‍ക്ക് വിട്ടുനല്‍കാന്‍ കഴിയൂവെന്ന് നേരത്തെ തമിഴ്‌നാട് കേരളത്തോട് വ്യക്തമാക്കി. ഇപ്പോള്‍ യാതൊരു മുന്നറിയിപ്പുമില്ലാതെയാണ് തമിഴ്‌നാട് വെള്ളം നിഷേധിച്ചിരിക്കുന്നത്. ഇതോടെ മലമ്പുഴ ഡാമിലെ വെള്ളം മാത്രമായിരിക്കും കേരളത്തിലേക്ക് ലഭിക്കുക.

540 ഘനഅടി വരെ നല്‍കാമെന്ന് രണ്ട് ദിവസം മുന്‍പ് തമിഴ്‌നാട് ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ തങ്ങള്‍ക്ക് ആവശ്യത്തിന് വെള്ളം ലഭിക്കുന്നില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് തമിഴ്‌നാടിന്റെ നടപടി. മഴ തീരെ ഇല്ലാതായതിനാല്‍ തമിഴ്‌നാടിന്റെ പുതിയ നടപടി മൂലം പാലക്കാട്, തൃശ്ശൂര്‍, മലപ്പുറം ജില്ലകള്‍ രൂക്ഷമായ വരള്‍ച്ചയിലേക്കാണ് നീങ്ങുന്നത്.

പറമ്പിക്കുളത്തെ വെള്ളം പൂര്‍ണമായും തടഞ്ഞ തമിഴ്‌നാട് കേരളത്തിലെ മറ്റൊരു ഡാമായ ശിരുവാണിയിലെ വെള്ളം പൂര്‍ണമായും കോയമ്പത്തൂരേക്ക് ഒഴുക്കിക്കൊണ്ടു പോകുന്ന സ്ഥിതിയുമുണ്ട്. പാലക്കാട്, തൃശൂര്‍, മലപ്പുറം ജില്ലകളില്‍ വരള്‍ച്ച രൂക്ഷമാകുന്ന സാഹചര്യത്തില്‍ കേരള സര്‍ക്കാര്‍ വിഷയത്തില്‍ അടിയന്തിരമായി ഇടപെണമെന്നാണ് ഉയരുന്ന ആവശ്യം.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top