സ്വാശ്രയ സമരം; യുഡിഎഫ് യുവജന സംഘടനകളുടെ സെക്രട്ടേറിയേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം

സെക്രട്ടേറിയേറ്റ് മാര്‍ച്ചില്‍ നിന്ന്

സെക്രട്ടേറിയേറ്റ് മാര്‍ച്ചില്‍ നിന്ന്

തിരുവനന്തപുരം: സ്വാശ്രയ സമരത്തിന്റെ ഭാഗമായി യുഡിഎഫിന്റെ യുവജന സംഘടനകള്‍ നടത്തിയ സെക്രട്ടേറിയേറ്റ് മാര്‍ച്ച് അക്രമാസക്തമായി. മാര്‍ച്ചില്‍ പൊലീസും സമരക്കാരും തമ്മില്‍ ഉന്തും തള്ളും ഉണ്ടായി. മാര്‍ച്ച് അക്രമാസക്തമായപ്പോള്‍ പൊലീസ് ലാത്തി വീശി. സംഘര്‍ഷത്തില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഡീന്‍ കുര്യാക്കോസ് അടക്കം രണ്ട് പേര്‍ക്ക് പരുക്കേറ്റു.

സമരക്കാര്‍ പൊലീസ് ബാരിക്കേഡുകള്‍ തകര്‍ത്ത് മുന്നേറാന്‍ ശ്രമിച്ചതാണ് സംഘര്‍ഷത്തിലേക്ക് നയിച്ചത്. ഡീന്‍ കുര്യാക്കോസിന്റെ നേതൃത്വത്തിലായിരുന്നു പ്രകടനം. റോഡില്‍ കുത്തിയിരുപ്പ് സമരം നടത്തുകയായിരുന്ന സമരക്കാര്‍ പതിയെ സെക്രട്ടേറിയേറ്റ് നടയിലേക്ക് നീങ്ങി. തുടര്‍ന്ന് എജി റോഡ് സമരക്കാര്‍ ഉരോധിക്കാന്‍ ശ്രമിച്ചത് പൊലീസ് തടഞ്ഞു. ഇത് പൊലീസും പ്രതിഷേധക്കാരും തമ്മിലുള്ള ഉന്തിലും തള്ളിലും കലാശിച്ചു. പ്രവര്‍ത്തകരെ പിരിച്ചു വിടാനായി പൊലീസ് ലാത്തിച്ചാര്‍ജ്ജ് നടത്തി. ഇതില്‍ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റു.

സമരത്തിനിടെ സഞ്ചിയില്‍ കരിങ്കല്ലുമായെത്തിയ പ്രവര്‍ത്തകനെ പൊലീസ് പിടികൂടി.

തുടര്‍ന്ന് നടന്ന എബിവിപിയുടെ സെക്രട്ടേറിയേറ്റ് ഉപരോധവും അക്രമത്തില്‍ കലാശിച്ചു. പൊലീസ് ബാരിക്കേഡുകള്‍ തള്ളിമാറ്റാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. സംഘര്‍ഷത്തില്‍ ഒരു മാധ്യമപ്രവര്‍ത്തകന് പരുക്കേറ്റു.

അതേസമയം സ്വാശ്രയ വിഷയത്തില്‍ പ്രതിപക്ഷത്തിന്റെ സമരം പരാജയപ്പെട്ടു. എംഎല്‍എമാര്‍ നടത്തിവന്ന നിരാഹാര സമരം യുഡിഎഫ് അവസാനിപ്പിച്ചു. ഇന്ന് ചേര്‍ന്ന കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടിയും യുഡിഎഫ് യോഗവുമാണ് നിരാഹാര സമരം അവസാനിപ്പിക്കാനുള്ള തീരുമാനം കൈക്കൊണ്ടത്. സമരം സഭയ്ക്ക് പുറത്തേക്ക് വ്യാപിപ്പിക്കാനാണ് പ്രതിപക്ഷ തീരുമാനം. നടപടികള്‍ വെട്ടിച്ചുരുക്കി നിയമസഭ പിരിഞ്ഞതിനെ തുടര്‍ന്നാണ് തീരുമാനം. സഭ പുന:രാരംഭിക്കുമ്പോള്‍ സമരവും തുടരുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കി. ഇനി ഈ മാസം 17 നാണ് സഭ ചേരുക.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top