വിഎസിന്റെ നിലപാട് അമ്പരപ്പിച്ചുവെന്ന് ഡിവൈഎഫ്‌ഐ; വിഎസിന്റെ വാക്ക് കൊണ്ടും പ്രതിപക്ഷസമരം രക്ഷപ്പെടില്ല

dyfi

തിരുവനന്തപുരം: സ്വാശ്രയവിഷയത്തില്‍ പ്രതിപക്ഷം നടത്തുന്ന സമരത്തെ അനുകൂലിച്ച് രംഗത്ത് വന്ന വിഎസിന്റെ നിലപാട് അമ്പരപ്പിച്ചുവെന്ന് ഡിവൈഎഫ്‌ഐ. ഡിവൈഎഫ്‌ഐ അധ്യക്ഷന്‍ എംബിരാജേഷ് എംപിയാണ്, വിഎസ് അച്യുതാനന്ദന്റെ പ്രസ്താവനയെക്കുറിച്ചുള്ള പ്രതികരണവുമായി രംഗത്തെത്തിയത്. വിഎസ് എന്തുദ്ദേശിച്ചാണ് അങ്ങനെയൊരു പരാമര്‍ശം നടത്തിയതെന്ന് അറിയില്ലെന്നും രാജേഷ് പറഞ്ഞു. വിഎസിന്റെ പ്രസ്താവന കൊണ്ടും പ്രതിപക്ഷം രക്ഷപ്പെടുമെന്ന് കരുതുന്നില്ലെന്നും രാജേഷ് തിരുവനന്തപുരത്ത് വ്യക്തമാക്കി. പ്രതിപക്ഷസമരം രാഷ്ട്രീയലക്ഷ്യത്തോടെയുള്ളതാണ്. സമരത്തിലുള്ള വിഷയത്തെക്കുറിച്ച് മുഖ്യമന്ത്രി നിയമഭയില്‍ തന്നെ വിശദീകരിച്ചതാണ്. ആ വിശദീകരണം പ്രതിപക്ഷത്തിന് സ്വീകാര്യമാകാത്തത് രാഷ്ട്രീയലക്ഷ്യങ്ങള്‍ക്കൊണ്ട് മാത്രമാണെന്നും ഡിവൈഎഫ്‌ഐ ആരോപിച്ചു. ഈ സര്‍ക്കാരിനെതിരെ മറ്റൊന്നും പറയാനില്ലാത്ത പ്രതിപക്ഷം, രാഷ്ട്രീയ ലക്ഷ്യത്തോടെ സര്‍ക്കാരിനെ ആക്രമിക്കാന്‍ നടത്തുന്ന സമരം മാത്രമാണിതെന്നും ഡിവൈഎഫ്‌ഐ പറഞ്ഞു. അങ്ങനെയൊരു സമരത്തെക്കുറിച്ച് വിഎസിന്റെ ഇത്തരത്തിലുള്ള പ്രതികരണം കണ്ടപ്പോള്‍ അമ്പരന്നുപോയെന്നും രാജേഷ് പറഞ്ഞു


പ്രതിപക്ഷസമരത്തെ പിന്തുണച്ചുകൊണ്ടാണ് ഇന്ന് രാവിലെ ഭരണപരിഷ്‌കരണക്കമ്മീഷന്‍ അധ്യക്ഷനും മുന്‍മുഖ്യമന്ത്രിയുമായ വിഎസ് അച്യുതാനന്ദന്‍ പ്രതികരിച്ചത്. പ്രതിപക്ഷസമരത്തെ മുഖ്യമന്ത്രി പിണറായി വിജയനുള്‍പ്പെടെയുള്ള ഭരണപക്ഷം, പരിഹാസവുമായി രംഗത്തെത്തിയപ്പോളാണ് വിഎസ് പ്രതിപക്ഷത്തിന് സംരക്ഷണവുമായി രംഗത്തെത്തിയത്. സമരമെങ്ങനെ അവസാനിപ്പിക്കണമെന്നതില്‍ യുഡിഎഫിന് തന്നെ വഴികാട്ടിനല്‍കുകയാണ് വിഎസ് ചെയ്തത്.

അതേസമയം സര്‍ക്കാര്‍ ദുരഭിമാനം വെടിഞ്ഞ് ചര്‍ച്ചയ്ക്ക് തയ്യാറാകണമെന്ന് രമേശ് ചെന്നിത്തല. വിഎസിന്റെ നിര്‍ദ്ദേശമെങ്കിലും സര്‍ക്കാര്‍ സ്വീകരിക്കണമെന്നും ചെന്നിത്തല പറഞ്ഞു. വിഎസിന്റെ പ്രതികരണത്തെ സ്വാഗതം ചെയ്യുന്നുവെന്ന്വിഎം സുധീരന്‍ പറഞ്ഞു. സമരത്തോട് സര്‍ക്കാര്‍ മുഖം തിരിച്ചുനില്‍ക്കുന്നുവെന്ന് കഴിഞ്ഞ ദിവസവും പ്രതിപക്ഷം ആരോപിച്ചിരുന്നു. അതുകൊണ്ട് തന്നെ സര്‍ക്കാരിന്റെ സ്വാശ്രയ നയത്തിനെതിരെ നിരാഹാര സമരം തുടരുന്ന പ്രതിപക്ഷത്തിന് വിഎസിന്റെ ആവശ്യം സമരം അവസാനിപ്പിക്കാനുള്ള അവസാന വഴിയാകുമെന്നാണ് വിലയിരുത്തുന്നത്.

കഴിഞ്ഞ ദിവസം സഭയില്‍ നിരാഹാരം നടത്തുന്ന എംഎല്‍എമാരെ വിഎസ് സന്ദര്‍ശിച്ചിരുന്നു. ഇതാദ്യമായാണ് നിയമസഭയ്ക്കുള്ളില്‍ ഒരു നിരാഹാര സമരം ഇത്രയും ദിവസം നീണ്ടുനില്‍ക്കുന്നത്. ഈ അവസരത്തിലുള്ള ഭരണപരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷന്‍ കൂടിയായ വിഎസിന്റെ പ്രതികരണമാവും നാളെ സഭയില്‍ പ്രതിപക്ഷം പ്രധാന ആയുധമാക്കുക.

ഷാഫി പറമ്പില്‍, ഹൈബി ഈഡന്‍ എന്നിവരാണ് നിരാഹാരമിരിക്കുന്നത്. നിരാഹാരം അനുഷ്ഠിച്ചിരുന്ന പിറവം എംഎല്‍എ അനൂപ് ജേക്കബിന്റെ ആരോഗ്യ സ്ഥിതി മോശമായതിനെ തുടര്‍ന്ന് ഇന്നലെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. നാളെ നിയമസഭ വീണ്ടും സമ്മേളിക്കുന്ന സാഹചര്യത്തില്‍ സമരം ശക്തമാക്കാനാണ് യുഡിഎഫിന്റെ ആലോചന.

ജനപ്രതിനിധികള്‍ നിയമസഭയില്‍ നിരാഹാരം കിടന്നിട്ട് പോലും ഇക്കാര്യത്തില്‍ ചര്‍ച്ച നടത്താത്ത സര്‍ക്കാര്‍ നിലപാടിന് എതിരെ കടുത്ത വിമര്‍ശനമാണ് പ്രതിപക്ഷം ഉന്നയിക്കുന്നത്. അതേസമയം, തങ്ങളുടെ ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിക്കാത്ത സാഹചര്യത്തില്‍ സമരം എങ്ങനെ മുന്നോട്ട് കൊണ്ടുപോകണമെന്ന ആശങ്കയും പ്രതിപക്ഷത്തിനുണ്ട്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top