സമരം സംഘര്‍ഷമാക്കി യൂത്ത് കോണ്‍ഗ്രസ്; പൊലീസുകാര്‍ക്കു നേരെ കല്ലേറും ചീമുട്ടയേറും

youthcongressതിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ സ്വാശ്രയ നയത്തിനെതിരെ യൂത്ത് കോണ്‍ഗ്രസ് സെക്രട്ടറിയേറ്റ് മാര്‍ച്ചില്‍ വീണ്ടും സംഘര്‍ഷം. അഞ്ഞൂറോളം പ്രവര്‍ത്തകരാണ് സമരത്തില്‍ പങ്കെടുത്തത്. പ്രകോപിതരായ പ്രവര്‍ത്തകര്‍ പൊലീസിനു നേരെ കല്ലെറിയുകയും ചീമുട്ട എറിയുകയും ചെയ്തു. കഴിഞ്ഞ ദിവസങ്ങളിലെ സംഭവങ്ങള്‍ക്കു സമാനമായി സമരം സംഘര്‍ഷത്തിലാണ് കലാശിക്കുന്നത്.

പൊലീസുമായുള്ള വാക്കു തര്‍ക്കം രൂക്ഷമായ സംഘര്‍ഷത്തിലാണ് ഇപ്പോള്‍ എത്തിയിരിക്കുന്നത്. സംഘര്‍ഷത്തെ തുടര്‍ന്ന് പൊലീസിനു നേരെ കല്ലെറിഞ്ഞ പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു.

കെപിസിസി അധ്യക്ഷന്‍ വിഎം സുധീരന്‍ അടക്കമുള്ളവര്‍ നിലയുറപ്പിച്ചിരുന്ന സമരപന്തലിലേക്ക് പൊലീസുകാര്‍ കണ്ണീര്‍ പ്രയോഗിച്ചതാണ് പ്രവര്‍ത്തകരെ പ്രകോപിപ്പിച്ചത്. പൊലീസിന്റെ ടിയര്‍ ക്യാസ് ഷെല്‍ പ്രയോഗത്തില്‍ നിരവധി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് കണ്ണീര്‍ വാതക പ്രയോഗത്തില്‍ പരുക്കുകളേറ്റിട്ടുണ്ട്. പ്രവര്‍ത്തകര്‍ക്കു പലര്‍ക്കും കണ്ണീര്‍ വാതക പ്രയോഗത്തില്‍ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു.

സംഘര്‍ഷം ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് മുതിര്‍ന്ന നേതാക്കള്‍ പ്രവര്‍ത്തകരെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിരുന്നുവെങ്കിലും സമരം സംഘര്‍ഷത്തില്‍ കലാശിച്ചു. പ്രവര്‍ത്തകരെ സമരപന്തലിലേക്ക് നിയന്ത്രിക്കാനാണ് നേതാക്കള്‍ ശ്രമിച്ചത്. തുടര്‍ന്ന് പൊലീസിന്റെ ഭാഗത്തു നിന്നും പ്രവര്‍ത്തകര്‍ക്കെതിരെ പ്രകോപനമുണ്ടാവുകയും വിഎം സുധീരന്‍ അടക്കമുള്ള നേതാക്കള്‍ നിലയുറപ്പിച്ചിരുന്ന സമരപന്തലിലേക്ക് പൊലീസ് ടിയര്‍ ഗ്യാസ് ഷെല്‍ പ്രയോഗിക്കുകയും ചെയ്തു.

അതേസമയം മുഖ്യമന്ത്രിയുടെ പൊലീസിന്റെ കാടത്തത്തിന് മുഖ്യമന്ത്രി മറുപടി പറയേണ്ടി വരുമെന്നും സര്‍ സിപിയുടെ പ്രേതം മുഖ്യമന്ത്രിയെ പിടികൂടിയിരിക്കുന്നുവെന്നും വിഎം സുധീരന്‍ പറഞ്ഞു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top