കശ്മീരിന്റെ കാര്യത്തില്‍ ആരും സ്വപ്‌നം കാണേണ്ടെന്ന് അമിത് ഷാ, ഭരണഘടന അംഗീകരിക്കാത്ത ആരുമായും ചര്‍ച്ചയില്ല

amith-shah
കോഴിക്കോട് : കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നും കശ്മീരിനെ ഇന്ത്യയില്‍ നിന്ന് വേര്‍പെടുത്താമെന്ന വ്യാമോഹം ആര്‍ക്കും വേണ്ടെന്നും ബിജെപി അധ്യക്ഷന്‍ അമിത് ഷാ. കശ്മീര്‍ വിഷയത്തില്‍ ഇന്ത്യന്‍ ഭരണഘടന അംഗീകരിക്കാത്ത ആരുമായും ചര്‍ച്ചയ്ക്കില്ലെന്നും കോഴിക്കോട് നടക്കുന്ന ബിജെപി ദേശീയകൗണ്‍സില്‍ യോഗത്തെ അഭിസംബോധന ചെയ്തുകൊണ്ട് അമിത് ഷാ വ്യക്തമാക്കി.

ഇന്ത്യന്‍ സൈന്യത്തിനാണ് ബിജെപിയുടെ പിന്തുണ. ഭീകരതയ്‌ക്കെതിരെ അന്തിമവിജയം സൈന്യത്തിനായിരിക്കും. ഹിസ്ബുള്‍ തീവ്രവാദി ബുര്‍ഹാന്‍ വാനിയെ രക്തസാക്ഷി ആക്കിയവരെ ഓര്‍ത്ത് രാജ്യം ലജ്ജിക്കുന്നു. ഭീകരവാദത്തെ രാജ്യം ഒറ്റക്കെട്ടായി നേരിടുമെന്നും അമിത് ഷാ പറഞ്ഞു.

സമൂഹത്തിലെ ഏറ്റവും താഴെത്തട്ടിലുള്ളവരില്‍ വരെ വികസനം എത്തിക്കുക എന്ന ലക്ഷ്യത്തിലാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. സര്‍ക്കാരിനെതിരെ അഴിമതി ആരോപണങ്ങള്‍ ഉന്നയിക്കാന്‍ പോലും പ്രതിപക്ഷത്തിന് സാധിച്ചിട്ടില്ലെന്നും ബിജെപി അധ്യക്ഷന്‍ പറഞ്ഞു.

ജനസംഘത്തില്‍ നിന്ന് ബി.ജെ.പി വരെയുള്ള 50 വര്‍ഷത്തെ യാത്ര അനുസ്മരിച്ചുകൊണ്ടാണ് അമിത്ഷാ പ്രസംഗം ആരംഭിച്ചത്. ദീന്‍ദയാല്‍ ഉപാധ്യായയുടെ ജന്മശതാബ്ദി ദരിദ്രരുടെ ക്ഷേമവര്‍ഷമായി ആചരിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും അമിത് ഷാ പറഞ്ഞു.

രാവിലെ പ്രധാനമന്ത്രി നരേന്ദ്രമോദി പതാക ഉയര്‍ത്തിയതോടെയാണ് ദേശീയ കൗണ്‍സിലിന് തുടക്കമായത്. ശ്രീകണേ്ഠശ്വര ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയശേഷമാണ് പ്രധാനമന്ത്രി സമ്മേളന വേദിയിലെത്തിയത്. കൗണ്‍സില്‍ യോഗത്തില്‍ പ്രധാനമന്ത്രി മുഴുവന്‍ സമയവും പങ്കെടുക്കും.

ബിജെപിയുടെ പ്രമുഖ നേതാക്കള്‍ കൗണ്‍സില്‍ യോഗത്തില്‍ സംസാരിക്കും. വൈകീട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മറുപടി പ്രസംഗത്തോടെയാണ് ഒരു ദിവസം നീണ്ടു നില്‍ക്കുന്ന യോഗം അവസാനിക്കുക. ദീന്‍ദയാല്‍ ഉപാധ്യയുടെ ജന്മശതാബ്ദി ആഘോഷങ്ങള്‍ക്കും പ്രധാനമന്ത്രി തുടക്കം കുറിക്കും. വൈകീട്ട് അഞ്ചരയോടെ പ്രധാനമന്ത്രി ദില്ലിയ്ക്ക് തിരിക്കും.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top