സാനിയ-ബാര്‍ബോറ സഖ്യത്തിന് പാന്‍ പസഫിക് ഓപ്പണ്‍ കിരീടം

സാനിയ മിര്‍സയും ബാര്‍ബോറ സ്റ്റ്രിക്കോവയും

സാനിയ മിര്‍സയും ബാര്‍ബോറ സ്റ്റ്രിക്കോവയും

ടോക്കിയോ: സാനിയ മിര്‍സ- ബാര്‍ബോറ സ്റ്റ്രിക്കോവ കൂട്ടുകെട്ടിന് പാന്‍ പസഫിക് ഓപ്പണ്‍ കിരീടം. നേരിട്ടുള്ള സെറ്റുകള്‍ക്കാണ് ചൈനയുടെ ചെന്‍ ലിയാഗ്- ഷാസുവാന്‍ യാഗ് സഖ്യത്തെ ഇന്ത്യ- ചെക്ക് സഖ്യം തോല്‍പ്പിച്ചത്. സ്‌കോര്‍ 6-1, 6-1. സഖ്യത്തിന്റെ മൂന്നാമത്തെ ടൂര്‍ണ്ണമെന്റും രണ്ടാമത്തെ കിരീടവുമാണ് ടോക്കിയോയിലേത്. ആഗസ്റ്റില്‍ സിന്‍സിനാറ്റി ഓപ്പണ്‍ കിരീടവും ഇരുവരും നേടിയിരുന്നു. സാനിയയുടെ മുന്‍ പങ്കാളിയായ മാര്‍ട്ടിന ഹിംഗിസിനേയും കോകോ വാന്‍ഡേവേഹിനേയുമായിരുന്നു അന്ന് പരാജയപ്പെടുത്തിയത്.

സെമിയില്‍ സീഡില്ലാത്ത ജോഡിയായ കാനഡയുടെ ഗബ്രിയേല ദബ്രോസ്‌കി- സ്‌പെയിനിന്റെ മാര്‍ട്ടീന സാഞ്ചസ് സഖ്യത്തെ പരാജയപ്പെടുത്തിയാണ് സാനിയയും സ്റ്റ്രിക്കോവയും ഫൈനലില്‍ എത്തിയത്. യുഎസ് ഓപ്പണില്‍ ക്വാര്‍ട്ടറില്‍ തോറ്റ് മടങ്ങിയ സഖ്യത്തിന് കിരീട നേട്ടം മുന്നോട്ടുള്ള യാത്രയില്‍ ഊര്‍ജമായിരിക്കും.

ഡബിള്‍സില്‍ സാനിയയുടെ നാല്‍പ്പതാമത്തെ കിരീട വിജയമാണിത്. ടോക്കിയോയില്‍ നേടുന്ന മൂന്നാമത്തെ കിരീട നേട്ടവും. സാനിയ നേരത്തെ കാരാ ബ്ലാക്കുമായി ചേര്‍ന്നും പാന്‍ പസഫിക് കിരീടം നേടിയിട്ടുണ്ട്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top