ബാഗ്ദാദില്‍ മൂന്നിടങ്ങളില്‍ ചാവേര്‍ സ്ഫോടനം: 11 പേര്‍ കൊല്ലപ്പെട്ടു

blast

ചാവേര്‍ ആക്രമണം നടന്നയിടം

ബാഗ്ദാദ്: ഇറാഖിന്റെ തലസ്ഥാനമായ ബാഗ്ദാദില്‍ സൈനികരുടെ ചെക്ക് പോസ്റ്റിലേക്ക് ഭീകരര്‍ നടത്തിയ ചാവേര്‍ ആക്രമണത്തില്‍ 11 പേര്‍ കൊല്ലപ്പെട്ടു. ഇന്ന് പുലര്‍ച്ചെയോടെയാണ് രാജ്യത്തിന്റെ മൂന്ന് തന്ത്രപ്രധാന ഇടങ്ങളില്‍ ചാവേര്‍ ആക്രമണം നടന്നത്. ചെക്ക് പോസ്റ്റുകളിലേക്ക് സ്‌ഫോടക വസ്തുക്കള്‍ നിറച്ച വാഹനങ്ങള്‍ ഇടിച്ചു കയറ്റിയാണ് തീവ്രവാദികള്‍ ആക്രമണം നടത്തിയത്. ആക്രമണത്തില്‍ 34 സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.

സലാഹുദ്ദീന്‍ പ്രവിശ്യയിലെ ചെക്ക് പോസ്റ്റിലുള്ള സൈനിക കേന്ദ്രത്തില്‍ മുതിര്‍ന്ന ഉദ്യോഗസ്ഥരടങ്ങിയ സംഘം പരിശോധനക്കെത്തിയ സമയത്തായിരുന്നു ചാവേര്‍ ആക്രമണം നടന്നത്. ഇവര്‍ ആക്രമണങ്ങളില്‍ നിന്ന് തലനാരിഴക്കാണ് രക്ഷപ്പെട്ടത്. ഇതേസമയം തന്നെ പ്രവിശ്യയുടെ കിഴക്കന്‍ പ്രദേശത്തെ ചെക്ക് പോസ്റ്റിന് നേരെയും ആക്രമണമുണ്ടായി. നാല് പൊലീസുകാര്‍ കൊല്ലപ്പെടുകയും രണ്ട് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ആക്രമണത്തിനിടെ ഒരു ഭീകരന്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. ബാക്കിയുള്ളവര്‍ ആക്രമണത്തിന് ശേഷം ഓടിരക്ഷപ്പെട്ടു.

അതേസമയം ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. ആക്രമണത്തിന് പിന്നില്‍ ഇസ്ലാമിക് സ്റ്റേറ്റാണോ എന്ന് പൊലീസ് സംശയിക്കുന്നുണ്ട്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top