സെക്രട്ടറിയേറ്റിനു മുന്നില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മന്ത്രിയുടെ കാര്‍ തടഞ്ഞു; പൊലീസ് ലാത്തി വീശി

youthcongressതിരുവനന്തപുരം: സെക്രട്ടറിയേറ്റിനു മുന്നില്‍ യൂത്ത് കോണ്‍ഗ്രസ് പൊലീസ് സംഘര്‍ഷം. സ്വാശ്രയ വിഷയത്തില്‍ സെക്രട്ടറിയേറ്റിനു മുന്നില്‍ അനിശ്ചിത കാല നിരാഹാര സമരം നടത്തുന്ന യുത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വനം വകുപ്പ് മന്ത്രി കെ രാജുവിനെ കരിങ്കൊടി കാണിച്ച് തടഞ്ഞതാണ് സംഘര്‍ഷത്തിന് വഴിയാക്കിയത്. സമരക്കാരെ പിരിച്ചുവിടാന്‍ പൊലീസ് ലാത്തി വീശി. പ്രവര്‍ത്തകര്‍ക്കു നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. സ്ഥലത്ത് സംഘര്‍ഷം തുടരുകയാണ്.

രാവിലെ 10.45 ഓടെയാണ് സംഘര്‍ഷം ആരംഭിച്ചത്. മന്ത്രിയുടെ കാര്‍ യൂത്ത് കോണ്‍ഗ്രസിന്റെ സമരപ്പന്തലിനു മുന്നിലെത്തിയപ്പോള്‍ പ്രവര്‍ത്തകര്‍ കരിങ്കൊടിയുമായി മന്ത്രിയുടെ കാര്‍ തടയുകയായിരുന്നു. തുടര്‍ന്ന് പ്രവര്‍ത്തകരെ പിന്തിരിപ്പിക്കാനായി പൊലീസ് ഇടപെട്ടു. പൊലീസിനു നേരെ പ്രവര്‍ത്തകര്‍ കസേര എറിഞ്ഞതോടെയാണ് പൊലീസ് ലാത്തി വീശിയത്. സംഘര്‍ഷം നിയന്ത്രണ വിധേയമാക്കാനാണ് ജലപീരങ്കി പ്രയോഗിച്ചത്.

പത്ത് മിനുട്ടോളം ഇവര്‍ മന്ത്രിയുടെ കാര്‍ തടഞ്ഞു. എന്നാല്‍ ഇത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിഷേധിച്ചു. കാര്‍ ഗതാഗത കുരുക്കില്‍പ്പെട്ടതാണെന്നും ഇതിനെ തുടര്‍ന്ന് പൊലീസ് പ്രകോപിതരാവുകയാണ് ഉണ്ടായതെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു.ഉമ്മന്‍ചാണ്ടിയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും സ്ഥലത്തെത്തിയാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അനുനയിപ്പിച്ചത്.

സ്വാശ്രയ വിഷത്തില്‍ ഇന്ന കണ്ണൂരിലും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തി.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top