special page

ജൂഡ് ആന്റണി നന്നാവുന്നു; ഇനി എഫ്ബിയില്‍ കലിപ്പിനില്ല, പക്ഷെ വിമര്‍ശകര്‍ ആശ്വസിക്കേണ്ട- ജൂഡ് ആന്റണി റിപ്പോര്‍ട്ടര്‍ ലൈവിനോട്

ജൂഡ് ആന്റണി ജോസഫ്

അമിത പ്രതീക്ഷകളൊന്നും ഇല്ലാതെ സാധാരണമായി എടുത്തൊരു ചിത്രം. ജൂഡ് ആന്റണിയുടെ പുതിയ ചിത്രം ഒരു മുത്തശ്ശി ഗദയെ ഒറ്റവാക്കില്‍ വിശേഷിപ്പിക്കുകയാണെങ്കില്‍ ഇങ്ങനെ പറയാം. മലയാളത്തില്‍ സൂപ്പര്‍ ഹിറ്റായി മാറിയ ഓം ശാന്തി ഓശാനക്ക് ശേഷം ഏകദേശം രണ്ടര വര്‍ഷത്തിന് ശേഷം എടുത്ത ചിത്രമാണ് ഒരു മുത്തശ്ശി ഗദ. എല്ലാത്തരം പ്രേക്ഷകരേയും ഉദ്ദേശിച്ചുള്ള ഒരു കൊച്ചു കുടുംബചിത്രം. ചിത്രത്തിന്റെ വിശേഷങ്ങള്‍ പങ്കുവെച്ച് സംവിധായകന്‍ ജൂഡ് ആന്റണി റിപ്പോര്‍ട്ടര്‍ ലൈവിനോട് സംസാരിക്കുന്നു.

ചിത്രത്തിലെ മുത്തശിയെ കണ്ടെത്തിയതിന് പിന്നിലെ കഥ

എന്റെ ഒരു അടുത്ത സുഹൃത്താണ് രാജിനി ചാണ്ടിയെ കുറിച്ച് പറയുന്നത്. സിനിമയിലെ മുത്തശി കഥാപാത്രത്തിനായി പരസ്യം നല്‍കി ഒരുപാട് പേരെ നോക്കിയെങ്കിലും അതൊന്നും ശരിയായില്ല. അങ്ങനെയിരിക്കുമ്പോള്‍ സുഹൃത്താണ് രാജിനി ആന്റിയെ പരിചയപ്പെടുത്തുന്നത്. ആന്റിയെ പോയി കാണുകയും സംസാരിക്കുകയും ചെയ്തപ്പോള്‍ കഥാപാത്രത്തിന് അനുയോജ്യയാണെന്ന് മനസിലായി. ഷൂട്ടിംഗ് തുടങ്ങുന്നതിന് ഏകദേശം രണ്ട് മാസങ്ങള്‍ക്ക് മുന്‍പായിരുന്നു ആ കൂടിക്കാഴ്ച. നേരത്തെ തന്നെ സ്‌ക്രിപ്റ്റ് കൊടുത്തിരുന്നു.

ചിത്രം ഓണം റിലീസായി എത്തിയതിന് പിന്നില്‍?

കുടുംബപ്രേക്ഷകരെ ഉദ്ദേശിച്ചാണ് ഞാന്‍ സിനിമ ചെയ്തത്. ഒരു ഏപ്രില്‍- മെയ് മാസത്തോടെ തീയറ്ററുകളിലെത്തിക്കണമെന്ന് വിചാരിച്ചെങ്കിലും എഴുത്ത് നീണ്ടതു മൂലം സിനിമ കുറച്ച് വൈകിയാണ് ഷൂട്ടിംഗ് ആരംഭിച്ചത്. എന്തായാലും ഈ ഓണാവധിക്ക് കുടുംബാംഗങ്ങള്‍ ഒന്നിച്ച് ഈ സിനിമ കാണണമെന്ന് ആഗ്രഹമുണ്ടായിരുന്നു. താരചിത്രങ്ങള്‍ക്കിടയില്‍ ഈ കൊച്ചു സിനിമക്കും ഇടം പിടിക്കാനായി.

സംവിധായകനേക്കാള്‍ അഭിനേതാവ് എന്ന വേഷമാണോ കൂടുതല്‍ ഇഷ്ടം?

തീര്‍ച്ചയായും. സംവിധായകനെന്ന ലേബല്‍ ഉള്ളതിനാല്‍ സിനിമയില്‍ അവസരങ്ങള്‍ ലഭിക്കാന്‍ ബുദ്ധിമുട്ടാണെന്ന് തോന്നുന്നു. പ്രേമത്തിലേയും ആക്ഷന്‍ ഹീറോ ബിജുവിലേയും കഥാപാത്രങ്ങള്‍ ചെറുതെങ്കിലും ശ്രദ്ധിക്കപ്പെട്ടിരുന്നു. തോപ്പില്‍ ജോപ്പനിലും ഒരു ചെറിയ വേഷത്തില്‍ അഭിനയിച്ചിട്ടുണ്ട്. തുടര്‍ന്നും സിനിമകളില്‍ അഭിനയിക്കാനാണ് താത്പര്യം. സംവിധാനത്തേക്കാള്‍ അഭിനേതാവാകാനാണ് ഇഷ്ടം.

ജൂഡ് സോഷ്യല്‍ മീഡിയയില്‍ സജീവമാണല്ലോ? കമന്റ് ചെയ്യുന്നവര്‍ക്ക് മറുപടിയും കൊടുക്കാറുണ്ടല്ലോ?

ഫെയ്‌സ്ബുക്ക് ഞാന്‍ തന്നെയാണ് മാനേജ് ചെയ്യുന്നത്. സമയം ഉള്ളപ്പോള്‍ ആളുകളുടെ ചോദ്യങ്ങള്‍ക്കും കമന്റുകള്‍ക്കുമെല്ലാം മറുപടി നല്‍കാറുണ്ട്. ചില കാര്യങ്ങള്‍ ഞാന്‍ പറയുന്നതിലായിരിക്കും ന്യായം. പക്ഷെ വിമര്‍ശനങ്ങളും ഉണ്ടാകും. ഞാന്‍ ഉദ്ദേശിച്ച തരത്തിലുള്ള ആങ്കിളില്‍ ആളുകള്‍ കാര്യം മനസിലാക്കാത്തതു കൊണ്ടാകാം അങ്ങനെ സംഭവിക്കുന്നത്. വെറുതെ ഫെയ്സ്ബുക്കില്‍ പരതുമ്പോഴായിരിക്കും അവര്‍ക്ക് ജൂഡ് ആന്റണി എന്ന ‘ഇരയെ’ കിട്ടുന്നത്. അപ്പോള്‍ തന്നെ കാച്ചിക്കളയാം എന്ന മട്ടില്‍ അവര്‍ വിമര്‍ശനവും തുടങ്ങും. കുറച്ചു മാധ്യമശ്രദ്ധ കൂടി കിട്ടുമ്പോള്‍ അത് വേറൊരു തരത്തിലാകുന്നു എന്ന് മാത്രം.

ഞാന്‍ സ്വതവേ കുറച്ച് ദേഷ്യപ്രകൃതമാണ്. ഇപ്പോള്‍ എല്ലാവരും പറഞ്ഞ് പറഞ്ഞ് കുറച്ചൊക്കെ മാറ്റം വന്നിട്ടുണ്ട്. കമന്റ് ഇടുന്നവര്‍ക്കുള്ള മറുപടികള്‍ ഞാന്‍ കുറച്ച് മയപ്പെടുത്തിയിട്ടുണ്ട്. എന്നാലും കമന്റുകള്‍ക്ക് തുടര്‍ന്നും മറുപടി പറയും. സിനിമ ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും എന്നോട് പറയാം. എല്ലാത്തരം അഭിപ്രായങ്ങളും വേണ്ടേ?

പുതിയ സിനിമ ഇറക്കിയപ്പോള്‍ മുമ്പുണ്ടായ ‘ഫെയ്‌സ്ബുക്ക് ഭീഷണികള്‍’ വല്ലതും തല പൊക്കിയോ?

അങ്ങനെയൊരു പ്രശ്‌നമൊന്നും ഉണ്ടായിട്ടില്ല. നിന്റെ അടുത്ത സിനിമ വരട്ടെ, ശരിയാക്കിത്തരാം എന്നൊക്കെ ധാരാളം കമന്റുകള്‍ വന്നിട്ടുണ്ട്. ഭീഷണികള്‍ ശക്തമായ സമയത്തായിരുന്നു വിവാഹം. ലാലിസത്തെ കുറ്റം പറഞ്ഞതിന് ഫാന്‍സിന്റെ ശക്തമായ പ്രതിഷേധം നേരിടുന്ന സമയം. വീട്ടുകാര്‍ക്ക് അല്‍പം പേടിയൊക്കെ ഉണ്ടായിരുന്നു. പക്ഷെ, ഇതുവരെ എനിക്ക് വ്യക്തിപരമായി ഒരു പ്രശ്‌നവും നേരിടേണ്ടി വന്നിട്ടില്ല. സിനിമയില്ലാത്ത സമയങ്ങളില്‍ ഞാന്‍ വീട്ടില്‍ തന്നെയാണ്. ഭാര്യയും മകളും ജീവിതത്തില്‍ കുറച്ചു കൂടിയൊക്കെ ഉത്തരവാദിത്വവും ഉണ്ടാക്കിയിട്ടുണ്ട്.

തുടര്‍ന്നും തിരക്കഥയെഴുതാന്‍ താത്പര്യമുണ്ടോ?

തിരക്കഥയെഴുതുന്നത് എന്നെ സംബന്ധിച്ച് ബുദ്ധിമുട്ടുള്ള സംഗതിയാണെന്ന് ഇപ്പോള്‍ ശരിക്കും മനസിലായി. ആദ്യ ചിത്രത്തില്‍ മിഥുന്‍ മാനുവേല്‍ തോമസായിരുന്നു തിരക്കഥയെഴുതിയത്. ആ കഥയില്‍ തിരുത്തല്‍ വരുത്തി സിനിമയെടുത്തപ്പോള്‍ കാര്യം വളരെ എളുപ്പമായിരുന്നു. പക്ഷെ മുത്തശി ഗദയില്‍ തിരക്കഥ മുഴുവന്‍ എഴുതിക്കഴിഞ്ഞപ്പോള്‍ ഇത് കുറച്ച് ബുദ്ധിമുട്ടുള്ള പണിയാണെന്ന് മനസിലായി. ഇനിയൊരു ചിത്രത്തിന് തിരക്കഥയെഴുതാന്‍ താത്പര്യമില്ല. ഒരാള്‍ കൂടി ഒപ്പമുണ്ടെങ്കില്‍ തിരക്കഥ കുറച്ചു കൂടി നന്നാക്കാം എന്നാണ് ഞാന്‍ കരുതുന്നത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top