special page

ഉടയാത്ത സ്ഫടികമായി സില്‍ക്ക് സ്മിത; വശ്യസൗന്ദര്യം മാഞ്ഞിട്ട് ഇരുപതാണ്ട്

silkkkk

വശ്യതയേറിയ തന്റെ കണ്ണുകള്‍ കൊണ്ട് ഒരു കാലത്തെ ആരാധകരുടെ ഉറക്കം കെടുത്തിയ സില്‍ക്ക് സ്മിത കാലം തീര്‍ത്ത വെള്ളിത്തിരയില്‍ നിന്നും ജീവിതമെന്ന അഭിനയം നിര്‍ത്തി അരങ്ങൊഴിഞ്ഞിട്ട് ഇന്ന് ഇരുപതാണ്ടുകള്‍ പൂര്‍ത്തിയാവുന്നു. സില്‍ക്കിന്റെ ശരീരത്തെ മാത്രം ആഘോഷിച്ച തെന്നിന്ത്യ ഒരു പക്ഷെ ഇന്ന് പശ്ചാത്തപിക്കുന്നുണ്ടാകാം, അവരുടെ അഭിനയത്തിനുമപ്പുറത്ത് അശ്ലീലത്തെ മാത്രം കൊണ്ടാടിയ ഒരു കാലത്തെ ഓര്‍ത്ത്.silk-smitha2

ആന്ധ്രാപ്രദേശിലെ എളൂരെന്ന ഗ്രാമത്തിലെ സാധാരണക്കാരില്‍ സാധാരണക്കാരായ ഒരു കുടുംബത്തില്‍ ജനിച്ച വിജയലക്ഷ്മിയെന്ന ഒരു പെണ്‍കുട്ടിക്ക് തെന്നിന്ത്യന്‍ സിനിമയുടെ മായാവെളിച്ചം സമ്മാനിച്ചത് സ്വന്തം ജീവിതത്തില്‍ സിനിമ തീര്‍ത്ത മുറിവുകളുടെ കറകളായിരുന്നു. പതിനഞ്ചു വര്‍ഷത്തോളം തമിഴ്, തെലുങ്ക്, കന്നഡ, മലയാളം എന്നീ ഭാഷകളിലായി ഇരുന്നൂറോളം ചിത്രങ്ങളില്‍ വേഷമിട്ട സ്മിതയ്ക്ക് സിനിമ പകരം നല്‍കിയതും ആരും സ്വീകരിക്കാത്ത അശ്ലീല നടിയെന്ന വിശേഷണം മാത്രം.

silk

1980-ല്‍ വിനു ചക്രവര്‍ത്തി സംവിധാനം ചെയ്ത് പുറത്തിറങ്ങിയ വണ്ടിച്ചക്രം എന്ന തമിഴ് ചിത്രത്തിലെ ബാര്‍ നര്‍ത്തികയുടെ വേഷത്തിലൂടെയാണ് സിനിമയിലേക്കുള്ള സില്‍ക്കിന്റെ ചുവടുവെയ്പ്പ്. പിന്നീട് സിലുക്ക് സിലുക്ക് സിലുക്ക് എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ വിജയലക്ഷ്മിയെന്ന സ്മിത, സില്‍ക്ക് സ്മിതയായി. വണ്ടിച്ചക്രത്തില്‍ തുടങ്ങി തുടര്‍ന്നങ്ങോട്ട് തെന്നിന്ത്യയില്‍ 450-ഓളം ചിത്രങ്ങള്‍. എന്നാല്‍ ആദ്യ ചിത്രത്തിലെ മസാല മാത്രം കണ്ടാസ്വദിച്ച പ്രേക്ഷകര്‍ തുടര്‍ന്നങ്ങോട്ട് കണ്ടതും സില്‍ക്കിന്റെ ശരീരത്തിന്റെ മാദകത്വം മാത്രം. എണ്‍പതുകളിലെ യുവത്വത്തിനെ കോരിത്തരിപ്പിച്ചുവെന്ന പേര് മാത്രമേ പിന്നീട് സില്‍ക്കിനു നേരെ നീണ്ടു വന്നിട്ടുള്ളൂ.


തെന്നിന്ത്യയില്‍ പകരം വയ്ക്കാനില്ലാത്ത മാദകസുന്ദരി എന്ന വിശേഷണം കത്തിനില്‍ക്കെ എല്ലാ മാദകത്വങ്ങളോടും ശുഭം ചൊല്ലി തന്റെ മുപ്പതാം വയസ്സിലാണ് സില്‍ക്ക് സ്മിത ചെന്നൈയിലെ ഫ്ളാറ്റില്‍ ജീവിതം അവസാനിപ്പിച്ചത്. അഭിനയത്തോടൊപ്പം സിനിമാ നിര്‍മ്മാണവും ആരംഭിക്കാനിരിക്കെയാണ് 1996 സെപ്തംബര്‍ 23-ന് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. വെള്ളിത്തിര ആഘോഷിച്ച സര്‍പ്പസുന്ദരിയുടെ ആത്മഹത്യയ്ക്കു പിന്നിലെ ദുരൂഹത ഇപ്പോഴും തുടരുകയാണ്.

silkk

സില്‍ക്ക് ജീവിച്ചിരിക്കുമ്പോള്‍ സില്‍ക്കിന്റെ ചിത്രങ്ങള്‍ കണ്ട് ആസ്വദിച്ചതിനു ശേഷം പകല്‍വെളിച്ചത്തില്‍ അവരെ അശ്ലീലത്തിന്റെ അയിത്തം ചൊല്ലി പടിക്ക് പുറത്ത് നിര്‍ത്തിയ സിനിമലോകം അവരുടെ മൃതദേഹത്തോടും കടുത്ത അനീതിയാണ് പുലര്‍ത്തിയതെന്ന വിമര്‍ശനം ഇവരുടെ മരണത്തോടെ പുറത്തുവന്നിരുന്നു.  മരണസമയത്ത് ചെന്നൈയിലുണ്ടായിരുന്ന സൂപ്പര്‍ സ്റ്റാറുകള്‍ പോലും സില്‍ക്കിന്റെ സംസ്‌കാരച്ചടങ്ങില്‍ പങ്കെടുത്തില്ല. സില്‍ക്കിന്റെ മൃതദേഹം കാണുന്നത് പോലും തങ്ങളുടെ താരപരിവേഷത്തിന് കോട്ടം തട്ടിക്കുമെന്ന് കരുതിയ ചടങ്ങില്‍ നിന്നും താരങ്ങള്‍ മാറിനിന്നത് അന്ന് വാര്‍ത്തകളില്‍ ഇടം നേടുകയും ചെയ്തു.

we-miss-you

ക്രൂരമായ ലൈംഗിക രാഷ്ട്രീയത്തിന്റേയും കച്ചവട താല്‍പര്യങ്ങളുടേയും ഇരയാണ് സില്‍ക്ക് സിമിതയെന്ന ചര്‍ച്ചയാണ് സില്‍ക്കിന്റെ മരണത്തിനു പിന്നാലെ ഉയര്‍ന്നുവന്നത്. ഒന്നര പതിറ്റാണ്ടോളം നീണ്ടുനിന്ന സിനിമാ ജിവിതത്തില്‍ സില്‍ക്കിന്റെ ശരീരത്തെ മാത്രമേ സിനിമ ആഘോഷിച്ചിട്ടുള്ളൂവെന്ന തുറന്ന കുമ്പസാരങ്ങളും  മരണത്തോടെ പുറത്തുവന്നു. അഭിനയ കാലത്ത് ലഭിക്കാത്ത അംഗീകാരങ്ങള്‍ മരണത്തോടെ സില്‍ക്കിനെ തേടിയെത്തി. സില്‍ക്കിന്റെ ചിത്രങ്ങള്‍ ചര്‍ച്ചയില്‍ മുന്‍പന്തിയില്‍ പ്രത്യക്ഷപ്പെട്ടു. വൈകിയ രാത്രികളിലെ സില്‍ക്ക് ചിത്രങ്ങളിലെ മസാല മാത്രമല്ല അഭിനയവും സിനിമലോകം കണ്ടു. പക്ഷെ അവഗണിക്കെപ്പെട്ട അംഗീകാരവും അന്ന് അയിത്തം കല്‍പ്പിക്കപ്പെട്ട അശ്ലീലതയും അവസാനിപ്പിച്ച സില്‍ക്കിന്റെ ജീവിതത്തിന് ഇതൊരിക്കലും നിഷേധിക്കപ്പെട്ട നീതിയായില്ല.

ഒരു കാലത്ത് സില്‍ക്കിന്റെ സാന്നിധ്യം പോലും ചിത്രത്തിന്റെ ഹിറ്റ് നിര്‍ണ്ണയിച്ച കാലത്തു നിന്നും, സില്‍ക്ക് കടിച്ചു വലിച്ചെറിഞ്ഞ ആപ്പിള്‍ പോലും ലേലത്തിന് വാങ്ങാന്‍ യുവാക്കള്‍ തിരക്കു കൂട്ടിയ കാലത്തിനുമിപ്പുറം അവരുടെ മാദകത്വത്തെയും ശരീരത്തെയും കൊണ്ടാടിയ കാലത്തെയോര്‍ത്ത് ഒരു പക്ഷെ തെന്നിന്ത്യ ഇന്ന് പശ്ചാത്തപിക്കുന്നുണ്ടാവും, മരണത്തില്‍ പോലും സില്‍ക്കിന് നിഷേധിക്കപ്പെട്ട നീതിയെ ഓര്‍ത്ത്…

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top