‘ഒപ്പം’ തമിഴ് പേസും: ദൃശ്യത്തിന് പിന്നാലെ ‘ഒപ്പ’ത്തിനൊപ്പം ഭാഗ്യം പരീക്ഷിക്കാന്‍ കമല്‍ഹാസന്‍

kamal

ഫയല്‍ചിത്രം

ചെന്നൈ: മോഹന്‍ലാല്‍ പ്രിയദര്‍ശന്‍ ടീമിന്റെ ‘ഒപ്പം’ കമല്‍ഹാസന്‍ തമിഴിലേക്ക് റീമേക്ക് ചെയ്യാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. സിനിമയിലെ സുപ്രധാനമായൊരു കഥാപാത്രത്തെ അവതരിപ്പിച്ച സമുദ്രക്കനിയാണ് ഇതുസംബന്ധിച്ച് സൂചന നല്‍കി ട്വിറ്ററില്‍ പോസ്റ്റിട്ടത്.

കമല്‍ഹാസന്‍ സിനിമ കണ്ടു. തമിഴ് സിനിമയും പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുമെന്നും സുരേഷ് ബാലാജി നിര്‍മിക്കുമെന്നുമാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ട്. നേരത്തേ മോഹന്‍ലാലിനെ നായകനാക്കി ജിത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യവും കമല്‍ഹാസന്‍ മുന്‍കൈ എടുത്ത് തമിഴിലേക്ക് റിമേക്ക് ചെയ്തിരുന്നു. ഓണച്ചിത്രങ്ങളില്‍ കളക്ഷന്‍ റെക്കോര്‍ഡുമായി ബഹുദൂരം മുന്നേറുകയാണ് ഒപ്പം. മലയാളത്തില്‍ ഏറ്റവും വേഗത്തില്‍ 10 കോടി കളക്ഷന്‍ നേടുന്ന ചിത്രമെന്ന നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് ഈ സസ്‌പെന്‍സ് ത്രില്ലര്‍.

ആദ്യത്തെ ആറുദിവസം ഒപ്പം കേരളത്തിലെ തിയേറ്ററുകളില്‍ നിന്നും വാരിയത് 11.53 കോടി രൂപയാണ്. ഇക്കാര്യത്തില്‍ അല്‍ഫോണ്‍സ് പുത്രന്‍ നിവിന്‍ പോളി ടീമിന്റെ ഹിറ്റ് ചിത്രമായിരുന്ന പ്രേമത്തിന്റെ റെക്കോര്‍ഡാണ് ഒപ്പം തകര്‍ത്തത്. കഴിഞ്ഞ വര്‍ഷം ജൂണ്‍ 25 ന് തിയേറ്ററുകളില്‍ എത്തിയ പ്രേമത്തിന്റെ ആദ്യ ഒരാഴ്ചയിലെ കളക്ഷന്‍ 10.30 കോടി രൂപയായിരുന്നു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top