സൗദിയില്‍ കൂടുതല്‍ മേഖലകളില്‍ സര്‍ക്കാര്‍ സേവനങ്ങള്‍ക്കുള്ള ഫീസ് വര്‍ദ്ധിപ്പിക്കുമെന്ന് റിപ്പോര്‍ട്ട്

saudi-arabia

Representational Image

സൗദി അറേബ്യയിലെ കൂടുതല്‍ മേഖലയില്‍ സര്‍ക്കാര്‍ സേവനങ്ങള്‍ക്കുള്ള ഫീസ് വര്‍ധിപ്പിക്കുമെന്ന് റിപ്പോര്‍ട്ട്. ഏഴ് സര്‍ക്കാര്‍ സേവനങ്ങള്‍ക്കുള്ള ഫീസ് വര്‍ധിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഗാര്‍ഹിക തൊഴിലാളികളുടെ ഇഖാമ ഫീസിന് നല്‍കി വന്നിരുന്ന ഇളവ് രണ്ടാഴ്ചക്കുള്ളില്‍ അവസാനിക്കും. വിസ ഫീസ് നിരക്കും ഗതാഗത നിയമ ലംഘനങ്ങള്‍ക്കുളള പിഴയും ഉയര്‍ത്താന്‍ കഴിഞ്ഞ മാസം മന്ത്രിസഭ തീരുമാനിച്ചിരുന്നു.

വിവിധ തരം ഫീസുകള്‍ പൗരന്മാര്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കാതിരിക്കാന്‍ വര്‍ഷങ്ങളായി നിശ്ചിത ശതമാനം ഇളവ് അനുവദിക്കുന്നുണ്ട്. കസ്റ്റംസ്, പാസ്‌പോര്‍ട്ട്, വാഹന രജിസ്‌ട്രേഷന്‍, വാഹനം ഉടമസ്ഥാവകാശ കൈമാറ്റം, ഗാര്‍ഹിക തൊഴിലാളികളുടെ താമസാനുമതി രേഖയായ ഇഖാമക്കുളള ഫീസ് എന്നിവക്ക് നിശ്ചിത ഫീസിന്റെ പകുതിയാണ് സര്‍ക്കാര്‍ ഈടാക്കുന്നത്. വിദേശ വീട്ടുവേലക്കാരുടെയും ഹൗസ് ഡ്രൈവര്‍മാരുടെയും ഇഖാമ ഫീസ് 350 റിയാലാണ് നിലവില്‍ ഈടാക്കുന്നത്. ഇത് ഇരട്ടിയാകാനാണ് സാധ്യത.

അടുത്ത മാസം 3 മുതലാണ് ഹിജ്‌റ വര്‍ഷം ആരംഭിക്കുന്നത്. അന്നു മുതല്‍ മന്ത്രിസഭ അംഗീകരിച്ച പുതുക്കിയ വിസാ ഫീസുകളും ഗതാഗത നിയമ ലംഘനങ്ങള്‍ക്ക് ഭേദഗതിവരുത്തിയ പിഴകളും നിലവില്‍ വരും. ഇളവുകളുളള സര്‍ക്കാര്‍ സേവനങ്ങളുടെ ഫീസ് നിരക്ക് തുടരണമെങ്കില്‍ അടുത്ത മന്ത്രിസഭാ യോഗം തീരുമാനിക്കണം.

ഇളവുകളോടെ നിലവില്‍ ഈടാക്കുന്ന ഫീസ് നിരക്ക് തുടരാന്‍ മൂന്ന് വര്‍ഷം മുമ്പ് സൗദി മന്ത്രിസഭ തീരുമാനിച്ചിരുന്നു. ഇതിന്റെ കാലാവധി ഈ മാസം അവസാനിക്കും. അതുകൊണ്ട് തന്നെ നിലവിലെ സാഹചര്യത്തില്‍ ഫീസ് നിരക്കുകള്‍ വര്‍ധിപ്പിക്കാനാണ് സാധ്യതയെന്നാണ് വിലയിരുത്തപ്പെടുന്നത്.

സൗദിയിലെ ഇളവ് നീട്ടിയില്ലെങ്കില്‍ ഗാര്‍ഹിക തൊഴിലാളികളുടെ സ്‌പോണ്‍സര്‍മാര്‍ 300 റിയാലിനു പകരം അറുനൂറ് റിയാല്‍ വഹിക്കേണ്ടിവരും. ഇളവ് നീട്ടി ലഭിക്കാന്‍ ആവശ്യമുയര്‍ന്നിട്ടുണ്ട്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top