ലക്ഷങ്ങള്‍ മിനായിലേക്ക്; ഹജ്ജ് ചടങ്ങുകള്‍ക്ക് നാളെ തുടക്കം

ജിദ്ദ: പരിശുദ്ധ ഹജ്ജ് കര്‍മ്മങ്ങള്‍ക്ക് നാളെ തുടക്കം. ഹജ്ജ് കര്‍മത്തിനായി ഇതിനകം 13 ലക്ഷത്തില്‍പരം തീര്‍ത്ഥാടകര്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി മക്കയിലെത്തിയിട്ടുണ്ട്. 14 ലക്ഷത്തിലധികം വരുന്ന അഭ്യന്തര തീര്‍ത്ഥാടകര്‍ കൂടി ചേരുന്നതോടെ 27.5 ലക്ഷത്തോളം വിശ്വാസികളാണ് ഹജ്ജ് കര്‍മത്തിനായി പുണ്യഭൂമിയില്‍ സംഗമിക്കുക. ഹജ്ജിനുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായതായി സൗദി ഭരണകൂടം വ്യക്തമാക്കി. സൗദി പാസ്പോര്‍ട്ട് ഡയറക്ടറേറ്റിന്റെ കണക്കുപ്രകാരം 13,10,408 പേരാണ് ഇന്നലെ വരെ വിവിധ രാജ്യങ്ങളില്‍ നിന്നായി സൗദിയിലത്തെിയത്.
ഇതില്‍ ഇന്ത്യയില്‍നിന്ന് ഹജ്ജ് കമ്മിറ്റി വഴി എത്തിയ 99,904 തീര്‍ത്ഥാടകരും സ്വകാര്യ ഗ്രൂപ്പ് വഴിയുള്ള 36,000 പേരും ഉള്‍പ്പെടും. നാളെയാണ് ഹജ്ജ് കര്‍മങ്ങള്‍ക്കു തുടക്കമാവുകയെങ്കിലും തിരക്ക് ഒഴിവാക്കാനെന്നോണം ഇന്ന് ജുമുഅ നമസ്കാരാനന്തരം തീര്‍ത്ഥാടകര്‍ തമ്ബുകളുടെ നഗരയിയായ മിനായെ ലക്ഷ്യമാക്കി യാത്ര തിരിക്കും. ഇന്നത്തെ ജുമുഅ നമസ്കാരത്തില്‍ ഹറമും പരിസരവും ജനസാഗരമാവുമെന്നുറപ്പാണ്. ഇന്ത്യന്‍ ഹാജിമാരെ വെള്ളിയാഴ്ച രാത്രിയോടെ മിനായിലേക്ക് എത്തിക്കും.

മിനായില്‍ ഇന്ത്യന്‍ ഹജ്ജ് മിഷന്റെ ഓഫിസും ആശുപത്രി ഉള്‍പ്പെടെയുള്ള സംവിധാനങ്ങളും ഒരുക്കിയതായും ഇന്ത്യന്‍ സുരക്ഷാ ഉദ്യോഗസ്ഥ സംഘം അറിയിച്ചു. ഹജ്ജിലെ സുപ്രധാന ചടങ്ങായ അറഫാസംഗമം ഞായറാഴ്ചയാണ്. അറഫാസംഗമത്തിന് ശേഷം മുസ്ദലിഫയില്‍ രാത്രി തങ്ങുന്ന ഹാജിമാര്‍ ബാക്കി ദിനങ്ങളില്‍ മിനായിലാണ് രാപ്പാര്‍ക്കുക. ആഭ്യന്തര തീര്‍ഥാടകര്‍ ശനിയാഴ്ചയോടെ മിനായിലത്തെും.
അറഫയില്‍ കടുത്ത ചൂടില്‍ നടക്കുന്ന സംഗമത്തില്‍ ആശ്വാസമായി 120000 ചതുരശ്ര മീറ്ററില്‍ 18000 കൂടാരങ്ങള്‍ വേറെയുമുണ്ട്. മിനായിലെ തമ്പുകളെല്ലാം അറ്റകുറ്റപ്പണികള്‍ നടത്തി താമസയോഗ്യമാക്കി. 10000ലധികം പുതിയ എയര്‍കണ്ടീഷനിങ് യൂനിറ്റുകള്‍ സ്ഥാപിച്ചിട്ടുണ്ട്. കൂളറുകള്‍ മാറ്റി പുതിയത് പിടിപ്പിച്ചു. നടവഴികളില്‍ വെള്ളം തളിക്കുന്ന ഫാനുകളുമുണ്ട്. ഉദ്യോഗസ്ഥ സംഘം മിനാ സന്ദര്‍ശിച്ച് അവസാനഘട്ട ഒരുക്കങ്ങള്‍ വിലയിരുത്തി.
ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക