സ്വാശ്രയ മെഡിക്കല്‍ പ്രവേശനം; ഫീസ് വര്‍ധനയ്ക്ക് പിന്നില്‍ സര്‍ക്കാരും മാനേജ്‌മെന്റുകളും തമ്മിലുള്ള ഒത്തുകളിയെന്ന് ചെന്നിത്തല

രമേശ് ചെന്നിത്തല (ഫയല്‍ ചിത്രം)

രമേശ് ചെന്നിത്തല
(ഫയല്‍ ചിത്രം)

തിരുവനന്തപുരം: സര്‍ക്കാരും സ്വാശ്രയ മാനേജ്‌മെന്റുകളും തമ്മിലുള്ള ഒത്തുകളിയിലൂടെയാണ് സ്വാശ്രയ മെഡിക്കല്‍ കൊളേജുകളിലെ എണ്‍പത് ശതമാനം സീറ്റുകളിലും കുത്തനെ ഫീസ് വര്‍ധിപ്പിച്ചതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. ഇത് വിദ്യാര്‍ത്ഥികളോടുള്ള വഞ്ചനയാണെന്നും മാനേജ്‌മെന്റുകള്‍ പിന്‍വാതില്‍ വഴി വാങ്ങിയിരുന്ന ക്യാപിറ്റേഷന്‍ ഫീസ് നിയമവിധേയമാക്കിക്കൊടുക്കുകയാണ് ഇടതുസര്‍ക്കാര്‍ ചെയ്തതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കേരളാ മെറിറ്റിനേയും നീറ്റിനേയും രണ്ടായി കാണുന്നത് അന്യായമാണെന്നും ചെന്നിത്തല പറഞ്ഞു.

മാനേജ്‌മെന്റ് സീറ്റില്‍ കഴിഞ്ഞ വര്‍ഷം എട്ടര ലക്ഷം രൂപയായിരുന്ന ഫീസ് ഇത്തവണ 11 ലക്ഷമാക്കി ഉയര്‍ത്തിയത് പാവപ്പെട്ട വിദ്യാര്‍ത്ഥികളെ കൊള്ളയടിക്കുന്നതിന് തുല്യമാണെന്ന് ചെന്നിത്തല കുറ്റപ്പെടുത്തി. കേരളാ മെറിറ്റിലേയും നീറ്റ് മെറിറ്റിലേയും കുട്ടികളെ സര്‍ക്കാര്‍ മാനേജ്‌മെന്റിന് അടിയറ വെച്ചിരിക്കുകയാണ്. നീറ്റ് ലിസ്റ്റില്‍ നിന്നും പ്രവേശനം നല്‍കണമെന്ന സുപ്രീം കോടതി വിധിയോടെ ക്യപ്പിറ്റേഷന്‍ ഫീസ് വാങ്ങുന്നതിന് നിയന്ത്രണം വരുമെന്ന പേടിയിലായിരുന്ന മാനേജ്‌മെന്റുകള്‍ക്ക് നഷ്ടം നികത്തിക്കൊടുക്കുന്നതിനായി ജെയിംസ് കമ്മിറ്റിയെപ്പോലും നോക്കുകുത്തിയാക്കിയാണ് ഫീസ് വര്‍ധിപ്പിച്ചത്.

കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ യുഡിഎഫ് സര്‍ക്കാര്‍ ഏഴ് ശതമാനം വര്‍ധന മാത്രമാണ് ഫീസില്‍ വരുത്തിയതെന്ന് ചെന്നിത്തല ചൂണ്ടിക്കാട്ടി. എന്നാല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ഒറ്റയടിക്ക് മെറിറ്റ് സീറ്റില്‍ 35 ശതമാനവും മാനേജ്‌മെന്റ് സീറ്റില്‍ 29 ശതമാനവും എന്‍ആര്‍ഐ സീറ്റില്‍ 20 ശതമാനവും വര്‍ധവാണ് വരുത്തിയിരിക്കുന്നത്. ഉയര്‍ന്ന ഫീസ് നിശ്ചയിച്ചതിലൂടെ സാമ്പത്തികമായി ശേഷി കുറഞ്ഞ മിടുക്കന്‍മാര്‍ പിന്‍വാങ്ങുന്ന അവസ്ഥയാണ് ഉണ്ടായിരിക്കുന്നത്. ചെന്നിത്തല കുറ്റപ്പെടുത്തി.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top