സ്വാശ്രയ മെഡിക്കല്‍, ഡെന്റല്‍ പ്രവേശനം: ഫീസിന്റെ കാര്യത്തില്‍ ധാരണയായി

KK-SHYLAJA

കെകെ ശൈലജ

തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ പ്രവേശനത്തില്‍ സര്‍ക്കാരും മാനേജ്‌മെന്റുകളും തമ്മില്‍ ധാരണയിലായി. അന്‍പത് ശതമാനം മെറിറ്റ് സീറ്റ് സര്‍ക്കാരിന് വിട്ടുകൊടുത്ത് കൊണ്ടാണ് മെഡിക്കല്‍, ഡെന്റല്‍ പ്രവേശനത്തില്‍ ധാരണയിലെത്തിയത്. വ്യാഴാഴ്ച വൈകുന്നേരം മുഖ്യമന്ത്രി പിണറായി വിജയനുമായി മാനേജ്‌മെന്റ് പ്രതിനിധികള്‍ നടത്തിയ ചര്‍ച്ചയിലാണ് ഫീസ് നിരക്കിലും പ്രവേശനവുമായി ബന്ധപ്പെട്ട് നിലനിന്നിരുന്ന തര്‍ക്കത്തില്‍ തീരുമാനമായത്. മെറിറ്റ് സീറ്റിലും മാനേജ്‌മെന്റ് സീറ്റുകളിലുമായി ഫീസ് കൂട്ടിയാണ് പുതിയ ധാരണ.

ഡെന്റല്‍ പ്രവേശനത്തിന് ആറു ശതമാനം മെറിറ്റ് സീറ്റില്‍ 23,000 രൂപ ഫീസ് തുടരും. 14 ശതമാനം മെറിറ്റ് ഫീസുകളില്‍ 44,000 രൂപയും ഫീസ് ആയി നിശ്ചയിച്ചു. ബാക്കി 30 ശതമാനം മെറിറ്റ് സീറ്റില്‍ 2.1 ലക്ഷം രൂപയും ഫീസ് ഈടാക്കാന്‍ ധാരണയായി.

35 ശതമാനം മാനേജ്‌മെന്റ് സീറ്റില്‍ അഞ്ചു ലക്ഷം രൂപയാണ് ഫീസ്. ബാക്കി വരുന്ന 15 ശതമാനം എന്‍ആര്‍ഐ സീറ്റുകളില്‍ ആറു ലക്ഷം രൂപയും ഈടാക്കും. മെഡിക്കല്‍ മാനേജ്‌മെന്റുകളുമായും സര്‍ക്കാര്‍ ധാരണയിലെത്തി. മെഡിക്കല്‍ മാനേജ്‌മെന്റ് സീറ്റില്‍ ഫീസ് 11 ലക്ഷം ആയി വര്‍ദ്ധിപ്പിച്ചു. 50 ശതമാനം മെറിറ്റ് സീറ്റായി സര്‍ക്കാരിന് വിട്ടുനല്‍കും. 13 മാനേജ്‌മെന്റുകളാണ് സര്‍ക്കാരുമായി ധാരണയായത്. എല്ലാവരെയും നീറ്റ് അടിസ്ഥാനത്തില്‍ നടത്തിയ പ്രവേശന പരീക്ഷാ പട്ടികയില്‍ നിന്നാണ് പ്രവേശനം നടത്തുക.

പ്രവേശനത്തില്‍ സര്‍ക്കാരും മാനേജ്‌മെന്റുകളുമായി ധാരണയായതോടെ 463 സീറ്റുകള്‍ സര്‍ക്കാരിന് അധികമായി ലഭിക്കുക. ഇതില്‍ സര്‍ക്കാര്‍ ആനുകൂല്യം ലഭ്യമാകുമെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ പറഞ്ഞു. ചര്‍ച്ചയില്‍നിന്ന് വിട്ടുനിന്ന 5 മാനേജ്‌മെന്റുകളുമായും ഉടന്‍ ധാരണയിലെത്താന്‍ ശ്രമിക്കും. ഇതോടെ മെറിറ്റ് സീറ്റുകളില്‍ വര്‍ദ്ധനയുണ്ടാവുമെന്നും കെകെ ശൈലജ പറഞ്ഞു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top