പെയ്തൊഴിയാതെ വിക്ടര്‍: മലയാളിയുടെ മനസില്‍ വിക്ടര്‍ ജോര്‍ജ്ജ് മറന്നുവെച്ച ചിത്രങ്ങള്‍

victor-george

പെയ്തുതോരാത്ത മഴയുടെ ഏതോ സുന്ദരദൃശ്യം തേടി ആ കണ്ണുകള്‍ പോയത് മരണത്തിന്റെ മോഹിപ്പിക്കുന്ന നിശ്ശബ്ദതയിലേക്കായിരുന്നു. മിഴിവുള്ള ചിത്രങ്ങള്‍ക്കുവേണ്ടി, അവയുടെ പൂര്‍ണതയ്ക്കു വേണ്ടി എന്തു ത്യാഗവും സഹിക്കാന്‍ ഒരുക്കമായിരുന്ന മലയാള മനോരമ ഫോട്ടോഗ്രാഫറായിരുന്ന വിക്ടര്‍ ജോര്‍ജ്ജ്. ലോക ഫോട്ടോഗ്രാഫി ദിനത്തില്‍ ചിത്രങ്ങളെ സ്‌നേഹിക്കുന്ന മലയാളിക്ക് സമരിക്കാന്‍ വിക്ടറിനെ കഴിഞ്ഞെ മറ്റൊരാളുണ്ടാവുകയുള്ളു.

1955 ഏപ്രില്‍ 10നു കോട്ടയം ജില്ലയിലെ ഏറ്റുമാനൂരിനടുത്തുള്ള കാണക്കാരി ഗ്രാമത്തിലാണ് വിക്ടര്‍ ജോര്‍ജ്ജ് ജനിച്ചത്. തന്റെ സഹോദരനായിരുന്നു ഫോട്ടോഗ്രഫിയുടെ ആദ്യപാഠങ്ങള്‍ പഠിപ്പിച്ചുകൊടുത്തത്. ഒരു വിനോദമായി തുടങ്ങിയ ഫോട്ടോഗ്രഫി പിന്നീട് ഒരു മുഴുവന്‍ സമയ പ്രവൃത്തി ആയി മാറുകയായിരുന്നു.

1981ല്‍ വിക്ടര്‍ മലയാള മനോരമയില്‍ ചേര്‍ന്നു. 1985 മുതല്‍ 1990 വരെ മനോരമയുടെ ദില്ലി ബ്യൂറോയില്‍ പ്രവര്‍ത്തിച്ചു. 1986ലെ ദേശീയ ഗെയിംസിന്റെ ചിത്രങ്ങള്‍ വിക്ടറിനെ അന്താരാഷ്ട്ര പ്രശസ്തനാക്കി. അനിതാ സൂദ്, കവിതാ സൂദ് എന്നീ നീന്തല്‍ക്കാരികളുടെ അമ്മ വനിതകളുടെ 400 മീറ്റര്‍ ഫ്രീസ്‌റ്റൈല്‍ നീന്തലില്‍ ഗാലറിയില്‍ നിന്ന് അവരെ പ്രോല്‍സാഹിപ്പിക്കുന്നതിന്റെ ചിത്രങ്ങള്‍ വിക്ടറിന് ഒരുപിടി അവാര്‍ഡുകളും ഖ്യാതിയും നല്‍കി.

സൗത്ത് ഏഷ്യന്‍ ഫെഡറേഷന്‍ ഗെയിംസില്‍ (കല്‍ക്കട്ട, 1989) ഇന്ത്യന്‍ റിലേ ടീം ബാറ്റണ്‍ താഴെയിടുന്നതിന്റെ ചിത്രവും പ്രശസ്തമായിരുന്നു. 1990 മുതല്‍ വിക്ടര്‍ മലയാള മനോരമ കോട്ടയം ബ്യൂറോയുടെ ചീഫ് ഫോട്ടോഗ്രാഫര്‍ ആയിരുന്നു.

വിക്ടറിന്റെ സ്വാതന്ത്ര്യ ദിനാഘോഷം

വിക്ടറിന്റെ ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രങ്ങള്‍ പ്രശസ്തമായിരുന്നു. കോട്ടയം ജില്ലാ ആശുപത്രിയില്‍ പേവിഷബാധ വന്ന് മരിക്കാറായ ഒരു കുഞ്ഞിന്റെ ചിത്രം വിക്ടര്‍ എടുത്തത് നിസ്സഹായനായ കുട്ടി അച്ഛന്റെ കൈയില്‍ ഇറുക്കിപ്പിടിക്കുന്നതിന്റെ ചിത്രമായിരുന്നു. കുഞ്ഞിന്റെ മുഖവും സംരക്ഷിക്കുവാനായി നീണ്ട പിതാവിന്റെ കരവും മാത്രമേ ആ ചിത്രത്തില്‍ ഉണ്ടായിരുന്നുള്ളൂ.

കോട്ടയത്ത് കുറച്ചുനാള്‍ പത്രത്തില്‍ പ്രവര്‍ത്തിച്ചതിനു ശേഷം വിക്ടര്‍ തന്റെ ശ്രദ്ധ പ്രകൃതി ഛായാഗ്രഹണത്തിലേക്ക് തിരിച്ചു. പ്രകൃതിയുടെ ആക്രമണത്തിനു വിധേയമായ പരിസ്ഥിതിയും മനുഷ്യന്റെ ദുരയും വിക്ടറിന്റെ ഛായാചിത്രങ്ങള്‍ക്ക് വിഷയങ്ങളായി.

കുട്ടനാട്ടിലെ കായലുകള്‍, ഭാരതപ്പുഴ, വന്യജീവികള്‍ പ്രത്യേകിച്ചും പാമ്പുകള്‍, ഒ.വി. വിജയന്റെ ഖസാക്കിന്റെ ഇതിഹാസത്തിന്റെ പശ്ചാത്തല ചിത്രീകരണം, കേരളത്തിലെ മണ്‍സൂണ്‍ എന്നിവ വിക്ടറിന്റെ പ്രിയപ്പെട്ട വിഷയങ്ങളായി.

ജീവിതത്തിന്റെ അവസാന ഫ്രെയിമില്‍ നിന്ന് കുടയും ചൂടി വിക്ടര്‍ മരണത്തിലേക്ക് നടന്നുപോയത് 15 വര്‍ഷം മുമ്പാണ്. അതായത് 2001 ജൂലൈ 9ന്. ഇടുക്കി ജില്ലയിലെ വെള്ളിയാനിയിലുണ്ടായ ഉരുള്‍പൊട്ടലിന്റെ ചിത്രമെടുക്കാനാണ് വിക്ടര്‍ ജോര്‍ജ്ജ് പോയത്. തോരാതെ പെയ്ത മഴയും ഉരുള്‍പൊട്ടലുമെല്ലാം തുടരെത്തുടരെ വിക്ടറിന്റെ ക്യാമറയില്‍ പതിഞ്ഞുകൊണ്ടിരുന്നു.

മഴയുടെ രൗദ്രഭാവങ്ങളുടെ ചിത്രങ്ങള്‍ എടുത്തിട്ടും എടുത്തിട്ടും മതിവരാതെ ഇരുള്‍ വന്ന വഴിയിലൂടെ വിക്ടര്‍ നടന്നു. വിക്ടറിന്റെ സുഹൃത്ത് ജിയോ ടോമി നോക്കുമ്പോള്‍ അങ്ങകലെ മലമുകളിലെത്തിയിരുന്നു വിക്ടര്‍. കൂടുതല്‍ മുകളിലേക്ക് കയറിപ്പോകുന്ന വിക്ടറിനെ ജിയോ ക്യാമറയില്‍ പകര്‍ത്തി. പാന്റ് മുകളിലേക്ക് തെറുത്ത് വച്ച്, കുടയും ചൂടി ഏകാഗ്രതയോടെ നടന്നു നീങ്ങുന്ന വിക്ടര്‍.

പൊട്ടി വരുന്ന ഉരുള്‍ വിക്ടര്‍ കണ്ടുകാണില്ല, കല്ലും വെള്ളവും കുത്തിയൊലിച്ച ആ ഹുങ്കാരത്തില്‍ വിക്ടര്‍ നിലവിളിച്ചിരുന്നുവോ? അറിയില്ല. മരണത്തിന്റെ നീലമലയിലേക്ക് നടന്നുപോയ വിക്ടറിന്റെ ഓര്‍മ്മ നെഞ്ചിലേറ്റുകയാണ് മലയാളികള്‍. മറന്നുവച്ചപോലെ പൊട്ടിത്തകര്‍ന്ന ആ ക്യാമറ ഇന്നും മലയാളികളുടെ മനസിലുണ്ട്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top