ബസിലെ സീറ്റ് തര്‍ക്കം: യാത്രക്കാരനെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്

dyfi

അനിലിനെ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ കൈയേറ്റം ചെയ്യുന്നതിന്റെ ദൃശം

മൂവാറ്റുപുഴ: കെഎസ്ആര്‍ടിസി ബസില്‍ സീറ്റിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് മൂവാറ്റുപുഴയില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ നടത്തിയ അക്രമത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത്. ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ്പ്രസിഡന്റ് വിപി റെജീനയുമായുണ്ടായ തര്‍ക്കത്തെത്തുടര്‍ന്നാണ് തൃശൂര്‍ മരോട്ടിക്കല്‍ കട്ടിലപൂര്‍വം തേവര്‍കുന്നേല്‍ അനിലിനെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ബസില്‍ നിന്ന് വലിച്ചിറക്കി മര്‍ദ്ദിച്ചത്. തൃശൂരില്‍നിന്ന് എരുമേലിയിലേക്കു യാത്ര പുറപ്പെട്ട ദമ്പതികളും റെജീനയും തമ്മിലുണ്ടായ തര്‍ക്കത്തിന് പിന്നാലെയാണ് അനിലിനെ കൈയേറ്റം ചെയ്തത്.

സംഭവത്തില്‍ അനിലിനെതിരേ പോലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ രക്ഷപ്പെടാന്‍ സഹായിക്കുകയായിരുന്നു. രാഷ്ട്രീയ സ്വാധീനത്തിന് വഴങ്ങി പോലീസ് സ്വീകരിച്ച നടപടിക്കെതിരെ പ്രതിഷേധം ഉയരുന്നതിനിടയിലാണ് ഡിവൈഎഫ്‌ഐയുടെ വിളയാട്ടത്തിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നിരിക്കുന്നത്.

മൂവാറ്റുപുഴ കച്ചേരിത്താഴത്തെത്തിയപ്പോള്‍ പോലീസിന്റെ കണ്‍മുന്നില്‍ ബസില്‍നിന്നു ദമ്പതികളെ വിളിച്ചിറക്കി ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ കാഴ്ച്ചക്കാരില്‍ ഒരാളാണ് പകര്‍ത്തിയത്. സംഭവത്തില്‍ പൊലീസ് സ്വീകരിച്ച നടപടി വിവാദമായിരുന്നു. നൂറുകണക്കിന് ആളുകളുടെ കണ്‍മുന്നിലായിരുന്നു 15 വയസില്‍ താഴെയുള്ള മൂന്നു മക്കളുടെ സാന്നിധ്യത്തില്‍ അനിലിനെ മര്‍ദ്ദിച്ചത്. ബസില്‍ നടന്ന സംഭവവികാസങ്ങളില്‍ അനിലിന്റെ നിരപരാധിത്വം ബോധ്യപ്പെടുത്താന്‍ ശ്രമിച്ച സഹയാത്രക്കാരനെയും ഈ സംഘം ആക്രമിച്ചിരുന്നു.
പ്രായപൂര്‍ത്തിയാകാത്ത മൂന്നു കുട്ടികളെ ഉള്‍പ്പെടെ പൊലീസ് ജീപ്പില്‍ കയറ്റിക്കൊണ്ടു പോയി അര്‍ധരാത്രി വരെ സ്‌റ്റേഷനില്‍ തടഞ്ഞുവച്ചതും വിവാദമായിരുന്നു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top