ഒളിംപിക്സ് സ്വര്‍ണം ഇനിയും അകലെ; ദ്യോകോവിച് ആദ്യ റൗണ്ടില്‍ പുറത്ത്

ഡെല്‍പോട്രോയെ അഭിനന്ദിക്കുന്ന ദ്യോകോവിച്
റിയോ ഡി ജനീറോ: ലോക ഒന്നാം നമ്പര്‍ സെര്‍ബിയയുടെ നൊവാക് ദ്യോകോവിച് ഒളിംപിക്സ് ടെന്നീസിന്റെ ആദ്യ റൗണ്ടില്‍ പുറത്തായി. സീഡ് ചെയ്യപ്പെടാത്ത യുവാന്‍ മാര്ട്ടിന് ഡെല്‍പോട്രോയാണ് സെര്‍ബിയന്‍ താരത്തിന്റെ ഒളിംപിക് മോഹങ്ങള്‍ ആദ്യ റൗണ്ടില്‍ തകര്‍ത്തത്. എതിരില്ലാത്ത സെറ്റുകള്‍ക്കായിരുന്നു ഡെല്‍പോട്രോയുടെ വിജയം. സ്കോര്‍ 7-6, 7-6
ലോക ടെന്നീസിന്റെ നെറുകയില്‍ നില്ക്കുന്ന സമയത്താണ് ദ്യോകോവിച്ചിന് ഒളിംപിക്സില്‍ ആദ്യ റൗണ്ടില്‍ത്തന്നെ ഞെട്ടിക്കുന്ന തോല്‍വി ഏറ്റുവാങ്ങേണ്ടി വന്നത്. സീഡ് ചെയ്യപ്പെടാത്ത അര്‍ജന്റീനിയന്‍ താരത്തിനെതിരെ വളരെ ക്ഷീണിതനായാണ് ദ്യോകോവിച് മത്സരത്തിലുടനീളം കാണപ്പെട്ടത്. അവസരം മുതലെടുത്ത ഡെല്‍പോട്രോ കത്തിക്കയറി.

മത്സരശേഷം വികാരാധീനനായി കാണപ്പെട്ട ദ്യോകോവിച് നിറകണ്ണുകളോടെയാണ് കളംവിട്ടത്. ഒരു സ്വപ്നം തുടക്കത്തില്‍ത്തന്നെ വീണ് തകര്‍ന്നതിന്റെ വേദനയായിരുന്നു കണ്ണുകളില്‍ നിറഞ്ഞത്. ഇനി ഒരു ഒളിംപിക്സ് സ്വര്‍ണം സ്വന്തമാക്കാനുള്ള ബാല്യം ഇല്ലെന്ന തിരിച്ചറിവും ആ വേദനയില്‍ കലര്‍ന്നിരിക്കാം.

മത്സരശേഷം കരഞ്ഞുകൊണ്ട് കളം വിടുന്ന ദ്യോകോവിച്
ഒളിംപിക്സ് സ്വര്‍ണം നേടി കരിയര്‍ ഗോള്‍ഡന്‍ സ്ലാം തികയ്ക്കാനുള്ള അപൂര്‍വ്വ അവസരമാണ് ദ്യോകോവിച്ചിന് നഷ്ടമായത്. നാല് ഗ്രാന്റ്സ്ലാമുകളും നേടിയിട്ടുള്ള താരത്തിന് ഒളിംപിക്സ് സ്വര്‍ണം കൂടി നേടിയിരുന്നെങ്കില്‍ കരിയര്‍ ഗ്രാന്റ് സ്ലാം തികയ്ക്കാമായിരുന്നു. 2008ലെ ബീജിങ് ഒളിംപിക്സില്‍ നേടിയ വെങ്കല മെഡലാണ് ദ്യോകോവിച്ചിന്റെ മികച്ച ഒളിംപിക്സ് നേട്ടം.
2012 ലണ്ടന്‍ ഒളിംപിക്സിലെ വെങ്കല മെഡല്‍ ജേതാവാണ് ഡെല്‍പോട്രോ. അന്ന് ദ്യോകോവിച്ചിനെ തോല്‍പ്പിച്ചായിരുന്നു ഡെല്‍പോട്രോ വെങ്കലമെഡല്‍ കരസ്ഥമാക്കിയത്.
ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക