ഒളിമ്പിക് ടെന്നീസ്: അട്ടിമറിയിലൂടെ വീനസ് വില്യംസ് പുറത്ത്

venus-williams

റിയോ ഡി ജെനീറോ: കായിക നേട്ടങ്ങള്‍ക്കൊപ്പം ഒരുപിടി നിരാശയും അട്ടിമറികളുമാണ് റിയോ ഒളിമ്പിക്‌സ് കാണികള്‍ക്ക് കാഴ്ച്ച വയ്ക്കുന്നത്. വമ്പന്മാര്‍ പിമ്പന്മാരാകുന്ന സ്ഥിതി വിശേഷം. ടെന്നീസ് കോര്‍ട്ടിലെ ഇന്ത്യന്‍ നിരാശകള്‍ക്ക് പിന്നാലെ വീനസ് വില്യംസിന്റെ തോല്‍വി ലക്ഷകണക്കിന് ആരാധകരെയാണ് ഞെട്ടിച്ചിരിക്കുന്നത്. നാല് തവണ സ്വര്‍ണ്ണ മെഡല്‍ ജേതാവായ വീനസ് വില്യംസ്, ബെല്‍ജിയം താരം ക്രിസ്റ്റന്‍ ഫഌപ്‌കെന്‍സിനോടാണ് തോല്‍വി വഴങ്ങിയത്.

മോശം സമയവും ഒപ്പം മോശം ആരോഗ്യാവസ്ഥയും കാരണം വീനസിന് മെച്ചപ്പെട്ട പ്രകടനം നടത്തുവാന്‍ സാധിച്ചില്ലെന്ന് അടുത്തവൃത്തങ്ങള്‍ പറഞ്ഞു. മൂന്ന് മണിക്കൂര്‍ നീണ്ട മാരത്തണ്‍ കോര്‍ട്ട് മത്സരങ്ങള്‍ക്ക് ശേഷമാണ് 36 വയസ്സുള്ള വീനസ് വില്യം, ബെല്‍ജിയം താരം ക്രിസ്റ്റന്‍ ഫഌപ്‌കെന്‍സിന് മുന്നില്‍ കീഴടങ്ങിയത്. സ്‌കോര്‍; 4-6, 6-3, 7-6 (7/5).

വനിത ഡബിള്‍സില്‍, സഹോദരി സെറീന വില്യസുമായി മൂന്ന് സ്വര്‍ണ്ണ മെഡലുകളും, 2000 ഒളിമ്പിക്‌സില്‍ വ്യക്തിഗത സ്വര്‍ണ്ണവും നേടിയ വീനസ് വില്യംസിന്, ക്രിസ്റ്റന്‍ ഫഌപ്‌കെന്‍സിനുമേല്‍ ആധിപത്യം പുലര്‍ത്താന്‍ പല അവസരങ്ങളും ലഭിച്ചിരുന്നു. രണ്ടാം സെറ്റില്‍ 3-1 എന്ന സ്‌കോറിനും, നിര്‍ണ്ണായക സെറ്റില്‍ 4-1 എന്ന സ്‌കോറിന് വീനസ് മുന്നിട്ട് നിന്നിട്ടാണ് തോല്‍വി ഏറ്റുവാങ്ങിയത്.

അമേേരിക്കന്‍ സ്‌റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറിയുടെ സാന്നിധ്യവും ആരാധകരുടെ പിന്തുണയും ഉണ്ടായിട്ടും, വീനസ് നിര്‍ണ്ണായക നിമിഷങ്ങളില്‍ കളി കൈവിടുകയായിരുന്നു. പല അവസരങ്ങളിലും ശക്തമായി ചുമക്കുന്ന വീനസിനെയായിരുന്നു ആരാധകര്‍ക്ക് കാണുവാന്‍ സാധിച്ചത്. ഞായറാഴ്ചയാണ് സെറീന വില്യംസിനൊപ്പം വനിതാ വിഭാഗം ഡബിള്‍സില്‍ വീനസ് വില്യംസിന്റെ അടുത്ത മത്സരം.

വീനസ് ഞായറാഴ്ച നടക്കുന്ന മത്സരത്തില്‍ പങ്കെടുക്കുമെന്നും, അഞ്ചാം ഒളിമ്പികസ് സ്വര്‍ണ്ണം വീനസ്സിന്റെ സ്വപ്‌നമാണെന്നും വീനസ്സിനു വേണ്ടി മാധ്യമങ്ങളെ കണ്ട അമേരിക്കന്‍ ക്യാപ്റ്റന്‍ മേരി ജോ ഫെര്‍ണാണ്ടസ് വ്യക്തമാക്കി.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top