ഇനിയും സഹകരിക്കാനാകില്ല: നിയമസഭയില്‍ പ്രത്യേക ബ്ലോക്കായി ഇരിക്കണമെന്ന് സ്റ്റിയറിംഗ് കമ്മിറ്റിയില്‍ കെഎം മാണി

km-maniതിരുവനന്തപുരം: യുഡിഎഫുമായി ഇനിയും സഹകരിക്കാനാകില്ലെന്ന നിലപാടില്‍ ഉറച്ച് കെഎം മാണി. യുഡിഎഫുമായി ഇനി ഒത്തുപോകാനാകില്ലെന്നും നിയമസഭയില്‍ യുഡിഎഫിന്റെ കൂടെ ഇരിക്കാതെ പ്രത്യേക ബ്ലോക്കായി ഇരിക്കണമെന്നും മാണി പറഞ്ഞു. ചരക്കുന്നില്‍ പാര്‍ട്ട ക്യാംപിനു മുന്നോടിയായി ചേര്‍ന്ന പാര്‍ട്ടി സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തിലാണ് മാണി നേതാക്കളോടു ഇക്കാര്യം പറഞ്ഞത്. ബാര്‍ കോഴ തുടങ്ങിയ വിഷയങ്ങളില്‍ കോണ്‍ഗ്രസ് നേതാക്കള്‍ എടുത്ത നിലപാടുകള്‍ ഒരു ഘട്ടത്തിലും അംഗീകരിക്കാന്‍ സാധിക്കില്ലെന്ന് മാണി വ്യക്തമാക്കിയിരുന്നു.

സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തിനു ശേഷം ചരല്‍ക്കുന്ന് ക്യാംപിനു തുടക്കമാകും. യുഡിഎഫിന്റെയും കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിന്റെയും ഭാവി നിര്‍ണയിക്കുന്നതാണ് ചരല്‍ക്കുന്ന് ക്യാമ്പ്. മാണി യുഡിഎഫ് വിടാനാണ് ക്യാമ്പില്‍ ഭൂരിപക്ഷം തീരുമാനിക്കുന്നതെങ്കില്‍ മറിച്ചൊരു തീരുമാനം എടുക്കാന്‍ മാണിക്കും സാധിക്കില്ല.

പതിവിനു വിപരീതമായി പിജെ ജോസഫിനെ കൂടെ കൂട്ടാന്‍ മാണിക്ക് കഴിഞ്ഞിട്ടുണ്ടെന്നുളളതും ആത്മവിശ്വാസം പകരുന്നുണ്ട്. പ്രത്യേക ബ്ലോക്കായി ഇരിക്കുന്ന പക്ഷം യുഡിഎഫ് വിടാതെ തന്നെ വ്യത്യസ്ത വിഷയങ്ങളില്‍ വ്യത്യസ്ത നിലപാടുകള്‍ സ്വീകരിക്കാനും മുന്നണിയെ സമ്മര്‍ദ്ദത്തില്‍ നിര്‍ത്തുവാനും മാണിക്കു സാധിക്കും.
സ്റ്റിയറിംഗ് കമ്മറ്റിയില്‍ എതിരഭിപ്രായമുണ്ടാകാന്‍ സാധ്യതയില്ല. മോന്‍സ് ജോസഫ് എംഎല്‍എ ഒഴികെ പ്രമുഖ നേതാക്കളെല്ലാം എത്തിയിട്ടുണ്ട്. മൂന്ന് മണിക്ക് ക്യാമ്പിന് തുടക്കമാകും. പിജെ ജോസഫിന്റെ അധ്യക്ഷതയിലായിരിക്കും ക്യാമ്പ് ആരംഭിക്കുക. ഉദ്ഘാടന പ്രസംഗത്തില്‍ തന്നെ മാണി തന്റെ നിലപാട് വ്യക്തമാക്കുമെന്നാണ് പ്രതീക്ഷ. നാളെ ഉച്ചയ്ക്കു ശേഷമ മാത്രമേ നിലപാട് പരസ്യപ്പെടുത്താന്‍ സാധ്യതയുളളു.

അതേ സമയം കെ എം മാണിയെ അനുനയിപ്പിക്കാനുള്ള അന്തിമ ശ്രമത്തിലാണ് കോണ്‍ഗ്രസ് നേതൃത്വം. എന്നാല്‍ കേരള കോണ്‍ഗ്രസ് ബിജെപിയിലേയ്ക്ക് പോകുമെന്നത് കെട്ടുകഥ മാത്രമെന്നും ജോസഫ് എം പുതുശ്ശേരി റിപ്പോര്‍ട്ടറോട് പറഞ്ഞു.ബാര്‍ കോഴയില്‍ തട്ടി ഉലഞ്ഞു തുടങ്ങിയ കേരളാ കോണ്‍ഗ്രസ് കോണ്‍ഗ്രസ് ബന്ധത്തിന്റെ ഭാവി എന്തെന്ന് നിര്‍ണ്ണയിക്കുന്നതാകും കേരളാ കോണ്‍ഗ്രസിന്റെ ചരല്‍ക്കുന്ന് ക്യാമ്പ്. പി.ടി ചാക്കോയുടെ അനുഭവം മാണിക്കുണ്ടാവാന്‍ ചിലര്‍ ശ്രമിക്കുന്നുവെന്നും ജോസഫ് എം പുതുശ്ശേരി കുറ്റപ്പെടുത്തി. ബാര്‍ കോഴ കേസില്‍ മാണിക്കെതിരെ കോണ്ഗ്രസില്‍ ചിലര്‍ വ്യക്തിഹത്യ നടത്തിയെന്നും കേരള കോണ്‍ഗ്രസ് പാര്‍ട്ടി പ്രവര്‍ത്തകര്‍ കടുത്ത അതൃപ്തിയിലാണെന്നും ജോസഫ് എം പുതുശ്ശേരി പ്രതികരിച്ചു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top