എമിറേറ്റ്‌സ് വിമാനം തീപിടിച്ചതിന്റെ കാരണം കണ്ടെത്താന്‍ അന്വേഷണം തുടങ്ങി

nepal

ദുബായ്: തിരുവനന്തപുരം- ദുബായ് എമിറേറ്റ്‌സ് വിമാനം തീപിടിച്ച് അപകടം നടന്നതിന്റെ കാരണം കണ്ടെത്താന്‍ അന്വേഷണം തുടങ്ങിയതായി എമിറേറ്റ്‌സ് ഗ്രൂപ്പ് ചെയര്‍മാന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 13 യാത്രക്കാര്‍ക്കാണ് അപകടത്തില്‍ പരിക്കേറ്റത്. യുഎഇ സ്വദേശിയായ അഗ്‌നിശമന സേനാംഗത്തിന് മാത്രമാണ് രക്ഷാപ്രവര്‍ത്തനത്തിനിടെ ജീവന്‍ നഷ്ടമായതെന്നും അദ്ദേഹം പറഞ്ഞു.

യുഎഇ സ്വദേശിയായ പൈലറ്റാണ് അപകടത്തില്‍പെട്ട വിമാനം പറത്തിയിരുന്നത്. വിമാനത്തിലുണ്ടായിരുന്ന രണ്ട് പൈലറ്റുമാരും 7000 മണിക്കൂറില്‍ കൂടുതല്‍ പറക്കല്‍ പരിചമുള്ളവരായിരുന്നു. ലാന്‍ഡിങ് ഗിയറിന്റെ തകരാറാണ് അപകടകാരണമെന്ന് സ്ഥിരീകരിച്ചിട്ടില്ലെന്നും എമിറേറ്റ്‌സ് ചെയര്‍മാന്‍ ശൈഖ് അഹമ്മദ് ബിന്‍ സഈദ് ആല്‍ മക്തും പറഞ്ഞു. സംഭവത്തില്‍ സുരക്ഷാവീഴ്ച ഉണ്ടായിട്ടില്ല. 13 പേര്‍ക്ക് മാത്രമാണ് അപകടത്തില്‍ പരിക്കേറ്റത്. ഇവര്‍ക്ക് ചികില്‍സ നല്‍കി വിട്ടയച്ചെന്നും ചെയര്‍മാന്‍ പറഞ്ഞു.

യാത്രക്കാര്‍ പിന്നീട് എമര്‍ജന്‍സി വാതില്‍ വഴിയാണ് പുറത്തു ചാടി രക്ഷപ്പെട്ടത്. 45 സെക്കന്റിനുള്ളില്‍ എല്ലാവരേയും പുറത്തിറക്കിയത് വന്‍ അപകടം ഒഴിവാകാന്‍ കാരണമായി. പൈലറ്റിന്റെ സമയോചിതമായ ഇടപെടലാണ് അപകടത്തിന്റെ വ്യാപ്തി കുറച്ചത്. എന്നാല്‍ രക്ഷപ്രവര്‍ത്തനത്തിനിടെ ഒരു യുഎഇ പൗരന്‍ മരിച്ചു. ഇന്നലെ രാവിലെ തിരുവനന്തപുരത്ത് നിന്നും 10.19നാണ് വിമാനം യാത്ര തിരിച്ചത്. പ്രാദേശിക സമയം 12.50നാണ് ദുബായ് വിമാനത്താവളത്തില്‍ വിമാനം എത്തിയത്. ക്രഷ് ലാന്റിനു ശേഷമാണ് വിമാനത്തിന് തീ പിടിച്ചത്. യാത്രക്കാരും ജീവനക്കാരും ഉള്‍പ്പടെ 282 പേരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്.
രക്ഷപ്പെട്ടവരില്‍ 60ലധികം മലയാളികള്‍ ഉള്ളതായി സ്ഥിരീകരിച്ചു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top