നിയമനം ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് സെക്രട്ടേറിയേറ്റിന് മുന്നില്‍ യുവാക്കളുടെ ആത്മഹത്യാ ഭീഷണി

സെക്രട്ടേറിയേറ്റ് വളപ്പിലെ മരത്തില്‍ ആത്മഹത്യാ ഭീഷണി മുഴക്കുന്നവര്‍

സെക്രട്ടേറിയേറ്റ് വളപ്പിലെ മരത്തില്‍ ആത്മഹത്യാ ഭീഷണി മുഴക്കുന്നവര്‍

തിരുവനന്തപുരം: നിയമനം ലഭിക്കാത്തതിന്റെ പേരില്‍ സെക്രട്ടേറിയേറ്റിന് മുന്നില്‍ ആത്മഹത്യാ ഭീഷണിയുമായി ആറ് യുവാക്കള്‍. ഇന്ത്യന്‍ റിസര്‍വ് ബെറ്റാലിയന്‍ റാങ്ക് ഹോള്‍ഡേഴ്‌സിന്റെ സമരത്തിന് ഇടയിലാണ് യുവാക്കളുടെ ആത്മഹത്യാ ഭീഷണി. സെക്രട്ടറിയേറ്റിന് മുന്നിലെ കാര്‍ഷിക വികസന ബാങ്കിന് മുകളിലായി 4 യുവാക്കളും സെക്രട്ടേറിയേറ്റ് വളപ്പിലെ മരത്തിന് മുകളിലായി 2 യുവാക്കളുമാണ് ആത്മഹത്യാ ഭീഷണിയുമായി പ്രതിഷേധിക്കുന്നത്. റാങ്ക് ലിസ്റ്റില്‍ നിന്നും നിയമനം നല്‍കണം എന്നാവശ്യപ്പെട്ടാണ് ആത്മഹത്യാ ഭീഷണി.

എം സ്വരാജ് എംഎല്‍എ. വി ശിവന്‍കുട്ടി എന്നിവരുടെ സാന്നിധ്യത്തില്‍ മുഖ്യമന്ത്രി നിയമന ഉറപ്പ് നല്‍കണമെന്നാണ് പ്രതിഷേധക്കാര്‍ ആവശ്യപ്പെടുന്നത്. ഡിജിപിയുമായും ഉച്ചയ്ക്ക് ശേഷം മുഖ്യമന്ത്രിയുമായും ചര്‍ച്ച നടത്താമെന്ന് ഇവരെ അറിയിച്ചിട്ടുണ്ട്. എന്നാല്‍ ഇതുവരെ ഇവര്‍ താഴെയിറങ്ങാന്‍ കൂട്ടാക്കിയിട്ടില്ല.

കെട്ടിടത്തിന് മുകളില്‍ ആത്മഹത്യാ ഭീഷണിയുമായി യുവാക്കള്‍

കെട്ടിടത്തിന് മുകളില്‍ ആത്മഹത്യാ ഭീഷണിയുമായി യുവാക്കള്‍

പിഎസ്‌സിയുടെ തണ്ടര്‍ബോള്‍ട്ട് കമന്‍ഡോ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട ഈ ആറുപേര്‍ക്കും ഇതുവരെ നിയമനം ലഭിച്ചിട്ടില്ല. എത്രയും വേഗം നിയമനം നടത്തണമെന്ന ആവശ്യവുമായി ഇവര്‍ കഴിഞ്ഞ ആറുദിവസമായി സെക്രട്ടേറിയേറ്റിന് മുന്നില്‍ നിരാഹാരസമരം നടത്തിവരികയാണ്. എന്നാല്‍ സര്‍ക്കാര്‍ തങ്ങളുടെ ആവശ്യം പരിഗണിക്കാത്തതില്‍ പ്രതിഷേധിച്ച് ഇന്ന് ആത്മഹത്യാ ഭീഷണിയുമായി രംഗത്തെത്തുകയായിരുന്നു.

സംഭവത്തെ തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്ന മരത്തിന് മുകളില്‍ ആത്മഹത്യാ ഭീഷണി മുഴക്കിയ ഒരാളെ താഴെ ഇറക്കിയിട്ടുണ്ട്.

6 മാസം മുമ്പും സമാനമായ സമരം ഉദ്യോഗാര്‍ത്ഥികള്‍ സെക്രട്ടേറിയേറ്റിന് മുന്നില്‍ നടത്തിയിരുന്നു. സമരം തീര്‍ക്കാന്‍ അന്ന് അധികൃതര്‍ നല്‍കിയ ഉറപ്പ് പാലിച്ചില്ലെന്നും ഉദ്യോഗാര്‍ത്ഥികള്‍ പറയുന്നു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top